കറാച്ചി: ഇംഗ്ലണ്ടിന് എതിരായ എഡ്‌ജ്‌ബാസ്റ്റണ്‍ ടെസ്റ്റിലെ പ്രകടനത്തോടെ ക്രിക്കറ്റ് ലോകത്തിന്‍റെ അഭിനന്ദനം ഏറ്റുവാങ്ങുകയാണ് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. ഒന്നാം ഇന്നിങ്‌സില്‍ ഒരു ഘട്ടത്തില്‍ അഞ്ചിന് 98 എന്ന നിലയിലേക്ക് ഇന്ത്യ പരുങ്ങിയിരുന്നു. തുടര്‍ന്ന് രവീന്ദ്ര ജഡേജയ്‌ക്കൊപ്പം പന്ത് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ മികച്ച നിലയിലേക്ക് എത്തിച്ചത്.
ആറാം വിക്കറ്റില്‍ 222 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. സമ്മര്‍ദ ഘട്ടത്തിലും ഏകദിന ശൈലിയില്‍ ബാറ്റുവീശിയ പന്ത് 111 പന്തില്‍ 146 റണ്‍സാണ് അടിച്ച് കൂട്ടിയത്. 89 പന്തിലാണ് റിഷഭ് പന്ത് സെഞ്ച്വറി തികച്ചത്. തുടര്‍ന്ന് 22 പന്തിലാണ് ബാക്കിയുള്ള 46 റണ്‍സ് താരം അടിച്ചെടുത്തത്.
പന്തിന്‍റെ ഈ പ്രകടനത്തെ അഭിനന്ദിച്ചവരുടെ നിരയിലേക്ക് ചേര്‍ന്നിരിക്കുകയാണ് പാകിസ്ഥാന്‍റെ മുന്‍ നായകന്‍ റാഷിദ് ലത്തീഫ്. പന്ത് വിക്കറ്റ് കീപ്പര്‍മാരിലെ ബ്രയാൻ ലാറയാണെന്നാണ് റാഷിദ് ലത്തീഫ് പറയുന്നത്. തന്‍റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു പാക് മുന്‍ നായകന്‍റെ പ്രതികരണം.
'അവൻ (റിഷഭ് പന്ത്) വിക്കറ്റ് കീപ്പർമാരിലെ ബ്രയാൻ ലാറയാണ്. വാർവിക്ഷെയറിന് വേണ്ടി ബ്രയാൻ ലാറ 501 റൺസ് നേടിയ ബെർമിങ്‌ഹാമിലാണ് ഈ മത്സരം നടക്കുന്നത്. പന്തിന്‍റെ പ്രകടനത്തില്‍ ലാറയുടെ മിന്നലാട്ടങ്ങള്‍ നിങ്ങള്‍ കണ്ടിരിക്കണം.
പന്തിന് കാലുകളുടെ ചലനം പരിമിതമാണ്, പക്ഷേ ബോള്‍ നേരത്തെ പിക്ക് ചെയ്യാന്‍ അവന് കഴിയും. ഫാസ്റ്റ് ബൗളർമാർക്ക് എതിരെ മിഡ് വിക്കറ്റിലൂടെയുള്ള താരത്തിന്‍റെ ഷോട്ടുകള്‍ മികച്ചതായിരുന്നു. നാല് സ്ലിപ്പുകളും ഒരു ഗല്ലിയും ഉപയോഗിച്ച് ഇംഗ്ലണ്ട് സമ്മർദം ചെലുത്താൻ ശ്രമിച്ചു.
അതിനർഥം പുറത്ത് വേണ്ടത്ര ഫീൽഡർമാർ ഇല്ലായെന്ന് കൂടിയാണ്. അവസരം ലഭിച്ചപ്പോഴെല്ലാം അവന്‍ റണ്ണടിച്ച് കൂട്ടി', റാഷിദ് ലത്തീഫ് പറഞ്ഞു. അതേസമയം പന്ത് പുറത്തായതിന് ശേഷവും പിടിച്ച് നിന്ന ജഡേജയും സെഞ്ച്വറി നേടിയാണ് തിരിച്ച് കയറിയത്.
also read: IND VS ENG: 'ജസ്‌പ്രീത് ബുംറയെ അഭിനന്ദിക്കാൻ എന്നോടൊപ്പം ചേരൂ'; ട്വീറ്റുമായി ബ്രയാന്‍ ലാറ