മലയാളം സിനിമ ഇന്ത്യൻ സിനിമയ്ക്ക് മാത്രമല്ല പലപ്പോഴും ലോക സിനിമയ്ക്കും മാതൃകയായിട്ടുണ്ട് ആദ്യത്തെ ഇന്ത്യൻ ത്രീഡി സിനിമ, ആദ്യത്തെ 70 എം എം ചിത്രം, ആദ്യത്തെ നിയോ റിയലിസ്റ്റിക് ചിത്രം, ആദ്യത്തെ ഫോറിൻ പ്രൊഡക്ഷൻ എന്നിങ്ങനെ മലയാള സിനിമയ്ക്ക് എണ്ണിപ്പറയാൻ നേട്ടങ്ങൾ ഏറെയാണ്. ഒരു സിനിമയിൽ അനിമേഷൻ കഥാപാത്രങ്ങളെ കൂടി ഉൾപ്പെടുത്തി ചിത്രീകരിക്കുന്ന ലൈവ് ആക്ഷൻ സിനിമ ആദ്യമായി സംഭവിച്ചത് തമിഴിൽ ആണെന്നാണ് പലരും കരുതുന്നത്.
കമൽ ഹാസൻ പ്രധാന വേഷത്തിൽ എത്തിയ 'ആളവന്താനാ'ണ് ഇന്ത്യയിലെ ആദ്യ ലൈവ് ആക്ഷൻ ഹൈബ്രിഡ് ചിത്രം എന്ന മലയാളികൾ പോലും വിശ്വസിക്കുന്നു. എന്നാൽ അങ്ങനെയല്ല ഇന്ത്യയിൽ എന്നല്ല ഏഷ്യയിലെ തന്നെ ആദ്യത്തെ ലൈവ് ആക്ഷൻ ഹൈബ്രിഡ് ചിത്രം സംഭവിക്കുന്നത് ഇങ്ങ് കേരളത്തിലാണ്. ശ്രീകുമാർ കൃഷ്ണന് നായരുടെ സംവിധാനത്തിൽ 1993ൽ പുറത്തിറങ്ങിയ 'ഓ ഫാബി'യാണ് ഏഷ്യയിലെ തന്നെ ആദ്യ ലൈവ് ആക്ഷൻ ഹൈബ്രിഡ് ചിത്രം.
ആദ്യ ലൈവ് ആക്ഷൻ ഹൈബ്രിഡ് ചിത്രം
മനുഷ്യ കഥാപാത്രങ്ങളോടൊപ്പം കമ്പ്യൂട്ടർ സഹായത്തോടെ സൃഷ്ടിക്കുന്ന അനിമേഷൻ കഥാപാത്രങ്ങളും തിരശ്ശീല പങ്കിടുന്ന പ്രതിഭാസമാണ് ലൈവ് ആക്ഷൻ അല്ലെങ്കിൽ ഹൈബ്രിഡ് സിനിമകൾ. 1991-92 കാലഘട്ടങ്ങളിൽ ആണ് 'ഓ ഫാബി'യുടെ പ്രീപ്രൊഡക്ഷൻ വർക്കുകൾ ആരംഭിക്കുന്നത്. ചിത്രത്തിലെ അനിമേഷൻ കഥാപാത്രമായ ഫാബിയെ 2D സാങ്കേതികവിദ്യയിലാണ് സൃഷ്ടിച്ചിട്ടുള്ളത്. എന്നാൽ അനിമേഷൻ അടക്കമുള്ള വർക്കുകൾ ചെയ്യുന്നതിന് കമ്പ്യൂട്ടറിന്റെ സഹായം പരിമിതമായാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.
1993- ൽ 'ഓഫാബി' പരീക്ഷണചിത്രമായി തിയേറ്ററുകളിൽ എത്തിയെങ്കിലും 15 ദിവസം മാത്രമാണ് പ്രദർശനമുണ്ടായത്. സിനിമയുടെ ആശയവും സാങ്കേതിക വിദ്യയും ലോക നിലവാരത്തിൽ ആയിരുന്നുവെങ്കിലും ഒരു പരീക്ഷണ ചിത്രത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കാൻ അന്നത്തെ മലയാളി ജനത തയ്യാറായില്ല. കേരളത്തിൽ ചിത്രം പരാജയമായതോടെ അന്യഭാഷ റിലീസുകൾ മുടങ്ങി. വർഷങ്ങൾ കഴിയുന്തോറും 'ഓഫാബി'യെ മലയാള സിനിമ മറന്നു. പക്ഷേ പുതിയ കാലഘട്ടത്തിൽ മാറുന്ന സിനിമാ താൽപര്യങ്ങൾക്ക് അനുസരിച്ച് 'ഓഫാബി'യും ചർച്ചയിൽ ഇടം പിടിച്ചു. പുതിയ കാലത്തിൽ ചിത്രം കൾട് ക്ലാസിക് ആയി.
മലയാള സിനിമയുടെ അഭിമാനമായി 'ഓഫാബി'യെ സിനിമ ആസ്വാദകർ ഉയർത്തിക്കാട്ടി. അന്യഭാഷ നിരൂപകരും യൂട്യൂബിലൂടെ 'ഓഫാബി'യെ കുറിച്ച് സംസാരിക്കാൻ ആരംഭിച്ചു. എന്നാൽ കണ്ണീരിന്റെയും വേദനയുടെയും കഥകളാണ് 'ഓഫാബി' എന്ന സിനിമയുടെ ഓർമ്മകൾക്ക് പിന്നിൽ എന്ന് സംവിധായകൻ ശ്രീകുമാർ കൃഷ്ണന് നായർ പ്രതികരിച്ചു. ഇ ടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വളരെ വൈകാരികമായാണ് സംവിധായകൻ 'ഓഫാബി'യെ കുറിച്ച് സംസാരിച്ചത്.
കാലത്തിനുമുമ്പേ സഞ്ചരിച്ച സിനിമയെ തള്ളിപ്പറഞ്ഞ പ്രേക്ഷകരോട് സംവിധായകന് കൃഷ്ണ് നായര്‍ക്ക് പരിഭവമൊന്നുമില്ല. പക്ഷേ 'ഓഫാബി'യുടെ ചിത്രീകരണ വേളയിൽ നിരവധി തവണ മുംബൈ ബാന്ദ്ര ബീച്ചിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് സംവിധായകന് പറയുന്നു. മലയാളിക്ക് സുപരിചിതനായ ഐഎഎസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ കെ ജയകുമാറിന്റെ ഇളയ സഹോദരനാണ് ശ്രീകുമാർ കൃഷ്ണന് നായർ എന്ന കെ ശ്രീക്കുട്ടൻ.
സിനിമയിലേക്കുള്ള കാല്‍വയ്പ്പ്
പ്രശസ്ത സംവിധായകൻ ഹരിഹരന്റെ സംവിധാന സഹായിയായി നിരവധി സിനിമകളിൽ പ്രവർത്തിച്ച ശേഷമാണ് ശ്രീകുമാർ കൃഷ്ണന് നായർ എന്ന ശ്രീക്കുട്ടൻ 'പാവക്കൂത്ത്' എന്ന ചിത്രം ജയറാമിനെ നായകനാക്കി 1991ൽ സംവിധാനം ചെയ്യുന്നത്. ചിത്രം വേണ്ട വിധത്തിൽ ബോക്സ് ഓഫീസിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇനിയൊരു സിനിമ ചെയ്യുന്നെങ്കിൽ ലോകം മലയാള സിനിമയെ തിരിഞ്ഞു നോക്കുന്ന വിധത്തിലുള്ളതാകണം എന്നൊരു തീരുമാനം കൃഷ്ണന് നായർക്ക് ഉണ്ടായിരുന്നു.
ഓ ഫാബിയുടെ ജനനത്തെക്കുറിച്ചും സിനിമയുടെ ടെക്നോളജിയെക്കുറിച്ചും ആ സിനിമ തനിക്ക് നൽകിയ വേദനകളെ കുറിച്ചും വൈകാരികമായി ശ്രീക്കുട്ടൻ സംസാരിച്ചു തുടങ്ങി.
"മലയാള സിനിമയിൽ സഹസംവിധായകനായി 80 കളിൽ നിറഞ്ഞു നില്ക്കുന്നു. സെല്ലിലോയ്ഡ് അഥവാ ഫിലിം ടെക്നോളജിയാണ് അക്കാലത്ത്. ഞങ്ങൾക്കറിയാത്ത സിനിമ ടെക്നോളജി ഒന്നും തന്നെ ഇല്ല എന്ന് അഹങ്കരിച്ചിരുന്ന കാലം. അങ്ങനെയാണ് 83- ലോ മറ്റോ ഹൂ ഫ്രെയിംഡ് റോജർ റാബിറ്റ് എന്ന ചിത്രം കാണാനിടവരുന്നത്. ഫിലിം ടെക്നോളജിയുടെ എല്ലാ അതിർവരമ്പുകളെയും ഭേദിച്ച ഒരു സിനിമയായിരുന്നു അത്. ഒരു ഫിലിമിൽ എത്രത്തോളം ടെക്നോളജി കൊണ്ടുവരാൻ സാധിക്കുമെന്ന് ഞങ്ങൾക്കൊക്കെ ഒരു ധാരണ ഉണ്ടായിരുന്നു. അതൊക്കെ മറികടക്കുന്ന രീതിയിൽ ആയിരുന്നു ഹു ഫ്രൈയിംഡ് റോജർ റാബിറ്റ് എന്ന ചിത്രം.
ഡിസ്സിനിയുടെയും പിക്സാറിന്റെയും ഒക്കെ അനിമേഷൻ സിനിമകൾ നമുക്ക് സുപരിചിതമായിരുന്നു. പക്ഷേ മനുഷ്യനോടൊപ്പം കാർട്ടൂണും അഭിനയിക്കുന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം അത്ഭുതങ്ങളുടെ താഴ്വരയിലൂടെ സഞ്ചരിക്കുന്നതു പോലെയായിരുന്നു. ഇതുപോലൊരു ചിത്രം മലയാളത്തിലും ചെയ്യണമെന്നൊരു ആഗ്രഹമുണ്ടായിരുന്നു", ശ്രീകുട്ടന് പറഞ്ഞു.
ഓ ഫാബി പിറക്കുന്നത്
"ഇപ്പോഴത്തെ ടെക്നോളജി കണ്ട് പരിചയിച്ചവർക്ക് ഞാന്‍ പറയുന്ന അതിശയോക്തി എത്രത്തോളം മനസ്സിലാകും എന്ന് അറിയില്ല. മനുഷ്യനൊപ്പം കാർട്ടൂൺ.. ചില്ലറ പരിപാടിയല്ലത്. ഇക്കാലത്ത് ഒരു കൊച്ചു കുട്ടിക്ക് പോലും യൂട്യൂബിൽ നോക്കി ഇതിനപ്പുറം ചെയ്തെടുക്കാം. പക്ഷേ നിങ്ങൾ മനസ്സിലാക്കണം ആക്കാലത്ത് കമ്പ്യൂട്ടർ ടെക്നോളജി ഹോളിവുഡ് സിനിമകളിൽ മാത്രമാണുള്ളത്. ഇന്ത്യയിൽ ഭൂരിഭാഗം സിനിമ പ്രവർത്തകരും കമ്പ്യൂട്ടർ കണ്ടിട്ട് പോലും ഇല്ല. ഇന്റര്‍നെറ്റിനെ കുറിച്ച് കേട്ട് കേൾവി പോലുമില്ല. ഡിജിറ്റൽ സിനിമ എന്താണെന്ന് അറിയുകയുമില്ല. എല്ലാം ഫിലിമിലാണ് ചെയ്യേണ്ടത്.
ഫിലിം ഒരു പ്രാവശ്യം എക്സ്പോസ് ചെയ്തു കഴിഞ്ഞാൽ പിന്നെ വീണ്ടും ഷൂട്ട് ചെയ്യാനോ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുവാനോ സാധിക്കില്ല. മനുഷ്യനെയും അനിമേഷൻ കഥാപാത്രത്തെയും ഒരുമിച്ച് ഷൂട്ട് ചെയ്യാൻ സാധിക്കില്ലല്ലോ. അനിമേഷൻ കഥാപാത്രത്തെ സൃഷ്ടിച്ച് ഒരു ഫിലിമിൽ ആക്കിയ ശേഷം മനുഷ്യൻ അഭിനയിക്കുന്ന ഫിലിമിൽ എങ്ങനെ ഉൾപ്പെടുത്തുമെന്ന വലിയൊരു ചോദ്യം ഉണ്ടായിരുന്നു. എക്സ്പോസായ ഒരു ഫിലിമിൽ വീണ്ടും ഒരു ഒബ്ജക്ട് ഇമ്പോസ് ചെയ്യുക എന്നാൽ അസംഭവ്യമാണ്. പിന്നീട് വർഷങ്ങളോളം എന്റെ ഉറക്കം നഷ്ടപ്പെട്ടു. ഹൂ ഫ്രെയിംഡ് റോജർ റാബിറ്റ് പോലൊരു സിനിമ തനിക്കും ചെയ്യണം എന്നായിരുന്നു ഉള്ളില്‍ ഉണ്ടായിരുന്നത്".
" ഒരിക്കൽ മാനാഞ്ചിറ മൈതാനത്ത് ആകാശം നോക്കി കിടക്കുമ്പോൾ ഒപ്പം ഉണ്ടായിരുന്ന പ്രശസ്ത എഴുത്തുകാരനായ രഘുനാഥ് പലേരിയോട് ഒരു ഹൈബ്രിഡ് സിനിമ ചെയ്യണമെന്ന മോഹം തുറന്നുപറഞ്ഞു. രഘു ചേട്ടൻ ഞാൻ പറഞ്ഞത് കേട്ട് പൊട്ടിച്ചിരിച്ചു. അതിനിടയിൽ ആദ്യ സിനിമ സംഭവിക്കുന്നു അത് പരാജയപ്പെടുന്നു. വീണ്ടും സഹ സംവിധായകനായി പോകേണ്ടി വരുമോ എന്നുള്ള ചിന്ത മനസ്സിൽ അലട്ടിക്കൊണ്ടിരിക്കുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുന്നു. അതിനിടയിൽ ഹൈബ്രിഡ് സിനിമ എന്ന മോഹം മനസ്സിൽ എവിടെയോ ഒളിച്ചു" സംവിധായകന് തന്റെ ആദ്യ കാലത്തെ കുറിച്ച് വിവരച്ചു തുടങ്ങി.
സൈമണ്‍ തകരന് എന്ന നിര്‍മാതാവ്
"ഭക്ഷണം കഴിക്കുന്നതിനും നിത്യ ചിലവിനും പണമില്ലാതെ വന്നതോടെ വീണ്ടും സഹ സംവിധായക കുപ്പായം അണിയുന്നു . ഹരിഹരൻ സാർ സംവിധാനം ചെയ്യുന്ന 'സർഗ്ഗം' എന്ന ചിത്രത്തിൽ സഹ സംവിധായകനായി പ്രവർത്തിച്ചു തുടങ്ങി. 'സർഗ്ഗ'ത്തിൽ സഹ സംവിധായകനായി പ്രവർത്തിക്കാൻ തീരുമാനിച്ചത് പ്രകൃതിയുടെ നിയോഗം പോലെയാണ് താൻ കരുതുന്നത്. 'സർഗം' എന്ന ചിത്രം സംഭവിച്ചില്ലായിരുന്നുവെങ്കിൽ 'ഓ ഫാബി' എന്ന സിനിമ എനിക്ക് സംവിധാനം ചെയ്യാൻ സാധിക്കില്ലായിരുന്നു". കെ.ശ്രീക്കുട്ടൻ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
"അക്കാലത്ത് തനിക്ക് ഐ ടി മേഖലയിൽ ജോലിചെയ്യുന്ന സാബു എന്നൊരു സുഹൃത്ത് ഉണ്ടായിരുന്നു. സാബു മികച്ച ഒരു ഐടി വിദഗ്ധനാണ്. ആ സമയത്ത് സാബു നിർമ്മിച്ച ഒരു റോബോട്ടിനെ കുറിച്ചുള്ള ഒരു വാർത്ത ദേശീയ, അന്തർദേശീയ പത്രങ്ങളിൽ അച്ചടിച്ചു വന്നു. ഈ വാർത്ത അമേരിക്കയിലുള്ള സൈമൺ തരകൻ എന്നൊരു മലയാളി വായിക്കാൻ ഇടയായി. സൈമൺ തരകൻ സാബുവിനെ പരിചയപ്പെടാനും അയാൾ നിർമിച്ച റോബോട്ടിനെ നേരിൽ കാണാനും കേരളത്തിൽ വന്നു. സാബുവും സൈമൺ തരകനും അടുത്ത സുഹൃത്തുക്കളായി മാറി.
അതിനിടയിൽ സൈമൺ തരകന് ഒരു മലയാള സിനിമ നിർമ്മിക്കണമെന്ന ആഗ്രഹമുള്ളതായി സാബുവിനെ അറിയിക്കുന്നു. ഇക്കാര്യം കേട്ടതും സാബുവിന് എന്റെ മുഖമാണ് ഓർമ്മ വന്നത്. സാബു എന്റെ കാര്യം സൈമൺ തരകനോടു പറഞ്ഞു. സൈമൺ തരകനും സാബുവും എന്നെക്കുറിച്ച് മനസ്സിലാക്കാൻ രഹസ്യമായി 'സർഗ'ത്തിന്റെ സെറ്റിൽ എത്തി. സെറ്റിൽ നിന്നും എന്നെ കുറിച്ചുള്ള മികച്ച അഭിപ്രായങ്ങൾ കേട്ടതോടെ അവർ തിരികെ പോയി. സെറ്റിൽ എത്തിയ അവർ പക്ഷേ എന്നെ കാണാൻ കൂട്ടാക്കിയില്ല".
തുടർന്ന് സൈമൺ തരകൻ കോഴിക്കോട് മഹാറാണി ഹോട്ടലിലേക്ക് എന്നെ വിളിച്ചു വരുത്തി. വ്യത്യസ്തമാ ഒരു സിനിമ ചെയ്യണം എന്ന് മാത്രമാണ് അയാൾ തന്നോട് ആവശ്യപ്പെട്ടത്. പഴയ ഹൂ ഫ്രെയിംഡ് റോജർ റാബിറ്റ് വീണ്ടും മനസ്സിൽ സൂര്യോദയം പോലെ ഉയർന്നു . ഏഷ്യയിലെ ആദ്യ ലൈവ് ആക്ഷൻ സിനിമ എന്നൊരു ആശയം മുന്നോട്ട് വെച്ചതും ചാടി എണീറ്റ് സൈമൺ തരകൻ എന്നെ കെട്ടിപ്പിടിച്ചു. വളരെ പെട്ടെന്ന് തന്നെ കഥയുണ്ടാക്കി. പക്ഷേ ഇതെങ്ങനെ ചിത്രീകരിക്കും എന്നതിനെക്കുറിച്ച് എനിക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. ഇന്റര്‍നെറ്റ് ഇല്ലല്ലോ. അനിമേഷൻ കഥാപാത്രത്തെ എങ്ങനെ മനുഷ്യ കഥാപാത്രങ്ങളെ ഷൂട്ട് ചെയ്തിരിക്കുന്നു ഫിലിമിൽ ഇംപോസ് ചെയ്യും? അതൊരു വലിയ ചോദ്യമായിരുന്നു.
"മലയാളം, തമിഴ്, തെലുഗു, ഹിന്ദി തുടങ്ങിയ ഭാഷകളിലെ സീനിയർ ഛായാഗ്രാഹകരോട് സഹായം അഭ്യർത്ഥിച്ചു. എല്ലാവരും ഇക്കാര്യം അസംഭവ്യം എന്നാണ് മറുപടി പറഞ്ഞത്. ലോക സിനിമയുടെ ടെക്നോളജി മനസ്സിലാക്കാൻ അമേരിക്കൻ സിനിമാറ്റോഗ്രാഫ് അസോസിയേഷൻ പ്രസിദ്ധീകരിക്കുന്ന ഒരു മാഗസിൻ ഇന്ത്യയിൽ ലഭിക്കും. പക്ഷേ അതിന് അക്കാലത്ത് 2500 രൂപയാണ് വില. മദ്രാസിൽ ഉള്ള അമേരിക്കൻ കോൺസുലേറ്റിന്റെ ലൈബ്രറിയിൽ ഈ പുസ്തകം വായിക്കാൻ ലഭിക്കും. ഉച്ചയ്ക്ക് രണ്ടുമണി മുതൽ നാലുമണിവരെ ലൈബ്രറിയിൽ സൗജന്യമായി പ്രവേശിച്ച് പുസ്തകം വായിക്കാം. അങ്ങനെ കുറെയൊക്കെ വിവരശേഖരണം നടത്തി".
ഓ ഫാബിയുടെ ചിത്രീകരണം
"സിനിമയിൽ അനിമേഷൻ ടൈറ്റുകൾ ചെയ്യുന്നവരുമായി ബന്ധപ്പെട്ടു. ഒരിടത്തുനിന്നും പോസിറ്റീവായ മറുപടികൾ ലഭിച്ചില്ല. ഒരുവശത്ത് നിർമ്മാതാവ് എത്രയും പെട്ടെന്ന് സിനിമ ആരംഭിക്കാനുള്ള കാര്യങ്ങൾ നീക്കുന്നു. എനിക്കാകെ ഭയമായി. ടെക്നോളജിയെ കുറിച്ച് മനസ്സിലാക്കുന്നതിനു മുൻപ് തന്നെ സിനിമയിലെ പാട്ടുകൾ വരെ റെക്കോർഡ് ചെയ്തു. അനിമേഷൻ എങ്ങനെയും ചെയ്തെടുക്കാം പക്ഷേ ഈ അനിമേഷൻ കഥാപാത്രത്തെ എങ്ങനെ ഫിലിമിൽ മനുഷ്യ കഥാപാത്രങ്ങളോടൊപ്പം ഉൾപ്പെടുത്തും? അതിനൊരു ഉത്തരം ലഭിക്കാതെ എനിക്കാകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി" കെ ശ്രീക്കുട്ടൻ വിശദീകരിച്ചു.
"അതിനിടയിൽ ഏരിയൽ ഇമേജ് പ്രിന്റര്‍ എന്നൊരു ടെക്നോളജിയെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു. ടെക്നോളജി വളരെ സിമ്പിൾ ആണ്. സെൽ അനിമേഷൻ എന്ന ടെക്നോളജി ആണ് അക്കാലത്ത് ഉണ്ടായിരുന്നത്. അതായത് സുതാര്യമായ പേപ്പറിൽ അനിമേഷൻ കഥാപാത്രത്തിന്റെ പടം വരച്ച് ഓരോരോ ഫ്രെയിമുകൾ ആയി ചെയ്തെടുക്കുക.
ഈ ഓരോ ഫ്രെയിമും ക്യാപ്ചർ ചെയ്തെടുത്ത് സെക്കൻഡറ്റില് 24 ഫ്രെയിം വേഗതയിൽ ഓടിച്ചാൽ അനിമേഷൻ ആയി ലഭിക്കും. ഏരിയൽ ഇമേജ് പ്രിന്ററിനു മുകളിൽ മനുഷ്യ കഥാപാത്രത്തെ ഷൂട്ട് ചെയ്ത ഫിലിം 45 ഡിഗ്രിയിൽ വച്ച് ഒരു പ്രിസത്തിലൂടെ വെളിച്ചം കടത്തിവിടുമ്പോൾ ലഭിക്കുന്ന ഇമേജിൽ നേരത്തെ ചെയ്തു വെച്ച അനിമേഷൻ കഥാപാത്രത്തിന്റെ ഫ്രെയിമുകൾ മറ്റൊരു പ്രസത്തിലൂടെ റിഫ്ലെക്റ്റ് ചെയ്യിപ്പിച്ച് ഇമേജിനുള്ളിൽ കൊണ്ടുവരാം.
ഈ ഫ്രയിമിനെ മറ്റൊരു ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യാം. ഈ ടെക്നോളജി തന്നെ പിന്തുടരാൻ തീരുമാനിച്ചു. പക്ഷേ അപ്പോഴാണ് ചതി മനസ്സിലാവുന്നത്. ഈ ഉപകരണം അമേരിക്കയിൽ മാത്രമാണുള്ളത്. പിന്നെയുള്ളത് ഹോങ്കോങ്ങിലാണ്. അതിനിടയിൽ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങേണ്ട ദിവസം വന്നെത്തി".
സിനിമയുടെ ചിത്രീകരണം നീട്ടി വയ്ക്കാൻ ഞാൻ ആവശ്യപ്പെട്ടെങ്കിലും നിർമ്മാതാവ് വിസമ്മതിച്ചു. പ്രശസ്ത അഭിനേതാക്കളായ നാഗേഷും തിലകനും നരേന്ദ്രപ്രസാദും ഒക്കെയാണ് താരങ്ങൾ. നായകനായി അഭിനയിക്കുന്നത് നിർമ്മാതാവിന്റെ മകൻ തന്നെ. എന്റെ ഉള്ളിൽ തോന്നിയ ഭ്രാന്ത് മുഴു ഭ്രാന്തായി മാറി. വെറുതെ ഇങ്ങനെ ഷൂട്ട് ചെയ്ത് എടുത്തിട്ട് എന്ത് കാര്യം. ടെക്നോളജി മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിൽ ഷൂട്ട് ചെയ്തത് പെട്ടിക്കുള്ളിലാകും. കടുത്ത ടെൻഷനും ഡിപ്രഷനും ആരോഗ്യപ്രശ്നങ്ങൾക്ക് വഴി വച്ചു", ശ്രീകുട്ടൻ പറഞ്ഞു.
"രണ്ടും കൽപ്പിച്ച് ഷൂട്ടിംഗ് ആരംഭിച്ചു."അനിമേഷൻ കഥാപാത്രം ഫ്രെയിമിൽ എവിടെ വരുന്നു എന്നത് മനസ്സിൽ കണ്ട് ആ ഭാഗം ഒഴിച്ചിട്ട് സിനിമയുടെ ചിത്രീകരണം നടത്തി. ഒരു സ്റ്റോറിബോർഡ് പോലും ഇല്ലാതെയാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഇനി എന്ത് ചെയ്യും എന്നുള്ള ചിന്ത.. ആകെ കുഴപ്പത്തിലായി. ഇന്ത്യൻ അനിമേഷന്റെ പിതാവായ രാം മോഹനെ നേരിൽകണ്ട് ചെന്ന് കാര്യം പറയാൻ തീരുമാനിച്ചു. സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് റാം മോഹനെ നേരിൽ കാണുന്നത്. ആ സമയം റാം മോഹൻ രാമായണത്തിന്റെ ജപ്പാൻ അനിമേഷൻ വേർഷൻ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ആള് മുംബൈയിലാണ്.
രാം മോഹനും ആനിമേഷനും
ഹൈബ്രിഡ് സിനിമ എന്നൊക്കെ കേട്ടപ്പോൾ വലിയ വരവേൽപ്പ് ആണ് റാം മോഹന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ധൈര്യമായി സിനിമയുടെ ചിത്രീകരണം തുടങ്ങിക്കോളാൻ അദ്ദേഹം നിർദ്ദേശിച്ചു. എന്നാൽ സിനിമ പൂർത്തിയാക്കിയ ശേഷമാണ് താങ്കളെ കാണാൻ എത്തിയത് എന്ന് അറിയിച്ചതോടെ റാമോഹൻ പൊട്ടിത്തെറിക്കുകയാണ് ഉണ്ടായത്."റാംമോഹന്റെ പൊട്ടിത്തെറിയിൽ അക്ഷരാർത്ഥത്തിൽ താൻ നടുങ്ങിപ്പോയതായി", കെ ശ്രീക്കുട്ടൻ പറഞ്ഞു.
"അനിമേഷനെ കുറിച്ച് നിങ്ങൾ എന്ത് അറിഞ്ഞിട്ടാണ് എന്നൊക്കെ ചോദിച്ച് റാം മോഹൻ അരമണിക്കൂറോളം ഞങ്ങൾക്ക് നേരെ ക്ഷോഭിച്ചു.അനിമേഷൻ ഡയറക്ടര്‍ കൂടെയില്ലാതെ സിനിമ ചിത്രീകരിക്കാൻ പാടുള്ളതല്ല എന്ന് ഞങ്ങൾക്കറിയാമായിരുന്നു. മാപ്പ് പറഞ്ഞു. കുറച്ചുസമയത്തിനു ശേഷം റാം മോഹൻ ഞങ്ങളോട് പോസിറ്റീവായി സംസാരിച്ചു തുടങ്ങി. സിനിമയിൽ നായകഥാപാത്രം അനിമേഷൻ കഥാപാത്രത്തോട് സംസാരിക്കുന്നതൊക്കെ സങ്കൽപ്പിച്ചാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. അനിമേഷൻ കഥാപാത്രത്തിന്റെ ടൈമിങ്ങും മനുഷ്യ കഥാപാത്രത്തിന്റെ ടൈമിങ്ങും ഒരുപോലെ വരണം. അതൊരു വലിയ ചലഞ്ച് ആയിരുന്നു.
ഫാബി എന്ന കഥാപാത്രം
ഫാബി എന്ന കഥാപാത്രത്തിന് വേണ്ടി 64,000 ത്തോളം ഫ്രെയിമുകളാണ് വരച്ചത്. റോട്ടോസ്കോപ്പി അടക്കമുള്ള സങ്കീർണമായ ടെക്നോളജികൾ മുംബൈയിൽ വച്ചാണ് പരിചയപ്പെടുന്നത്. ഫാബി എന്ന കഥാപാത്രത്തിന് വേണ്ടി 64000 ഫ്രെയിമുകൾ ആവശ്യമായിരുന്നു. ഓരോ ഫ്രെയിമിനും 3 കോപ്പികൾ വേണം. അങ്ങനെ 64000*3 = ഒരു ലക്ഷത്തി 92000 ചിത്രങ്ങൾ ഫാബിക്ക് വേണ്ടി മാത്രം വരച്ചിട്ടുണ്ട്. ഫാബിയെ ഒരു സാധാരണ പേപ്പറിൽ വരച്ച് അതിന്റെ കോപ്പി ഒരു സുതാര്യമായ പേപ്പറിൽ പ്രിന്റ് എടുത്ത്. അതിനുശേഷം ചിത്രത്തെ ഓപക്ലേക്ക് മാറ്റി കളർ ചെയ്യണം. എന്നിട്ടാണ് ഫിലിമിലേക്ക് ഇമ്പോസ് ചെയ്യേണ്ടത്. ഒറിജിനൽ ഫിലിമിനെ ഇന്റര്‍ മീഡിയട്ട് നെഗറ്റീവ് എന്നൊരു ഫിലിമിലേക്ക് എക്സ്പോസ് ചെയ്യുകയായിരുന്നു" അത് ഇവിടെ ലഭ്യവുമല്ല"., സംവിധായകന് പറഞ്ഞു.
ആനിമേഷന്‍ കഥാപാത്രം
"ഒറിജിനൽ സിനിമ എക്സ്പോസ് ചെയ്ത ഇന്റര്‍മീഡിയറ്റ് ഫിലിമിൽ ഓഫാബിയുടെ കഥാപാത്രത്തെ അനിമേറ്റ് ചെയ്ത ഫിലിം വീണ്ടും എക്സ്പോസ് ചെയ്യണം. അവിടെ ഒരു പ്രശ്നം എന്തെന്നാൽ ഇന്നത്തെ പോലെ കമ്പ്യൂട്ടർ ടെക്നോളജി ഇല്ല. നേരത്തെ പറഞ്ഞല്ലോ അനിമേഷൻ കഥാപാത്രത്തെ സങ്കൽപ്പിച്ചാണ് സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്. അനിമേഷൻ കഥാപാത്രം വരുന്ന ഒറിജിനൽ രംഗങ്ങൾ ബ്ലാങ്ക് ആയിരിക്കും. ആ ഒഴിഞ്ഞു കിടക്കുന്ന ഭാഗത്ത് കൃത്യമായി ഫാബിയുടെ അനിമേഷൻ ക്യാരക്ടർ എക്സ്പോസ്ഡ് ആവണം. അനിമേഷൻ കഥാപാത്രത്തിനും ഒറിജിനൽ കഥാപാത്രത്തിനും രണ്ട് ഫിലിം മാറ്റുകൾ തയ്യാറാക്കണം. മെയിൽ ആൻഡ് ഫീമെയിൽ ഫിലിം എന്നാണ് അതിന് പറയുക. അനിമേഷൻ കഥാപാത്രമായ ഫാബിയെ ലൈറ്റ് അപ്പ് ചെയ്തു വേണം ഫീമെയിൽ ഫിലിമിലേക്ക് എക്സ്പോസ് ചെയ്യാൻ. ഈ മാറ്റ് ആണ് മെയിൽ ഫിലിമിൽ വീണ്ടും എക്സ്പോസ് ചെയ്യേണ്ടത്. അങ്ങനെ എക്സ്പോസ് ചെയ്യുമ്പോൾ അനിമേഷൻ കഥാപാത്രത്തിന്റെ വലിപ്പവും പൊസിഷനും കറക്റ്റ് ആവണം. അത് കൃത്യമാണോ എന്ന് പരിശോധിക്കാൻ മോണിറ്റർ ഒന്നുമില്ല. ശരിയായിരിക്കുമെന്ന ധാരണയിലാണ് ചെയ്യുന്നത്.
ഇങ്ങനെ ചെയ്യുന്ന ഫിലിം പ്രോസസ് ചെയ്ത് ഔട്ട് മനസ്സിലാക്കാൻ പിന്നെയും ഒരു മാസം കാത്തിരിക്കണം. തെറ്റിപ്പോയാൽ തെറ്റ് മനസ്സിലാക്കി വീണ്ടും ഇതേ പ്രക്രിയ ഒന്നു കൂടി ചെയ്യണം. അത് ശരിയാണോ എന്നറിയാനും ഒരു മാസം വീണ്ടും കാത്തിരിക്കണം. പിന്നെയും ഉണ്ട് വേറൊരു പ്രശ്നം. മുംബൈയിലെ മലയാളികൾ അല്ലാത്ത അനിമേറ്റേഴ്സ് ആണ് ഫാബിയുടെ കഥാപാത്രത്തെ അനിമേറ്റ് ചെയ്യുന്നത്.
അവർക്ക് ഫാബി കഥാപാത്രത്തിന്റെ ലിപ് സിങ്ക് പിടിക്കാൻ നന്നേ പാടുപെട്ടു. അക്കാലത്ത് സാധാരണ ഒരു ബിഗ് ബജറ്റ് മോഹൻലാൽ ചിത്രത്തിന്റെ ചിലവ് പരമാവധി 45 മുതൽ 60 ലക്ഷം രൂപ വരെയാണ്. ഇത്രയും പ്രോസസ്സ് കഴിയുമ്പോൾ ഏകദേശം 75 ലക്ഷം രൂപ ഓഫാബിക്കായി നിർമാതാവ് ചിലവാക്കി.
ഫാബിയും പരീക്ഷണവും
ഇത്രയും കാശ് ചിലവായെന്ന് അറിഞ്ഞതോടെ എന്റെ കയ്യും കാലും വീണ്ടും വിറച്ചു തുടങ്ങി. പറയുമ്പോൾ വളരെ ലളിതമായി തോന്നാം. ഓരോ തവണ പരാജയപ്പെടുമ്പോഴും ആത്മഹത്യ ചെയ്താലോ എന്ന ചിന്തയായിരുന്നു. പലഭാഗത്തുനിന്നും കുറ്റപ്പെടുത്തലുകൾ ഉണ്ടായി.ജീവൻ മരണ പോരാട്ടം ആയിരുന്നു."
സിനിമയിലെ അനിമേഷൻ കഥാപാത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് മുംബൈയിൽ കഴിഞ്ഞ നാളുകളെ കുറിച്ച് നിറകണ്ണുകളോടെയാണ് കെ ശ്രീക്കുട്ടൻ ഓർത്തെടുത്തത്.
"പല പരീക്ഷണങ്ങൾ നടത്തി ശരിയായ ഒരു മാർഗ്ഗത്തിലേക്ക് എത്താൻ മാസങ്ങൾ വേണ്ടിവന്നു. ഷമ്മി തിലകന്റെയും, മേള രഘുവിന്റെയും ശബ്ദമാണ് ഫാബി എന്ന അനിമേഷൻ കഥാപാത്രത്തിന് പിന്തുണയായത്. ഓരോ തവണ അനിമേഷൻ ടെക്നോളജിയിൽ പിഴവുകൾ സംഭവിക്കുമ്പോഴും നിർമാതാവ് അടക്കം പിന്മാറിയാലോ എന്ന് ചിന്തിച്ചു. ഓരോ തവണ പരാജയപ്പെടുമ്പോഴും ലക്ഷങ്ങളാണ് നഷ്ടം. പരീക്ഷണം നടത്തി സിനിമ പുറത്തിറങ്ങിയില്ലെങ്കിൽ പിന്നെ തിരികെ കേരളത്തിലേക്ക് വരേണ്ട. ഓരോ തവണ പരാജയപ്പെടുമ്പോഴും ശുഭപ്രതീക്ഷയേക്കാൾ മരണ ചിന്തയായിരുന്നു. എങ്ങാനും പാളിയാൽ മരിക്കുക", ശ്രീക്കുട്ടൻ നെടുവീർപ്പിട്ടു.
സിനിമയുടെ വിജയം
"ഈ സിനിമയുടെ വിജയം എന്ന് പറയുന്നത് ഈ സിനിമ മികച്ച ടെക്നിക്കൽ പെർഫെക്ഷനോടെ റിലീസ് ആയി എന്നതാണ്. പ്രേക്ഷകർ ഏറ്റെടുത്തോ ഇല്ലയോ എന്നുള്ളത് ഞാൻ കണക്കിലെടുക്കുന്നില്ല. ഒരു ടെക്നോളജിയും ഇല്ലാത്ത ഒരു കാലത്ത് ഇങ്ങനെയൊരു സിനിമ വിജയകരമായി പൂർത്തിയാക്കി റിലീസ് ചെയ്തു എന്നുള്ളത് തന്നെയാണ് വലിയ കാര്യം. ഈ സിനിമ റിലീസ് ആണ് എന്റെ വിജയമായി കണക്കാക്കുന്നത്. സാമ്പത്തികപരമായി ചിത്രം വലിയ രീതിയിൽ പരാജയപ്പെട്ടു.
പിൽക്കാലത്ത് സിനിമ ചരിത്രത്തിൽ ഇടം പിടിച്ചത് ഈ സിനിമയുടെ ചിത്രീകരണ സമയത്ത് ഞാൻ അനുഭവിച്ച വേദനയുടെയും കഷ്ടപ്പാടിന്റെയും പരിണിതഫലമാണെന്ന് കരുതുന്നു. ഈ സിനിമ പുറത്തിറക്കാൻ സാധിച്ചില്ലായിരുന്നെങ്കിൽ ചിന്തിക്കാനാകുന്നില്ല....ഓ ഫാബി എന്ന ചരിത്ര സിനിമ കൊണ്ട് എനിക്കോ ഈ ചിത്രത്തിൽ പ്രവർത്തിച്ചവർക്കോ യാതൊരുവിധ ഗുണഫലവും ലഭിച്ചിട്ടില്ല. വിവിധ ചലച്ചിത്രമേളകൾ സംഘടിപ്പിക്കുമ്പോഴും ഓ ഫാബിയെ ഇവിടെ ആരും ഓർക്കാറില്ല. കണ്ണീരിന്റെ കഥ പറയാൻ മാത്രം ഒരു ചിത്രം. ഈ കാലത്ത് ചിത്രത്തിനു ലഭിക്കുന്ന പരിഗണന എന്റെ കണ്ണീരൊപ്പുന്നു. ഒപ്പം അഭിമാനവും", ശ്രീകുട്ടന് പറഞ്ഞു.
Also Read:ബറോസിന്റെ റിലീസും എം ടിയുടെ മരണവും; ക്രിസ്മസ് ദിനത്തില്‍ ഉള്ളുലഞ്ഞ് മോഹന്‍ലാല്‍