എഡ്‌ജ്‌ബാസ്റ്റണ്‍: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 2000 റൺസ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പർ ബാറ്ററനെന്ന നേട്ടം സ്വന്തമാക്കി റിഷഭ് പന്ത്. എഡ്‌ജ്‌ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സിലാണ് 24 കാരനായ പന്ത് സുപ്രധാന നേട്ടം സ്വന്തമാക്കിയത്. ഈ മത്സരത്തിനിറങ്ങും മുമ്പ് ടെസ്റ്റില്‍ 2000 റണ്‍സെന്ന നാഴികക്കലേക്ക് 80 റണ്‍സ് മാത്രമാണ് പന്തിന് വേണ്ടിയിരുന്നത്.
പേസർ മാറ്റി പോട്ട്‌സ് എറിഞ്ഞ 51ാം ഓവറിൽ മിഡ് വിക്കറ്റിലൂടെ ബൗണ്ടറി നേടിയാണ് പന്ത് സുപ്രധാന നേട്ടം ആഘോഷിച്ചത്. ഇന്നിങ്സില്‍ 111 പന്തില്‍ 19 ഫോറും നാല് സിക്‌സും പറത്തിയ താരം 146 റണ്‍സാണ് അടിച്ച് കൂട്ടിയത്. ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ തകര്‍ച്ച നേരിടുമ്പോഴാണ് പന്തിന്‍റെ പ്രകടനമെന്നതും ശ്രദ്ധേയം.
ഏകദിന ശൈലിയില്‍ ബാറ്റേന്തിയ താരം 89 പന്തിലാണ് സെഞ്ചുറി തികച്ചത്. ഇതോടെ ഇംഗ്ലീഷ് മണ്ണിൽ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന നേട്ടവും താരം സ്വന്തമാക്കി. അതേസമയം ഏഷ്യയ്‌ക്ക് പുറത്ത് ഇന്ത്യന്‍ ബാറ്ററുടെ വേഗതയാര്‍ന്ന മൂന്നാമത്തെ ടെസ്റ്റ് സെഞ്ചുറി പ്രകടനം കൂടിയാണിത്.
also read: IND VS ENG: 'നേരത്തേയും സംഭവിച്ചിട്ടുണ്ട്'; ടോസിനിടെ തന്നെ തിരുത്തി തുടങ്ങി ജസ്‌പ്രീത് ബുംറ
78 പന്തില്‍ സെഞ്ചുറി തികച്ച വിരേന്ദർ സെവാഗ് (വെസ്റ്റ്ഇന്‍ഡീസിനെതിരെ ഗ്രോസ് ഐലറ്റ്-2006), 88 പന്തിൽ സെഞ്ചുറി തികച്ച മുഹമ്മദ് അസറുദ്ദീന്‍ (ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സ്-1990) എന്നിവരാണ് പന്തിന് മുന്നിലുള്ളത്.