കാന്‍ഡി : ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ചിരവൈരികളായ പാകിസ്ഥാനാണ് എതിരാളി. ബാബർ അസം നയിക്കുന്ന പാകിസ്ഥാനെതിരെ രോഹിത് ശര്‍മയ്‌ക്ക് കീഴിലാണ് ഇന്ത്യ കളിക്കുന്നത്. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ഇരു ടീമുകളും ആദ്യമായി നേര്‍ക്കുനേര്‍ എത്തുന്ന മത്സരമാണിത്.
മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യ- പാകിസ്ഥാന്‍ ഫൈനല്‍ ഉണ്ടാവുമോയെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma on India vs Pakistan final in Asia Cup 2023). ചിലപ്പോള്‍ ഈ ടൂര്‍ണമെന്‍റില്‍ അത് പ്രതീക്ഷിക്കാമെന്നാണ് ഇന്ത്യന്‍ നായകന്‍ പറഞ്ഞത്.
പല്ലേക്കലെ അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടാനിരിക്കുന്നത്. പാകിസ്ഥാനെതിരായ മത്സരം നല്ല വെല്ലുവിളിയാകുമെന്നും രോഹിത് ശര്‍മ കൂട്ടിച്ചേര്‍ത്തു (Rohit Sharma on IND vs PAK match).
"ടി20യിലും ഏകദിനത്തിലും പാകിസ്ഥാൻ സമീപകാലത്ത് നന്നായി കളിച്ചു. ഏകദിനത്തില്‍ ലോക ഒന്നാം നമ്പര്‍ ടീമാവുന്നതിനായി അവർ കഠിനമായി പരിശ്രമിച്ചിട്ടുണ്ട്. പല്ലേക്കലെയിലെ മത്സരം ഞങ്ങൾക്ക് ഒരു നല്ല വെല്ലുവിളിയാകും" രോഹിത് ശര്‍മ (Rohit Sharma) വ്യക്തമാക്കി.
ഏഷ്യ കപ്പിന് തൊട്ടുമുമ്പ് പുറത്തുവിട്ട ഐസിസി റാങ്കിങ്ങിലാണ് പാകിസ്ഥാന്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. ഓസ്‌ട്രേലിയയെ പിന്തള്ളിയാണ് ബാബര്‍ അസമും സംഘവും മുന്നേറ്റം നടത്തിയത്. നിലവിലെ റാങ്കിങ്ങില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.
അതേസമയം ക്രിക്കറ്റ് ലോകം ആവേശത്തിലാണെങ്കിലും മത്സരം നടക്കുന്ന കാര്യം ആശങ്കയിലാണ്. പല്ലേക്കലെ ഉള്‍പ്പെടുന്ന പ്രദേശത്ത് മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. പകല്‍ 67 ശതമാനവും വൈകിട്ട് 84 ശതമാനവും മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് അവസാനമായി പുറത്തുവന്ന റിപ്പോര്‍ട്ട്.
ഇന്ത്യൻ സ്‌ക്വാഡ് (Asia Cup 2023 India Squad): രോഹിത് ശർമ (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, കെഎൽ രാഹുൽ, തിലക് വർമ, ശാർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, വിരാട് കോലി, ഇഷാൻ കിഷൻ, ശുഭ്‌മാൻ ഗിൽ, ശ്രേയസ് അയ്യർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ, സഞ്ജു സാംസണ്‍ (ബാക്കപ്പ്).
പാകിസ്ഥാന്‍ സ്‌ക്വാഡ് (Asia Cup 2023 Pakistan Squad): ബാബർ അസം (ക്യാപ്റ്റൻ), ഷദാബ് ഖാൻ (വൈസ് ക്യാപ്റ്റൻ), ഫഖർ സമാൻ, ഇഫ്‌തിഖർ അഹമ്മദ്, ഇമാം ഉൾ ഹഖ്, സൽമാൻ അലി ആഗ, അബ്‌ദുല്ല ഷഫീഖ്, തയ്യബ് താഹിർ, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, ഉസാമ മിർ, ഫഹീം അഷ്‌റഫ്, ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂനിയർ, നസീം ഷാ, ഷഹീൻ ഷാ അഫ്രീദി.