കൊളംബോ: ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയെ മുന്നില്‍ നിന്നും നയിക്കുകയായിരുന്നു രോഹിത് ശര്‍മ (Rohit Sharma). ചിരവൈരികള്‍ക്കെതിരെ പതിഞ്ഞ തുടക്കത്തിന് ശേഷം കത്തിക്കയറുകയായിരുന്നു താരം. പുറത്താവും മുമ്പ് 49 പന്തുകളില്‍ ആറ് ബൗണ്ടറികളും നാല് സിക്‌സുകളും സഹിതം 56 റണ്‍സായിരുന്നു രോഹിത് അടിച്ചെടുത്തത്.
രോഹിത്തിന്‍റെ കരിയറിലെ 50-ാം അര്‍ധ സെഞ്ചുറിയാണിത് (Rohit Sharma ODI fifty). ഈ നാഴിക കല്ലിനൊപ്പം മറ്റൊരു തകര്‍പ്പന്‍ റെക്കോഡില്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഒപ്പം പിടിക്കാനും 35-കാരന് കഴിഞ്ഞിട്ടുണ്ട് (Rohit Sharma Equals Sachin Tendulkar's record). ഏകദിന ഫോര്‍മാറ്റില്‍ നടന്ന ഏഷ്യ കപ്പ് ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തില്‍ രോഹിത് നേടുന്ന ഒമ്പതാം അര്‍ധ സെഞ്ചുറിയാണിത്. സച്ചിനും ഏഷ്യ കപ്പില്‍ ഒമ്പത് അര്‍ധ സെഞ്ചുറിയാണ് നേടിയിട്ടുള്ളത്.
മറ്റൊരു ഇന്ത്യന്‍ താരത്തിനും ടൂര്‍ണമെന്‍റില്‍ ഇത്രയും അര്‍ധ സെഞ്ചുറികള്‍ നേടാന്‍ കഴിഞ്ഞിട്ടില്ല. ഒരു അര്‍ധ സെഞ്ചുറി കൂടി നേടിയാല്‍ ഏകദിന ഫോര്‍മാറ്റിലുള്ള ഏഷ്യ കപ്പിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പ്രസ്‌തുത നേട്ടംകൈവരിച്ച ഇന്ത്യന്‍ താരമെന്ന നേട്ടം രോഹിത്തിന് സ്വന്തം പേരില്‍ എഴുതിച്ചേര്‍ക്കാം.
ഏഷ്യ കപ്പിലെ മൊത്തത്തിലുള്ള പട്ടികയില്‍ നിലവില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് സച്ചിനും രോഹിത്തുമുള്ളത്. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയാണ് പട്ടികയില്‍ തലപ്പത്തുള്ളത്. 12 അര്‍ധ സെഞ്ചുറികളാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്. അതേസമയം മടങ്ങും മുമ്പ് ശുഭ്‌മാന്‍ ഗില്ലിനൊപ്പം 16.4 ഓവറില്‍ 121 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ രോഹിത് ശര്‍മയ്‌ക്ക് കഴിഞ്ഞിരുന്നു.
ഇന്ത്യ പ്ലേയിങ് ഇലവന്‍ India Playing XI against Pakistan: രോഹിത് ശർമ (ക്യാപ്റ്റന്‍), ശുഭ്മാൻ ഗിൽ, വിരാട് കോലി, കെഎൽ രാഹുൽ, ഇഷാൻ കിഷൻ (ഡബ്ല്യു), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
പാകിസ്ഥാന്‍ പ്ലേയിങ് ഇലവന്‍ Pakistan Playing XI against India: ഫഖർ സമാൻ, ഇമാം ഉള്‍ ഹഖ്, ബാബർ അസം(ക്യാപ്റ്റന്‍), മുഹമ്മദ് റിസ്‌വാന്‍ (ഡബ്ല്യു), ആഗ സല്‍മാന്‍, ഇഫ്‌ത്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ഫഹീം അഷ്‌റഫ്, ഷഹീൻ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.