ചെന്നൈ: ഐപിഎൽ താരലേലം മാനസികമായി ഒട്ടും സന്തോഷം നൽകുന്ന കാര്യമല്ലെന്നും കാലിച്ചന്തയിലെ കാളകളെപ്പോലെയാണ് താരങ്ങളെ കാണുന്നതെന്നും മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ഇത്തവണത്തെ താര ലേലത്തിൽ അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്‌ക്ക് ചെന്നൈ സൂപ്പർ കിങ്സ് താരത്തെ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തപ്പയുടെ പരാമർശം.
പണ്ട് എഴുതിയ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നതുപോലെയാണ് പലപ്പോഴും ലേലത്തിനായി താരങ്ങൾ കാത്തിരിക്കുന്നത്. നമുക്ക് സ്വയം ഒരു കന്നുകാലിയെപ്പോലെയാണ് ആ അവസരത്തിൽ തോന്നുക. അത് താരങ്ങളുടെ മാനസികാരോഗ്യത്തിന് നല്ലതല്ല. അതിനാൽ ലേലത്തിന്‍റെ രീതി പരിഷ്‌കരികരിച്ച് ഡ്രാഫ്‌റ്റ് സംവിധാനത്തിലേക്ക് മാറ്റണമെന്നും റോബിൻ ഉത്തപ്പ പറഞ്ഞു.
വർഷങ്ങളായി രാജ്യന്തര തലത്തിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങൾ ലേലത്തിൽ ആരും വാങ്ങാതെ പോകുന്നു. എന്തുകൊണ്ടാണ് അവർ വിൽക്കപ്പെടാതെ പോകുന്നതെന്ന് ആർക്കും മനസിലാകില്ല. അത് അവർക്ക് ഒരിക്കലും സന്തോഷം നൽകില്ല. അവർക്കൊപ്പമാണ് എന്‍റെ മനസ്. ഉത്തപ്പ കൂട്ടിച്ചേർത്തു.
ALSO READ: സാഹയോട് വിവരങ്ങള്‍ ആരായും ; മാധ്യമ പ്രവര്‍ത്തകന്‍റെ ഭീഷണിയില്‍ ബിസിസിഐ ഇടപെടല്‍
2021 മുതലാണ് ഉത്തപ്പ ചെന്നൈ സൂപ്പർ കിങ്സിന്‍റെ ഭാഗമാകുന്നുത്. ഫൈനലിൽ ഉൾപ്പെടെ മികച്ച പ്രകടനങ്ങൾ നടത്തി ടീമിനെ വിജയത്തിലേക്ക് എത്തിക്കുന്നതിൽ താരം നിർണായക പങ്ക് വഹിച്ചിരുന്നു. അതേസമയം ഇത്തവണത്തെ ലേലത്തിൽ 590 കളിക്കാരിൽ നിന്ന് 204 താരങ്ങളെയാണ് വിവിധ ടീമുകൾ സ്വന്തമാക്കിയത്.