മുംബൈ: ഇന്ത്യയുടെ ടി20 ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണ് (Sanju Samson ) തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കേണ്ടതുണ്ടെന്ന് മുന്‍ താരം റോബിന്‍ ഉത്തപ്പ (Robin Uthappa). ഫിനിഷറുടെ റോളിലാണ് സഞ്‌ജുവിനെ കാണുന്നതെങ്കില്‍ ആ സ്ഥാനത്ത് തന്നെയാണ് സഞ്‌ജുവിനെ കളിപ്പിക്കേണ്ടത്. എന്നാല്‍ മാത്രമേ താരത്തിന് ആ സ്ഥാനത്തിന്‍റെ പ്രധാന്യം മനസിലാക്കി കളിക്കാന്‍ കഴിയൂവെന്നും റോബിന്‍ ഉത്തപ്പ അഭിപ്രായപ്പെട്ടു.
"ഇന്ത്യയുടെ ടി20 ടീമില്‍ സഞ്‌ജു സാംസണെ ആറാം നമ്പറില്‍ കളിപ്പിക്കാനാണ് മാനേജ്‌മെന്‍റിന്‍റെ തീരുമാനമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ അവന് ആ നമ്പറില്‍ തുടര്‍ച്ചയായ അവസരങ്ങള്‍ ലഭിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.
ലോകകപ്പിലേക്ക് പോകുമ്പോഴും സഞ്‌ജുവിനെ ഫിനിഷര്‍ എന്ന നിലയിലാണ് കളിപ്പിക്കുന്നതെങ്കില്‍, ആ സ്ഥാനത്തിന്‍റെ പ്രധാന്യം അവന്‍ മനസിലാക്കേണ്ടതുണ്ട്. ആറാം നമ്പറില്‍ തുടര്‍ച്ചയായി കളിക്കുമ്പോള്‍ തന്നെയാണ്, ആ സ്ഥാനത്തെക്കുറിച്ച് സഞ്‌ജുവിന് നന്നായി മനസിലാക്കാൻ കഴിയുക" റോബിന്‍ ഉത്തപ്പ പറഞ്ഞു.
സമീപ കാലത്തായി ഇന്ത്യൻ ക്രിക്കറ്റിലെ വലിയ പ്രതീക്ഷകളിൽ ഒരാളാണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസൺ. എന്നാൽ താരത്തിന്‍റെ കഴിവിനൊത്ത അവസരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ലഭിക്കുന്നില്ലെന്നതാണ് വസ്തുതയാണ്. ഇക്കാര്യത്തില്‍ നിരവധി ആരാധകരും വിദഗ്ധരും ഉള്‍പ്പെടെയുള്ളവര്‍ പലപ്പോഴും സെലക്‌ടര്‍മാര്‍ക്കെതിരെ തിരിഞ്ഞിട്ടുണ്ട്.
ഇതിന്‍റെയൊക്കെ ഭാഗമായി വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി20 പരമ്പരകളില്‍ സഞ്‌ജുവിനെ ഉള്‍പ്പെടുത്തിയിരുന്നു. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പുറത്തിരിക്കേണ്ടിവന്ന സഞ്‌ജുവിന് രണ്ടാം മത്സരത്തിലാണ് അവസരം ലഭിച്ചത്. എന്നാല്‍ ടീമിന് കാര്യമായ സംഭാവന നല്‍കുന്നതില്‍ മലയാളി താരം പരാജയപ്പെട്ടു.
പക്ഷെ മൂന്നാം ഏകദിനത്തില്‍ മിന്നുന്ന അർദ്ധ സെഞ്ചുറിയുമായി തിരികെ വന്ന സഞ്‌ജു ആരാധകരുടെ പ്രതീക്ഷ കാത്തു. തുടര്‍ന്ന് ആരംഭിച്ച ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും സഞ്‌ജു പ്ലേയിങ് ഇലവനില്‍ ഇടം കണ്ടെത്തിയിരുന്നു. ഇന്ത്യ നാല് റണ്‍സിന് തോല്‍വി വഴങ്ങിയ മത്സരത്തില്‍ സഞ്‌ജുവിന്‍റെ നിര്‍ഭാഗ്യകരമായ റണ്ണൗട്ട് ടീമിന് ഏറെ തിരിച്ചടിയായിരുന്നു.
ആറാം നമ്പറിലെത്തി താരത്തിന് 12 റണ്‍സുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. നിലവില്‍ രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചുകൊണ്ട് ടി20 ടീമിനെ ഉടച്ച് വാര്‍ക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ. 2024-ല്‍ വീണ്ടും ടി20 ലോകകപ്പ് നടക്കാനിരിക്കെ കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കി മികച്ച ഒരു ടീമിനെ കണ്ടെത്താനാണ് സെലക്‌ടര്‍മാരുടെ ശ്രമം.
വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലും തുടര്‍ന്ന് അയര്‍ലന്‍ഡിനെതിരായ പര്യടനത്തിലും ഉള്‍പ്പെട്ടതിനാല്‍ സെലക്‌ടര്‍മാരുടെ പദ്ധതികളില്‍ സഞ്‌ജു ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ആരാധകരുടെ പ്രതീക്ഷ. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇനി നാല് ടി20 മത്സരങ്ങള്‍ കൂടെ ഇന്ത്യ കളിക്കുന്നുണ്ട്. തുടര്‍ന്ന് നടക്കുന്ന അയര്‍ലന്‍ഡ് പര്യടനത്തില്‍ മൂന്ന് ടി20 മത്സരങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.