ഓവൽ: തുടർച്ചയായ രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലാണ് ഇന്ത്യ പരാജയപ്പെടുന്നത്. 10 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ആദ്യ ഐസിസി കിരീടം എന്ന സ്വപ്‌നമാണ് ഓസ്‌ട്രേലിയയ്‌ക്ക് മുന്നിൽ തകർന്നത്. 209 റൺസിന്‍റെ നാണംകെട്ട തോൽവിയാണ് രോഹിതും സംഘവും ഏറ്റുവാങ്ങിയത്. രണ്ടാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിയ ഉയർത്തിയ വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യ 234 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. 164-3 എന്ന സ്‌കോറിൽ അഞ്ചാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ സെഷനിൽ തന്നെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. 23.3 ഓവറിൽ 70 റൺസിനാണ് ബാക്കിയുള്ള ഏഴ് വിക്കറ്റുകളും ഇന്ത്യയ്‌ക്ക് നഷ്‌ടമായത്.
നാലാം വിക്കറ്റിൽ 86 റൺസ് കൂട്ടിച്ചേർത്ത കോലി-രഹാനെ സഖ്യം മാത്രമാണ് ചെറിയ തോതിലെങ്കിലും ഓസ്‌ട്രേലിയൻ ബോളർമാരെ പ്രതിരോധിച്ചത്. എന്നാൽ 46-ാം ഓവറിന്‍റെ മൂന്നാം പന്തിൽ കോലിയ പുറത്താക്കിയ സ്‌കോട് ബോലണ്ട് അഞ്ചാം പന്തിൽ ജഡേജയേയും പവലിയനിലേക്ക് മടക്കി ഇന്ത്യക്ക് അപായ സൂചന നൽകി. ആദ്യ ഇന്നിങ്‌സിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത രഹാനയെ മിച്ചൽ സ്റ്റാർക് വിക്കറ്റ് കീപ്പർ അലക്‌സ് ക്യാരിയുടെ കൈകളിലെത്തിച്ചതോടെ ചിത്രം വ്യക്‌തമായി. ഇതോടെ ഓസ്‌ട്രേലിയ ജയവും കിരീടവും ഉറപ്പിച്ചിരുന്നു. ഓസീസ് പേസ് ആക്രമണത്തിന് മുന്നിൽ ഇന്ത്യൻ വാലറ്റം എത്രത്തോളം പിടിച്ചുനിൽക്കും എന്നത് മാത്രമായിരുന്നു ബാക്കിയായ ചോദ്യം. കൂടുതൽ ചെറുത്തുനിൽപിന് മുതിരാതെ ഇന്ത്യൻ ബാറ്റർമാർ പുറത്തായി.
എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ചെറുത്തുനിൽപിന് പോലും സാധിക്കാതെയാണ് ഇന്ത്യ തോൽവി സമ്മതിച്ചത്. കനത്ത തോൽവിയുടെ പ്രധാന കാരണങ്ങൾ ഒന്ന് പരിശോധിക്കാം..
ഫൈനലിനിറങ്ങിയത് ആവശ്യമായ മുന്നൊരുക്കമില്ലാതെ; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോലെയൊരു വലിയ മത്സരത്തിന് ആവശ്യമായ മുന്നൊരുക്കങ്ങളും പരിശീലനങ്ങളും ഇല്ലാതെയാണ് ഇന്ത്യ ഓവലിൽ ഓസ്ട്രേലിയയ്‌ക്കെതിരെ ഇറങ്ങിയത്. ഐപിഎൽ പോലെയൊരു ഹ്രസ്വ ഫോർമാറ്റിൽ നിന്നും ദ്രുതഗതിയിൽ കൂടുതൽ ക്ഷമയോടെ മത്സരത്തെ സമീപിക്കേണ്ട ലോങ്ങ് ഫോർമാറ്റായ ടെസ്റ്റ് ക്രിക്കറ്റുമായി ഇണങ്ങിച്ചേരാൻ സീനിയർ താരങ്ങൾക്കടക്കം സാധിച്ചില്ല. ഐപിഎല്ലിന് ശേഷം ഒരാഴ്‌ച മാത്രമാണ് ഇന്ത്യൻ ടീം ഒരുമിച്ച് പരിശീലനം നടത്തിയത്. ഇംഗ്ലണ്ടിലെ പിച്ചുമായി പൊരുത്തപ്പെടാൻ ഒരാഴ്‌ച മതിയാകില്ലെന്ന ബോധ്യമുണ്ടായിട്ടും ഇത്തരത്തിലൊരു തീരുമാനം തോൽവിയെ വിളിച്ചുവരുത്തുകയായിരുന്നു. ഐപിഎല്ലിന് കൂടുതൽ പ്രാധാന്യം നൽകിയതിലൂടെ അർഹിച്ച കിരീടമാണ് ഇന്ത്യക്ക് നഷ്‌ടമായത്. മറുവശത്ത് ഓസ്‌ട്രേലിയ മൂന്ന് മാസങ്ങൾ മുൻപ് തന്നെ ഫൈനലിനായി തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു.
പരിക്കിൽ വലഞ്ഞ് താരങ്ങൾ; കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യർ തുടങ്ങിയ പ്രധാന താരങ്ങളുടെ പരിക്കാണ് ഇന്ത്യയുടെ തോല്‍വിയുടെ മറ്റൊരു കാരണമായത്. ഐപിഎൽ മത്സരത്തിൽ ഫീൽഡിങ്ങിനിടെയാണ് രാഹുലിന് പരിക്കേറ്റത്. ഇതോടെ ഇംഗ്ലണ്ടിലെ പിച്ചുകളിൽ മികച്ച ബാറ്റിങ് റെക്കോഡുള്ള വിശ്വസ്ഥനായ ഓപ്പണറുടെ സേവനം ഇന്ത്യക്ക് നഷ്‌ടമായി.
വാഹനാപകടത്തിൽ പരിക്കേറ്റ് തിരിച്ചുവരവിന്‍റെ പാതയിലുള്ള റിഷഭ് പന്ത് മധ്യനിരയിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്. ടെസ്റ്റ് ക്രിക്കറ്റിന് ഏറ്റവും അനുയോജ്യനായ പന്തിന്‍റെ അഭാവം വിക്കറ്റ് കീപ്പർ റോളിലും നിഴലിച്ചു. പന്തിന് പകരം ടീമിലെത്തിയ കെഎസ് ഭരതിന് കാര്യമായൊന്നും ചെയ്യാനായില്ല. അതേസമയം ഓസീസിനെതിരെ മികച്ച റെക്കോഡുള്ള താരമാണ് പന്ത്. പരിക്കിന്‍റെ വിവരങ്ങള്‍ മറച്ചുവച്ച് കളി തുടർന്നതാണ് ബുംറയുടെ സ്ഥാനം തെറിപ്പിച്ചത്. ഇതോടെ പരിക്ക് ഗുരുതരമായതോട കൂടുതൽ വിശ്രമം ആവശ്യമായി വന്നു. പകരം ടീമിലെത്തിയ താരങ്ങൾക്കൊന്നും ബുംറയുടെ വിടവ് നികത്തുന്ന തരത്തിലുള്ള പ്രകടനം പുറത്തെടുക്കാനായിട്ടില്ല.
തുടക്കം തന്നെ പിഴച്ചു; ഓസ്‌ട്രേലിയക്കെതിരായ ഫൈനലിനുള്ള ടീമിനെ പ്രഖ്യാപിച്ച സമയത്ത് തന്നെ ടീമിലെ പോരായ്‌മകൾ തുറന്നുകാട്ടിയിരുന്നു. വിക്കറ്റിന് പിന്നിൽ പരിചയ സമ്പന്നനായ വൃദ്ധിമാന്‍ സാഹയെ തഴഞ്ഞാണ് കെഎസ് ഭരതിനെ പോലെയുള്ള ഒരു താരത്തെ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. ഭരതിന്‍റെ പരിചയക്കുറവ് ഈ ഫൈനലില്‍ നിഴലിക്കുകയും ചെയ്‌തിരുന്നു.
ഫൈനൽ മത്സരത്തിനുള്ള ഇലവനെ പ്രഖ്യാപിച്ചപ്പോഴും വിമര്‍ശനമുണ്ടായി. ഈ കലണ്ടർ വർഷത്തിൽ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് നേടിയ, ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതുള്ള അശ്വിനെ പുറത്തിരുത്തിയ നടപടിയും ഏറെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യയുടെ നാല് വിക്കറ്റുകൾ വീഴ്‌ത്തിയ ഓസീസ് സ്‌പിന്നർ നഥാൻ ലിയോണിന്‍റെ പ്രകടനം ഈ ചോദ്യങ്ങളെ ന്യായീകരിക്കുന്നതായിരുന്നുവെന്ന് പറയാം.
ALSO READ : WTC Final | അശ്വിനെ എന്തിനൊഴിവാക്കി…? ടീം സെലക്ഷനെ വിമര്‍ശിച്ച് സച്ചിന്‍ ടെൻഡുല്‍ക്കര്‍
നിരാശപ്പെടുത്തുന്ന ടോപ് ഓർഡർ; സമീപകാലത്ത് പല ടെസ്റ്റ് മത്സരങ്ങളിലും മധ്യനിരയുടെ പ്രകടനത്തെ ആശ്രയിച്ചുകൊണ്ടായിരുന്നു ഇന്ത്യൻ ടീം ജയങ്ങൾ നേടിയിരുന്നത്. രോഹിത് ശർമയും കോലിയുമടക്കമുള്ള മുൻനിര താരങ്ങൾ നിരന്തരമായി ഫോം കണ്ടെത്താതിരുന്ന ഘട്ടങ്ങളിലെല്ലാം റിഷഭ് പന്ത്, അക്‌സർ പട്ടേൽ, ആർ. അശ്വിൻ, ശ്രേയസ് അയ്യർ അടക്കമുള്ളവരാണ് ടീമിന്‍റെ രക്ഷകരായിരുന്നത്. അത്തരത്തിലൊരു മികച്ച മധ്യനിരയുടെ അഭാവവും ഫൈനലിൽ നിഴലിച്ചു.