ന്യൂഡല്‍ഹി: മുംബൈ ഇന്ത്യൻസിലെ കരിയറിന്‍റെ തുടക്ക കാലം തൊട്ടുള്ള രോഹിത് ശർമ്മയുടെ പിന്തുണ തന്‍റെ ആത്മവിശ്വാസം വളർത്തിയെടുക്കാനും ബൗളറായി പരിണമിക്കാനും സഹായിച്ചതായി ജസ്പ്രീത് ബുംറ. ഒരു യൂട്യൂബ് ഷോയില്‍ ആര്‍ ആശ്വിനോട് സംസാരിക്കവെയാണ് ബുംറ ഇക്കാര്യം പറഞ്ഞത്.
കരിയറിന്‍റെ തുടക്കം മുതല്‍ക്ക് രോഹിത്തിന് തന്നിലുള്ള വിശ്വാസം നിര്‍ണായകമായതായും ബുംറ പറഞ്ഞു. ''ഞാൻ നെറ്റ്സിൽ പന്തെറിയുന്നതും എനിക്കുള്ള കഴിവുകളും അദ്ദേഹം കണ്ടു. അദ്ദേഹം എപ്പോഴും എന്നെ പിന്തുണച്ചു, എന്നിൽ വിശ്വസിക്കാൻ എന്നോട് പറഞ്ഞു. കരിയറിന്‍റെ പ്രാരംഭ ഘട്ടത്തിലും അദ്ദേഹത്തിന് എന്നിൽ വലിയ വിശ്വാസമായിരുന്നു. പ്രധാനപ്പെട്ട ഓവറുകൾ അദ്ദേഹം എനിക്ക് തരുമായിരുന്നു'' ബുംറ പറഞ്ഞു.
മുംബൈ ഇന്ത്യൻസിനായുള്ള ഫീൽഡ് പ്ലെയ്‌സ്‌മെന്‍റുകളിലും ബൗളിങ് പ്ലാനുകളിലും നിയന്ത്രിക്കാന്‍ രോഹിത് തന്നെ അനുവദിക്കുന്ന ഒരു ഘട്ടത്തിലേക്ക് ഈ ബന്ധം പരിണമിച്ചതായും ബുംറ പറഞ്ഞു.
'' അദ്ദേഹം പറയും 'നിങ്ങൾ സ്വന്തമായി ഫീൽഡ് സജ്ജമാക്കുക, എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ എന്നോട് പറയൂ, ഞാൻ അത് ചെയ്യും'. ഞാൻ കാര്യങ്ങൾ പ്രാവർത്തികമാക്കിയതിനാൽ അദ്ദേഹത്തിന് ആ വിശ്വാസം ഉണ്ടായിരുന്നു. ചില ദിവസങ്ങളിൽ, കാര്യങ്ങൾ ശരിയായിരിക്കില്ല, പക്ഷേ എല്ലായ്പ്പോഴും ഞങ്ങളുടെ ടീമിലെ അന്തരീക്ഷം സുഖകരമായിരിക്കാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്'' ബുംറ കൂട്ടിച്ചേര്‍ത്തു.
also read: കാത്തിരുന്ന് പിറന്ന മകൾ മരിച്ചു; സെഞ്ചുറിയുമായി സ്‌മരണാഞ്ജലിയൊരുക്കി അച്ഛന്‍
2013-ൽ ബുംറ തന്റെ ഐപിഎൽ അരങ്ങേറ്റം നടത്തിയെങ്കിലും 2016-ൽ ഇന്ത്യന്‍ ടീമിലലെ അരങ്ങേറ്റത്തിന് ശേഷമാണ് മുംബൈയുടെ സ്ഥിരം പ്ലാനുകളുടെ ഭാഗമായി തീര്‍ന്നത്. ഐപിഎല്ലില്‍ ഇതേവരെ 106 മത്സരങ്ങളിൽ നിന്ന് 23.03 ശരാശരിയിൽ 130 വിക്കറ്റുകള്‍ താരം വീഴ്‌ത്തിയിട്ടുണ്ട്.