മെൽബണ്‍ : ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ യുവതാരങ്ങളുടെ സ്വപ്‌നമാണ് വിരാട് കോലിയോടൊപ്പം ബാറ്റ് ചെയ്യുക എന്നത്. കോലിയോടൊപ്പം ക്രീസ് പങ്കിട്ടതിലൂടെ ഒട്ടേറെ കാര്യങ്ങൾ പഠിക്കാനായെന്ന് പല യുവതാരങ്ങളും വ്യക്‌തമാക്കിയിട്ടുള്ളതുമാണ്. ഇപ്പോൾ സമ്മർദത്തെ നേരിടാൻ വിരാട് കോലിയുടെ അപാരമായ അനുഭവസമ്പത്ത് സഹായകരമാണെന്ന് വ്യക്‌തമാക്കുകയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത്.
'വ്യത്യസ്‌ത സാഹചര്യങ്ങളിലൂടെ എങ്ങനെ കടന്ന് പോകണമെന്ന് കോലി നമുക്ക് പറഞ്ഞുതരുന്നു. ക്രിക്കറ്റ് യാത്രയിൽ മുന്നേറാൻ ഇത് സഹായകരമാകുന്നു. അദ്ദേഹത്തോടൊപ്പം ബാറ്റ് ചെയ്യുന്നത് എപ്പോഴും സന്തോഷം നൽകുന്ന കാര്യമാണ്. ഒരുപാട് അനുഭവപരിചയമുള്ള ഒരാളോടൊപ്പം ബാറ്റ് ചെയ്യുന്നത് നല്ലതാണ്. കാരണം കളി എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്നും റൺ-എ-ബോൾ രീതിയിൽ എങ്ങനെ കളിക്കാമെന്നും നമുക്ക് പഠിക്കാനാകും' - പന്ത് പറഞ്ഞു.
കഴിഞ്ഞ വർഷത്തെ ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ കോലിയുമായി നിർണായക ഘട്ടത്തിൽ ഉണ്ടാക്കിയ കൂട്ടുകെട്ടും പന്ത് ഓർമിച്ചു. 53 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് അന്ന് പടുത്തുയർത്തിയത്. 39 റണ്‍സ് ആണ് പന്ത് അന്ന് പാകിസ്ഥാനെതിരെ സ്‌കോര്‍ ചെയ്‌തത്. എന്നാല്‍ മത്സരത്തിൽ പാകിസ്ഥാന്‍ 10 വിക്കറ്റിന്‍റെ അനായാസ ജയം സ്വന്തമാക്കിയിരുന്നു.
'അന്നത്തെ മത്സരത്തിൽ ഒരേ ഓവറിൽ ഞാൻ ഹസൻ അലിയെ രണ്ട് സിക്‌സറുകൾ പറത്തിയിരുന്നു. അതിൽ എന്‍റെ സിഗ്‌നേച്ചര്‍ ഷോട്ടായ ഒറ്റക്കയൻ സിക്‌സും ഉണ്ടായിരുന്നു. തുടക്കത്തിലെ വിക്കറ്റുകൾ നഷ്‌ടമായതിനാൽ ഞങ്ങൾ റൺ റേറ്റ് ഉയർത്താൻ ശ്രമിച്ചു. ഞാനും വിരാടും ചേർന്ന് മികച്ച കൂട്ടുകെട്ട് ഉണ്ടാക്കി.
പാകിസ്ഥാനെതിരെ കളിക്കുന്നത് എല്ലായ്‌പ്പോഴും സവിശേഷമാണ്. കാരണം ആ മത്സരത്തിന് ഒരു പ്രത്യേക ആവേശം ഉണ്ടായിരിക്കും. ഞങ്ങൾ മാത്രമല്ല ആരാധകരും വളരെ വൈകാരികമായാണ് ഇന്ത്യ പാക് മത്സരത്തെ കാണുന്നത്. അതൊരു വ്യത്യസ്‌തമായ അന്തരീക്ഷമാണ്. ആ അവസരത്തിൽ ദേശീയ ഗാനം പാടാൻ നിൽക്കുമ്പോൾ എനിക്ക് രോമാഞ്ചം ഉണ്ടാകാറുണ്ട് - പന്ത് കൂട്ടിച്ചേർത്തു.