ദുബായ് : ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായ പങ്കാണ് സ്‌പിന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിനുള്ളത്. ബോളുകൊണ്ട് കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ലെങ്കിലും ബാറ്റിങ്ങില്‍ മുന്‍നിരക്കാരെ പോലും നാണിപ്പിക്കുന്ന പ്രകടനമായിരുന്നു അക്‌സര്‍ നടത്തിയത്. ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡറില്‍ ഒമ്പതാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങിയ 29കാരന്‍ നാല് മത്സരങ്ങളില്‍ നിന്നും മൂന്ന് അര്‍ധ സെഞ്ചുറിയടക്കം 264 റണ്‍സാണ് അടിച്ചെടുത്തത്.
ഇതോടെ പരമ്പരയില്‍ ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തും മൊത്തത്തിലുള്ള റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാമതുമെത്താനും അക്‌സറിന് കഴിഞ്ഞു. പരമ്പരയില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് 29കാരന് വീഴ്‌ത്താന്‍ കഴിഞ്ഞത്.
ബാറ്റിങ്ങിലെ ഈ മിന്നും ഫോം ഈ മാസം 17ന് തുടങ്ങുന്ന ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഏകദിന പരമ്പരയിലും ശേഷം ഐപിഎല്ലിലും തുടരാനായിരിക്കും അക്‌സറിന്‍റെ ശ്രമം. ഇതിനിടെ അക്‌സറിന്‍റെ ബാറ്റിങ്ങിലെ സാങ്കേതികമായ ഒരു പോരായ്‌മ പരിഹരിച്ച സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ്. ഐസിസി റിവ്യൂവിലാണ് പോണ്ടിങ്ങിന്‍റെ പ്രതികരണം.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അക്‌സറിന്‍റെ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ മുഖ്യ പരിശീലകനാണ് പോണ്ടിങ്. "എനിക്ക് അക്‌സറിനെ വളരെക്കാലമായി അറിയാം, മുംബൈ ടീമിന്‍റെ ഭാഗമായിരുന്നത് മുതല്‍. കഴിഞ്ഞ രണ്ട് വർഷങ്ങളിലൊഴികെ, ഐപിഎല്ലിലോ, അന്താരാഷ്ട്ര തലത്തിലോ കാണിച്ചിട്ടില്ലാത്ത ബാറ്റിങ് വൈദഗ്‌ധ്യം അവനുണ്ടെന്നും എനിക്ക് അറിയാമായിരുന്നു.
അക്‌സറിന്‍റെ ബാറ്റിങ്ങില്‍ എപ്പോഴെങ്കിലും ഒരു ദൗർബല്യം ഉണ്ടായിട്ടുണ്ടെങ്കിൽ, അത് അവന്‍റെ ശരീരത്തിന് നേരെയുള്ള ഷോർട്ട് ബോളുകള്‍ ആയിരുന്നു. അത്തരം പന്തുകള്‍ കളിക്കുന്നതില്‍ അക്‌സര്‍ പ്രയാസപ്പെട്ടിരുന്നു. കാരണം അവന്‍റെ ഷോട്ടുകളില്‍ ഏറെയും ഓഫ്‌സൈഡിലേക്കായിരുന്നു.
നിങ്ങൾക്കറിയാമോ, അവന്‍റെ കവർ ഡ്രൈവുകളും കട്ട് ഷോട്ടുകളും ആരുടേതും പോലെ മികച്ചതാണ്. പക്ഷേ ലെഗ് സൈഡിലേക്കുള്ള ഷോട്ടുകള്‍ കുറവായിരുന്നു.ഇതോടെ ശരീരത്തിന് നേരെയുള്ള വലംകൈയ്യൻ പേസര്‍മാരുടെ ഷോർട്ട് ബോളുകള്‍ അവനെ പ്രയാസപ്പെടുത്തിയിരുന്നു.
എന്നാല്‍ അത് പരിഹരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഇടുപ്പും തോളും കുറച്ച് കൂടി തുറന്ന തരത്തില്‍ ബാറ്റ് ചെയ്യാനാണ് നിര്‍ദേശം നല്‍കിയത്. ഇതോടെ അത്തരം ബോളുകളെ കൂടുതല്‍ മികച്ച രീതിയില്‍ നേരിടാന്‍ അക്‌സറിന് കഴിഞ്ഞു" - റിക്കി പോണ്ടിങ് ഐസിസി റിവ്യൂവില്‍ പറഞ്ഞു.
ALSO READ: ബുംറയും മനുഷ്യനാണ്, ശ്രദ്ധിച്ചില്ലെങ്കില്‍ കരിയറിന് തന്നെ ഭീഷണി; മുന്നറിയിപ്പുമായി മുഹമ്മദ് ആമിര്‍
കാര്യങ്ങള്‍ ഏറെ വേഗത്തില്‍ പഠിച്ചെടുക്കാന്‍ കഴിയുന്ന താരമാണ് അക്‌സറെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു. "വളരെ വേഗത്തില്‍ പഠിച്ചെടുക്കാന്‍ കഴിയുന്ന താരമാണ് അക്‌സറെന്നതിനാലാണ് ബാറ്റിങ്ങിലെ ചില കാര്യങ്ങള്‍ എളുപ്പത്തില്‍ മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞത്. ഏറെ കഴിവുള്ള താരമാണ് അവന്‍. ബാറ്റിങ്ങില്‍ മികച്ച പുരോഗതിയാണ് കാണാന്‍ കഴിയുന്നത്" - പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.
2013ൽ മുംബൈ ഇന്ത്യൻസ് ഐപിഎല്ലില്‍ അക്‌സര്‍ പട്ടേലിനെ സൈൻ ചെയ്‌തുവെങ്കിലും കളിക്കാൻ അവസരം ലഭിച്ചില്ല. പിന്നീട് മുംബൈ റിലീസ് ചെയ്‌ത താരം 2014ല്‍ പഞ്ചാബ് കിങ്‌സിലെത്തി. തുടര്‍ന്ന് 2018ല്‍ ഡല്‍ഹി ക്യാപില്‍സിലേക്ക് ചേക്കേറും വരെ പഞ്ചാബിനൊപ്പമാണ് അക്‌സര്‍ കളിച്ചത്.