ദുബായ്: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 100 സെഞ്ചുറികളെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ് വിരാട് കോലിക്ക് ഇനിയും തകര്‍ക്കാന്‍ കഴിയുമെന്ന് ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ്. വിജയങ്ങള്‍ നേടാനുള്ള കോലിയുടെ ദാഹം കണക്കിലെടുത്താല്‍ അത് സാധ്യമല്ലെന്ന് പറയാന്‍ കഴിയില്ലെന്ന് പോണ്ടിങ് പറഞ്ഞു. ഐസിസി പ്രതിമാസ അവലോകനത്തിലാണ് പോണ്ടിങ്ങിന്‍റെ പ്രതികരണം.
''മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്നെ നിങ്ങള്‍ എന്നോട് ചോദിക്കുകയാണെങ്കില്‍ അതെ എന്ന് ഞാന്‍ പറയുമായിരുന്നു. പക്ഷെ ഇപ്പോള്‍ അക്കാര്യങ്ങള്‍ അല്‍പം മന്ദഗതിയിലാണെന്നതാണ് സത്യം. എങ്കിലും കോലിക്ക് ഇപ്പോഴുമത് സാധ്യമാണെന്നാണ് ഞാന്‍ കരുതുന്നു.
ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. കോലിക്ക് മുന്നില്‍ ഇനിയും വര്‍ഷങ്ങളുണ്ട്. ഇനിയും 30 സെഞ്ചുറികള്‍ എന്നത് വലിയ സഖ്യയാണ്. അടുത്ത മൂന്നോ നാലോ വര്‍ഷം തുടര്‍ച്ചയായി അഞ്ചോ ആറോ ടെസ്റ്റ് സെഞ്ചുറികള്‍.
പിന്നെ ഏകദിനത്തിലും ടി20യിലും ഇടക്കിടെ ഓരോ സെഞ്ചുറികളും നേടിയാല്‍ കോലിക്ക് അതിന് കഴിയും. കാരണം കളിയുടെ കാര്യത്തിലും വിജയം നേടുന്നതിലും അവന്‍ എത്രത്തോളം ഉത്സാഹിയാണെന്ന് നമുക്കറിയാം.'' പോണ്ടിങ് വ്യക്തമാക്കി.
സമീപ കാലത്തായി മോശം ഫോമിലായിരുന്ന വിരാട് കോലി ഏഷ്യ കപ്പില്‍ അഫ്ഗാനെതിരെ സെഞ്ചുറി നേടി ഗംഭീര തിരിച്ച് വരവാണ് നടത്തിയത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു താരം മൂന്നക്കം തൊടുന്നത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ കോലിയുടെ 71ാമത്തേയും ടി20 ഫോര്‍മാറ്റില്‍ ആദ്യത്തേയും സെഞ്ചുറിയാണിത്.
also read: 'എഴുതി തള്ളാന്‍ അസാമാന്യ ധൈര്യം വേണം'; കോലി എക്കാലത്തേയും മികച്ച താരമെന്ന് ആരോണ്‍ ഫിഞ്ച്