ഡെറാഡൂൺ: കാര്‍ അപകടത്തില്‍ പെട്ട ഇന്ത്യന്‍ ക്രിക്കറ്റര്‍ റിഷഭ് പന്തിന്‍റെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ ആശ്വാസകരമായ വാര്‍ത്തകള്‍ പുറത്ത്. റിഷഭ് പന്തിന്‍റെ തലച്ചോറിന്‍റെയും നട്ടെല്ലിന്‍റെയും എംആർഐ സ്‌കാനിങ്ങില്‍ കുഴപ്പങ്ങള്‍ കണ്ടെത്തിയിട്ടില്ല. താരത്തിന്‍റെ മുഖത്തടക്കമുള്ള മുറിവുകള്‍ക്ക് ഇന്നലെ തന്നെ പ്ലാസ്റ്റിക് സർജറി നടത്തിയിരുന്നു.
ഇന്ന് താരത്തിന്‍റെ കണങ്കാലിലും കാൽമുട്ടിലും എംആർഐ സ്‌കാനിങ് ചെയ്യും. വേദനയും വീക്കവും കാരണമാണ് ഇവയുടെ എംആർഐ സ്‌കാൻ ഇന്നത്തേക്ക് മാറ്റിയത്. അതേസമയം വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ് റിഷഭ് പന്ത് അപകടത്തില്‍ പെട്ടത്.
ഉത്തരാഖണ്ഡിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ പന്ത് സഞ്ചരിച്ചിരുന്ന മേർസിഡസ് ജിഎൽസി കൂപ്പ് ഡിവൈഡറിൽ ഇടിച്ചു കയറി തീ പിടിക്കുകയായിരുന്നു. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പന്ത് പൊലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
നിലവില്‍ ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയില്‍ ചികിത്സയിലാണ് 25കാരനായ പന്ത്. പന്തിന്‍റെ നെറ്റിയില്‍ രണ്ട് മുറിവുകളുണ്ടെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ അറിയിച്ചിരുന്നു. താരത്തിന്‍റെ വലത് കാൽമുട്ടിലെ ലിഗമെന്‍റിനും പരിക്കേറ്റിട്ടുണ്ട്.
കൂടാതെ വലത് കൈത്തണ്ട, കണങ്കാൽ, കാൽവിരല്‍ എന്നിവയ്ക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ടെന്നുമാണ് ബിസിസിഐ അറിയിച്ചത്. പുതുവര്‍ഷം അമ്മയ്‌ക്കൊപ്പം ആഘോഷിക്കാനായി വീട്ടിലേക്കുള്ള യാത്രയാണ് അപകടത്തില്‍ അവസാനിച്ചത്.