മുംബൈ: ടി20 ലോകകപ്പിനായി താന്‍ പ്ലേയിങ് ഇലവന്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍ റിഷഭ് പന്തിനും ദിനേശ് കാര്‍ത്തികിനും ഒരുമിച്ച് അവസരം നല്‍കുമെന്ന് മുന്‍ താരവും കമന്‍റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ലോകകപ്പ് പോലുള്ള വലിയ ടൂര്‍ണമെന്‍റുകള്‍ ജയിക്കണമെങ്കില്‍ റിസ്‌ക് എടുക്കാന്‍ തയ്യാറാവണമെന്നും ഗവാസ്‌കര്‍ പറഞ്ഞു. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടാണ് സുനില്‍ ഗവാസ്‌കറിന്‍റെ പ്രതികരണം.
"ഞാൻ റിഷഭ് പന്തിനെയും ദിനേശ് കാർത്തികിനെയും കളിപ്പിക്കും. അഞ്ചാം നമ്പറിൽ പന്ത്, ആറാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യ, അല്ലെങ്കില്‍ ഇത് നേരെ തിരിച്ച്. ഏഴാം നമ്പറിലാണ് കാര്‍ത്തികിന് സ്ഥാനം നല്‍കുക.
ഹാര്‍ദിക്കിനൊപ്പം മറ്റ് നാല് ബോളര്‍മാരുടെ ഓപ്‌ഷനാണ് ഞാന്‍ നല്‍കുക. റിസ്‌ക് എടുക്കാന്‍ തയ്യാറല്ലെങ്കില്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് വിജയിക്കാന്‍ കഴിയുക. എല്ലാ ഡിപ്പാർട്ട്‌മെന്‍റുകളിലും റിസ്‌ക് എടുക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ നിങ്ങൾക്ക് പ്രതിഫലം ലഭിക്കൂ," ഗവാസ്‌കർ പറഞ്ഞു.
Also Read: വിരാട് കോലി ഓപ്പണറായാല്‍ രാഹുലിന്‍റെ സ്ഥാനം തെറിക്കുമെന്ന് രോഹൻ ഗവാസ്‌കർ
"ഇന്ത്യയ്‌ക്ക് ടി20 ലോകകപ്പ് നേടാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്. ഇതൊരു സന്തുലിതമായ നല്ല ടീമാണ്. ഏഷ്യ കപ്പിലേത് ഒരു വേക്ക്-അപ് കോളായിരുന്നു. ഈ ടീം ലോകകപ്പുമായി തിരിച്ച് വരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ടീമിനെ നമ്മള്‍ പിന്തുണയ്‌ക്കേണ്ടതുണ്ട്," ഗവാസ്‌കര്‍ വ്യക്തമാക്കി.
ബോളിങ് യൂണിറ്റില്‍ ജസ്പ്രീത് ബുംറ, ഹർഷൽ പട്ടേൽ എന്നിവര്‍ തിരിച്ചെത്തിയത് ഇന്ത്യയ്‌ക്ക് കരുത്താണെന്നും ഗവാസ്‌കർ പറഞ്ഞു. മികച്ച ബോളര്‍മാരില്ലാത്തതാണ് ഏഷ്യ കപ്പില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടിയായതെന്നും ഗവാസ്‌കർ കൂട്ടിച്ചേര്‍ത്തു. ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് നടക്കുക.