ഇന്‍ഡോര്‍: സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് നിര്‍ണായക പ്രതികരണവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കാനിരിക്കുന്ന നാല് ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ ബുംറ കളിച്ചേക്കുമെന്ന പ്രതീക്ഷയാണ് രോഹിത് പങ്കുവച്ചിരിക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിലെ വിജയത്തിന് ശേഷമാണ് രോഹിത് ഇക്കാര്യം പറഞ്ഞത്.
ആവശ്യമെങ്കില്‍ 29കാരന് കൂടുതല്‍ സമയം അനുവദിക്കുമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി. ''ബുംറയുടെ കാര്യം ഇപ്പോള്‍ ഒട്ടും ഉറപ്പിച്ച് പറയാനാവില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകളില്‍ എന്തായാലും അവന്‍ ഉണ്ടാകില്ല.
അവസാന രണ്ട് ടെസ്റ്റുകളില്‍ അവന് കളിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. മുതുകിനേല്‍ക്കുന്ന പരിക്കിക്ക് എപ്പോഴും ഗുരുതരമാണെന്നതിനാല്‍ ഒരു സാഹസത്തിന് മുതിരാന്‍ ഞങ്ങള്‍ തയ്യാറല്ല. ഇതിന് ശേഷവും ഇനിയുമേറെ പ്രധാന മത്സരങ്ങള്‍ തുടര്‍ന്നും വരാനുണ്ട്'' രോഹിത് പറഞ്ഞു.
ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ഡോക്‌ടര്‍മാരുമായും ഫിസിയോമാരുമായി നിരന്തരം ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയുന്നുണ്ടെന്നും തിരിച്ചുവരവിന് താരത്തിന് ആവശ്യമായ സമയം അനുവദിക്കുമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് മുതുകിനേറ്റ പരിക്കിനെ തുടര്‍ന്ന് ബുംറ ടീമില്‍ നിന്നും പുറത്താവുന്നത്.
ഇതേത്തുടര്‍ന്ന് ഏഷ്യ കപ്പും ടി20 ലോകകപ്പും ബുംറയ്‌ക്ക് നഷ്‌ടമായിരുന്നു. തുടര്‍ന്ന് ഈ വര്‍ഷമാദ്യം ശ്രീലങ്കയ്‌ക്ക് എതിരെ നടന്ന ഏകദിന പരമ്പരയ്‌ക്കുള്ള ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഒഴിവാക്കിയിരുന്നു. ഫിറ്റ്‌നസുമായി ബന്ധപ്പെട്ട ആശങ്കയെ തുടര്‍ന്നായിരുന്നു താരത്തെ ഒഴിവാക്കിയത്.
ആദ്യം പ്രഖ്യാപിച്ച സ്‌ക്വാഡിലില്ലാതിരുന്ന ബുംറയെ പിന്നീടാണ് ബിസിസിഐ ഉള്‍പ്പെടുത്തിയിരുന്നത്. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള താരം നെറ്റ്സില്‍ പന്തെറിഞ്ഞുതുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് ഇന്ത്യ ഓസീസിനെതിരെ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി പരമ്പര നടക്കുക. മുഴുവന്‍ പരമ്പരയ്‌ക്കുള്ള സ്‌ക്വാഡിനെ ഓസ്‌ട്രേലിയ പ്രഖ്യാപിച്ചപ്പോള്‍ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമാണ് ബിസിസിഐ പ്രഖ്യാപിച്ചത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്ക് ഏറെ നിര്‍ണായകമായ പരമ്പരയാണിത്. ഫെബ്രുവരി ഒമ്പത് മുതല്‍ 13 വരെ നാഗ്പൂരിലാണ് ആദ്യ ടെസ്റ്റ് നടക്കുക. തുടര്‍ന്ന് ഡൽഹി (ഫെബ്രുവരി 17-21), ധർമശാല (മാര്‍ച്ച് 1-5), അഹമ്മദാബാദ് (മാര്‍ച്ച് 9-13) എന്നിവിടങ്ങളിലും പരമ്പരയിലെ മറ്റ് മത്സരങ്ങള്‍ നടക്കും.
അതേസമയം ന്യൂസിലന്‍ഡിനെതിരെ ഇന്‍ഡോറിലും വിജയം ആവര്‍ത്തിച്ച ഇന്ത്യ മൂന്ന് മത്സര പരമ്പര തൂത്തുവാരിയിരുന്നു. 90 റണ്‍സിനാണ് ഇന്ത്യ ജയം പിടിച്ചത്. ടോസ് നഷ്‌ടപ്പെട്ട്ആദ്യം ബാറ്റ് ചെയ്‌ത ആതിഥേയര്‍ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്‌ടത്തില്‍ 385 റണ്‍സ് നേടി.
സെഞ്ചുറി നേടിയ രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലുമാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ നെടുന്തൂണ്‍. അര്‍ധ സെഞ്ചുറിയുമായി ഹാര്‍ദിക് പാണ്ഡ്യയും തിളങ്ങി. മറുപടിക്കിറങ്ങിയ ന്യൂസിലന്‍ഡ് 41.2 ഓവറില്‍ 295 റണ്‍സിന് ഓള്‍ ഔട്ടായി. സെഞ്ചുറി നേടിയ ഡെവോണ്‍ കോണ്‍വെയ്‌ക്ക് മാത്രമാണ് ന്യൂസിലന്‍ഡിനായി പിടിച്ചുനില്‍ക്കാനായത്. പരമ്പര തൂത്തൂവാരിയതോടെ ഐസിസി റാങ്കിങ്ങില്‍ ഒന്നാമതെത്താനും ഇന്ത്യയ്‌ക്ക് കഴിഞ്ഞു.
ALSO READ: IND vs NZ: കോലിയെ പിന്നിട്ടു; ഈ റെക്കോഡില്‍ ഗില്‍ ഇനി ബാബറിനൊപ്പം