മുംബൈ : അഞ്ച് പ്രാവശ്യം ഐപിഎല്‍ കിരീടം ഉയര്‍ത്തിയ മുംബൈ ഇന്ത്യന്‍സ് ഈ സീസണ്‍ തിരിച്ചടികളോടെയാണ് ആരംഭിച്ചിരിക്കുന്നത്. ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് തോറ്റ അവര്‍ രണ്ടാം മത്സരം ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടാണ് അടിയറവ് പറഞ്ഞത്. മത്സരത്തില്‍ മുംബൈ ഉയര്‍ത്തിയ 158 റണ്‍സ് വിജയ ലക്ഷ്യം 11 പന്തും 7 വിക്കറ്റും ശേഷിക്കെ ചെന്നൈ മറികടക്കുകയായിരുന്നു.
വാങ്കഡെയില്‍ ചെന്നൈക്കെതിരെ ടോസ് നഷ്‌ടപ്പെട്ട മുംബൈ ഇന്ത്യന്‍സാണ് ആദ്യം ബാറ്റ് ചെയ്‌തത്. പവര്‍പ്ലേയില്‍ ആതിഥേയര്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 61 റണ്‍സ് നേടി. നായകന്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് മികച്ച തുടക്കമായിരുന്നു മുംബൈക്ക് സമ്മാനിച്ചത്.
13 പന്ത് നേരിട്ട രോഹിത് ശര്‍മ 21 റണ്‍സാണ് മത്സരത്തില്‍ നേടിയത്. മൂന്ന് ഫോറും ഒരു സിക്‌സറും പായിച്ച രോഹിത് നാലാം ഓവറിലാണ് വിക്കറ്റായത്. ചെന്നൈയുടെ തുഷാര്‍ ദേശ്‌പാണ്ഡെ ആയിരുന്നു മുംബൈ നായകന്‍റെ വിക്കറ്റ് സ്വന്തമാക്കിയത്.
മത്സരത്തില്‍ 161.54 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ രോഹിത് ശര്‍മ ഒരു റെക്കോഡ് നേട്ടം സ്വന്തമാക്കിയാണ് പുറത്തായത്. ഇന്നലത്തെ 21 റണ്‍സ് പ്രകടനത്തോടെ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ടി20 ക്രിക്കറ്റില്‍ 5,000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെക്കോഡാണ് ഹിറ്റ്‌മാന്‍ സ്വന്തമാക്കിയത്. വിരാട് കോലി, സുരേഷ് റെയ്‌ന എന്നിവര്‍ക്ക് ശേഷം ഒരു ഐപിഎല്‍ ഫ്രാഞ്ചൈസിക്കായി ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ താരമായും രോഹിത് മാറി.
ഐപിഎല്‍, ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നായാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. 2011ല്‍ മുംബൈ ഇന്ത്യന്‍സിലെത്തിയ രോഹിത് ഇതുവരെ ടീമിനായി 193 ടി20 മത്സരങ്ങളാണ് കളിച്ചത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും രോഹിത് തന്നെ.
മുംബൈക്കായി ഐപിഎല്ലില്‍ 184 മത്സരം കളിച്ചിട്ടുള്ള രോഹിത് ഇതുവരെ 4731 റണ്‍സാണ് നേടിയിട്ടുള്ളത്. 189 മത്സരങ്ങളില്‍ നിന്ന് 3412 റണ്‍സ് നേടിയ കീറോണ്‍ പൊള്ളാര്‍ഡാണ് ഈ പട്ടികയില്‍ രണ്ടാമന്‍. ഐപിഎല്‍ കരിയറില്‍ 229 മത്സരങ്ങളില്‍ നിന്ന് 5901 റണ്‍സാണ് രോഹിത്തിന്‍റെ സമ്പാദ്യം.
എന്നാല്‍, രോഹിത് ഈ നാഴികക്കല്ല് പിന്നിട്ടെങ്കിലും ചെന്നൈക്കെതിരായ മത്സരത്തില്‍ മുംബൈക്ക് സന്തോഷിക്കാന്‍ മറ്റ് കാര്യങ്ങളൊന്നുമുണ്ടായില്ല. മത്സരത്തില്‍ ആറോവറില്‍ 61-1 എന്ന നിലയിലായിരുന്ന മുംബൈ ഇഷാന്‍ കിഷന്‍ പുറത്തായതിന് പിന്നാലെ ഒരുഘട്ടത്തില്‍ 76-5 എന്ന നിലയിലേക്ക് വീണിരുന്നു. ടിം ഡേവിഡും ഹൃത്വിക് ഷൊകീനും നടത്തിയ ചെറുത്ത് നില്‍പ്പായിരുന്നു മുംബൈ സ്‌കോര്‍ 150 കടത്തിയത്.
മറുപടി ബാറ്റിങ്ങില്‍ അജിങ്ക്യ രഹാനെ അഴിഞ്ഞാടിയപ്പോള്‍ പൊരുതാന്‍ പൊലും മുംബൈ ബോളര്‍മാര്‍ക്ക് സാധിച്ചില്ല. 27 പന്തില്‍ രഹാനെ 61 റണ്‍സ് നേടിയ മത്സരത്തില്‍ റിതുരാജ് ഗെയ്‌ക്‌വാദ് 40 റണ്‍സുമായി പുറത്താകാതെ നിന്നു.