ന്യൂഡല്‍ഹി : ഇന്ത്യയുടെ ടെസ്റ്റ് നായക സ്ഥാനത്തേക്ക് വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ പിന്തുണച്ച് ഇതിഹാസ താരം സുനിൽ ഗവാസ്‌കർ. വിരാട് കോലിക്ക് പകരം ടെസ്റ്റ് ടീമിന്‍റെ നായക സ്ഥാനത്തെത്താന്‍ ഏറ്റവും യോജിച്ചയാള്‍ റിഷഭ് പന്താണെന്ന് ഗവാസ്‌കര്‍ പറഞ്ഞു.
പുതിയ ചുമതല 24കാരനായ പന്തിനെ ഉത്തരവാദിത്വവും മികവുമുള്ള താരമാക്കി മാറ്റും. ചെറിയ പ്രായത്തില്‍ തന്നെ ഇന്ത്യയുടെ നായകനായ മൻസൂർ അലി ഖാൻ പട്ടൗഡിയുടെ ഉദാഹരണം സഹിതമാണ് ഗവാസ്‌കർ തന്‍റെ വാദം സമര്‍ഥിച്ചത്.
ബ്രിജ്ടൗൺ ടെസ്‌റ്റിൽ ഇന്ത്യയെ നയിക്കുമ്പോൾ പട്ടൗഡിക്ക് പ്രായം 21 വയസും 77 ദിവസവുമായിരുന്നു. വിദേശ മണ്ണിൽ ഇന്ത്യയുടെ ആദ്യ ടെസ്‌റ്റ് വിജയമടക്കം നിരവധി റെക്കോഡുകള്‍ പട്ടൗഡിയുടെ പേരിലുണ്ട്.
മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയെ നായകനാക്കിയതും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. നായകനായതിന് ശേഷം രോഹിത് കൂടുതൽ ഉത്തരവാദിത്വമുള്ള താരമായെന്നും ബാറ്റിങ്ങില്‍ കൂടുതൽ മികവ് കാണിച്ചുവെന്നും ഗാവസ്‌കർ കൂട്ടിച്ചേര്‍ത്തു.
also read: കോലിയുടേത് വ്യക്തിപരമായ തീരുമാനം, ബിസിസിഐ മാനിക്കുന്നു : സൗരവ് ഗാംഗുലി
കോലി രാജിവച്ചതോടെ ഉപനായകനായ രോഹിത് ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകനായേക്കും. നിലവിൽ ഇന്ത്യയുടെ ടി20, ഏകദിന ടീമുകളുടെ നായകനാണ് രോഹിത്.
അതേസമയം ടെസ്റ്റ് നായകസ്ഥാനം ഒഴിയാനുള്ള വിരാട് കോലിയുടെ തീരുമാനം വ്യക്തിപരമാണെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി പ്രതികരിച്ചു. തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ കോലി നടത്തിയ രാജി പ്രഖ്യാപനത്തിന് പിന്നാലെയാണ് ഗാംഗുലിയുടെ പ്രതികരണം.