Rohit Sharma On India squad : 'ഷമിയും ഹാർദിക്കും ശാർദുലും വീട്ടില്‍ പോയി' ; മൂന്നാം ഏകദിനത്തിനുള്ള ടീമില്‍ ആള്‍ കുറവെന്ന് രോഹിത് ശര്‍മ - ഇന്ത്യ vs ഓസ്‌ട്രേലിയ
India 3rd ODI squad for Australia : ഓസ്‌ട്രേലിയയ്‌ക്ക് എതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ 13 പേര്‍ മാത്രമാണുള്ളതെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ
Published : Sep 26, 2023, 8:09 PM IST
രാജ്കോട്ട് : ഓസ്‌ട്രേലിയയ്‌ക്ക് (India vs Australia) എതിരായ മൂന്നാം ഏകദിനത്തിന് മുന്നോടിയായി കൂടുതല്‍ കളിക്കാര്‍ക്ക് വിശ്രമം അനുവദിച്ചതോടെ സ്‌ക്വാഡിലുള്ളത് 13 പേര്‍ മാത്രമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma On India squad for Australia 3rd ODI). ഇന്‍ഡോറില്‍ നടന്ന രണ്ടാം ഏകദിനത്തിന് ശേഷം ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിനും (Shubman Gill) പേസ് ഓള്‍റൗണ്ടര്‍ ശാര്‍ദുല്‍ താക്കൂറിനും വിശ്രമം അനുവദിച്ചിരുന്നു. പിന്നാലെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, പേസര്‍ മുഹമ്മദ് ഷമി എന്നിവര്‍ക്ക് കൂടി വിശ്രമം അനുവദിച്ചതോടെയാണ് സ്‌ക്വാഡ് 13-ലേക്ക് ചുരുങ്ങിയത്.
"അസുഖങ്ങളാലും വ്യക്തിപരമായ കാരണങ്ങളാലും ചില താരങ്ങളെ ഓസ്‌ട്രേലിയയ്‌ക്ക് എതിരായ മൂന്നാം ഏകദിനത്തിനായി ഞങ്ങള്‍ക്ക് ലഭ്യമല്ല. ധാരാളം കളിക്കാർക്ക് വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ട്, അതിനാൽ അവർ വീടുകളിലേക്ക് തിരിച്ചുപോയി. ചിലര്‍ക്ക് വിശ്രമം അനുവദിക്കുകയും ചെയ്‌തു. നിലവില്‍ 13 പേരാണ് സ്‌ക്വാഡിന്‍റെ ഭാഗമായുള്ളത്" - മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ രോഹിത് പറഞ്ഞു.
"ഗില്ലിന് വിശ്രമം അനുവദിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ ഷമിയും ഹാർദിക്കും ശാർദുലും വീടുകളിലേക്ക് മടങ്ങി. പരിക്കുള്ളതിനാല്‍ അക്‌സര്‍ പട്ടേലിനെ ഈ മത്സരത്തിന് ലഭ്യമല്ല. ലോകകപ്പ് സമയത്ത് എല്ലാവരും ഫ്രഷ് ആയിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനാല്‍ കളിക്കാര്‍ വീട്ടിലേക്ക് മടങ്ങിയതില്‍ യാതൊരു കുഴപ്പവുമില്ല. അവർക്ക് കൂടുതല്‍ ഫ്രഷായി മടങ്ങിവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു" - രോഹിത് ശര്‍മ കൂട്ടിച്ചേര്‍ത്തു.
അതേസമയം മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരങ്ങള്‍ ഇന്ത്യ വിജയിച്ചിരുന്നു. മൊഹാലിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. തുടര്‍ന്ന് ഇന്‍ഡോറില്‍ നടന്ന രണ്ടാം മത്സരത്തില്‍ 99 റണ്‍സിനും ആതിഥേയര്‍ കളി പിടിച്ചു. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെഎല്‍ രാഹുലായിരുന്നു ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യയെ നയിച്ചിരുന്നത്. ഇതോടെ നാളെ രാജ്‌കോട്ടില്‍ നടക്കുന്ന മത്സരം കൂടി പിടിച്ചാല്‍ പരമ്പരയില്‍ ഓസീസിനെ വൈറ്റ്‌വാഷ് ചെയ്യാന്‍ ആതിഥേയര്‍ക്ക് കഴിയും.
നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ പരമ്പരയില്‍ തോല്‍വി വഴങ്ങിയായിരുന്നു ഓസ്‌ട്രേലിയ ഇന്ത്യയിലെത്തിയത്. പ്രോട്ടീസിനെതിരായ അഞ്ച് മത്സര പരമ്പര 2-3നായിരുന്നു ഓസീസ് കൈവിട്ടത്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഓസീസ് പരമ്പരയില്‍ മുന്നിലായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള മൂന്ന് കളികളും പിടിച്ചായിരുന്നു പ്രോട്ടീസിന്‍റെ ഗംഭീര തിരിച്ചുവരവ്.
ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് : India 3rd ODI squad for Australia : രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, കെഎൽ രാഹുൽ, ഇഷാൻ കിഷൻ, രവീന്ദ്ര ജഡേജ, വാഷിങ്‌ടൺ സുന്ദർ, കുൽദീപ് യാദവ്, ആർ അശ്വിൻ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍.