മുംബൈ: ഐപിഎല്ലിലെ തിരിച്ചടിക്ക് പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തിന് മുട്ടന്‍ പണി കിട്ടിയതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററില്‍ നിന്നും ഹരിയാന മുന്‍ താരം മൃണാങ്ക് സിങ് എന്നയാള്‍ 1.63 കോടി രൂപ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്. ആഡംബര വാച്ചുകളും വസ്‌തുക്കളും ഇഷ്‌ടമുള്ള പന്തിന് ഇവ "ന്യായമായ നിരക്കിൽ" വാങ്ങി നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌താണ് ഇയാള്‍ പണം തട്ടിയത്.
പണം നഷ്‌ടപ്പെട്ടതായി പന്ത് പരാതി നല്‍കിയിട്ടുണ്ട്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്‌ട് പ്രകാരമാണ് കേസ് നല്‍കിയിരിക്കുന്നതെന്ന് പന്തിന്‍റെ അഭിഭാഷക ഏകലവ്യ ദ്വിവേദി പറഞ്ഞു. സംഭവത്തെക്കുറിച്ച് പന്തിന്‍റെ അഭിഭാഷക പറയുന്നതിനങ്ങനെ... മാസങ്ങൾക്ക് മുമ്പാണ് സംഭവം നടന്നത്.
നല്‍കിയ പണത്തിന് വസ്‌തുക്കള്‍ ലഭിക്കാതിരുന്നതോടെ അത് തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് തങ്ങള്‍ ഒരു വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന് 1.63 കോടി രൂപയ്ക്ക് ഒത്തുതീർപ്പിലെത്തുകയും ചെയ്തു. ഇതിന്‍റെ ഭാഗമായി മൃണാങ്ക് സിങ് ഞങ്ങൾക്ക് ഒരു ചെക്ക് നൽകി. ഈ ചെക്ക് മടങ്ങിയതോടെയാണ് പരാതി നല്‍കിയതെന്നും ഏകലവ്യ ദ്വിവേദി വ്യക്തമാക്കി.
അതേസമയം ഒരു വ്യവസായിയെ വഞ്ചിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട മൃണാങ്ക് നിലവില്‍ ആർതർ റോഡ് ജയിലിലാണ്. വ്യവസായയില്‍ നിന്നും ആറ് ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് ഇയാള്‍ ശിക്ഷ അനുഭവിക്കുന്നത്. പന്തും അദ്ദേഹത്തിന്റെ മാനേജർ പുനീത് സോളങ്കിയും നല്‍കിയ കേസില്‍ ഔപചാരികമായ വാദം കേൾക്കുന്നതിനായി പ്രതിയെ ഹാജരാക്കാൻ സാകേത് കോടതി അധികാരികളോട് നിർദേശിച്ചു.