ന്യൂഡല്‍ഹി: കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റര്‍ റിഷഭ് പന്തിന് ആറ് മാസം വരെ വിശ്രമം വേണ്ടിവന്നേക്കും. താരത്തിന്‍റെ വലത് കാൽമുട്ടിലെ ലിഗമെന്‍റിനേറ്റ പരിക്ക് ഭേദമാകാന്‍ മൂന്ന് മുതല്‍ ആറ് വരെ മാസങ്ങളെടുക്കുമെന്ന് റിഷികേഷ് എയിംസിലെ സ്‌പോര്‍ട്‌സ് ഇഞ്ച്വറി വിഭാഗം ഡോക്‌ടര്‍ ഖാസിം അസം ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ഇതോടെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും തുടര്‍ന്ന് നടക്കുന്ന ഐപിഎല്ലിലും 25കാരനായ പന്തിന് കളിക്കാന്‍ കഴിയില്ല.
ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലുറപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് ഏറെ വിലപ്പെട്ട പരമ്പരയാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെ ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്നത്. ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തുന്ന പന്തിന്‍റെ അഭാവം ടീമിനെ ബാധിക്കുമെന്ന് വിലയിരുത്തലുണ്ട്. മറുവശത്ത് പന്തിന് പകരക്കാരനായി വരും സീസണിനായി ഇടക്കാല ക്യാപ്റ്റനെ ഡല്‍ഹിക്ക് തെരഞ്ഞെടുക്കേണ്ടി വരും.
ഓസ്‌ട്രേലിയയുടെ വെറ്ററന്‍ ബാറ്റര്‍ ഡേവിഡ് വാർണർക്ക് ചുമതല നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്ലിന് മുന്നോടിയായി മാത്രമാവും ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാവുക. അതേസമയം പന്തിന്‍റെ തലച്ചോറിനും നട്ടെല്ലിനും പരിക്കില്ലെന്ന് വ്യക്തമാക്കുന്ന എംആര്‍ഐ ഫലം നേരത്തെ പുറത്ത് വന്നിരുന്നു. അപകടത്തെ തുടര്‍ന്നുള്ള മുഖത്തെയടക്കം മുറിവുകള്‍ക്ക് ഇന്നലെ തന്നെ പ്ലാസ്റ്റിക് സർജറി നടത്തിയിരുന്നു.
പന്തിന്‍റെ നെറ്റിയില്‍ രണ്ട് മുറിവുകളുണ്ടെന്നാണ് കഴിഞ്ഞ ദിവസം ബിസിസിഐ അറിയിച്ചത്. കൂടാതെ വലത് കാൽമുട്ടിലെ ലിഗമെന്‍റിനും വലത് കൈത്തണ്ട, കണങ്കാൽ, കാൽവിരല്‍ എന്നിവയ്ക്കും പരിക്കേറ്റതായും ബിസിസിഐ വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ് റിഷഭ് പന്ത് അപകടത്തില്‍ പെട്ടത്.
ഉത്തരാഖണ്ഡിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ പന്ത് സഞ്ചരിച്ചിരുന്ന മേർസിഡസ് ജിഎൽസി കൂപ്പ് ഡിവൈഡറിൽ ഇടിച്ചു കയറി തീ പിടിക്കുകയായിരുന്നു. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പന്ത് പൊലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. നിലവില്‍ ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയില്‍ ചികിത്സയിലാണ് പന്ത്.
Also read: "എന്‍റെ കണ്ണുകള്‍ നിറയുകയായിരുന്നു, പിന്നെ എങ്ങനെ ഞാന്‍ അവനെ ആശ്വസിപ്പിക്കും"