റാവല്‍പിണ്ടി: പേരു കേട്ട പാകിസ്ഥാൻ ബൗളിങ് നിരയെ അവരുടെ നാട്ടില്‍ ഏകദിന ശൈലിയില്‍ അടിച്ചൊതുക്കി ഇംഗ്ലണ്ട് ബാറ്റർമാർ. 17 വർഷങ്ങൾക്ക് ശേഷം പാകിസ്ഥാനില്‍ ക്രിക്കറ്റ് പരമ്പരയ്ക്ക് എത്തിയ ഇംഗ്ലണ്ടിന് സ്വപ്‌ന തുല്യമായ തുടക്കമാണ് റാവല്‍പിണ്ടി ടെസ്റ്റ് സമ്മാനിച്ചത്. ഇംഗ്ലീഷ് താരങ്ങൾക്കുണ്ടായ അജ്ഞാത വൈറസ് ബാധയെ തുടർന്ന് മത്സരം തുടങ്ങുന്നതിന് തൊട്ടുമുൻപ് വരെ അനിശ്ചിതത്വം നിറഞ്ഞ മത്സരമാണ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ആവേശം നിറഞ്ഞതായി മാറിയത്.
അടിയോടടി: ടെസ്റ്റിലെ ആദ്യ ദിനം ഒരു ടീം നേടുന്ന ഏറ്റവും വലിയ സ്കോറാണ് ഇംഗ്ലണ്ട് ഇന്ന് റാവല്‍പിണ്ടിയില്‍ അടിച്ചുകൂട്ടിയത്. ഒന്നാം ദിനം കളി അവസാനിച്ചപ്പോൾ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്‌ടത്തില്‍ 506 റൺസെടുത്തു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണർമാരായ സാക് ക്രാവ്‌ലി (111 പന്തില്‍ 21 ഫോർ അടക്കം 122 റൺസ്), ബെൻ ഡക്കറ്റ് (110 പന്തില്‍ 15 ഫോർ അടക്കം 107 റൺസ്) എന്നിവർ തുടങ്ങിവെച്ച സെഞ്ച്വറി നേട്ടം പിന്നാലെ എത്തിയ ഒലി പോപ്പും (104 പന്തില്‍ 14 ഫോർ അടക്കം 108) തുടർന്നു.
ജോ റൂട്ട് (23 ) റൺസിന് പുറത്തായപ്പോൾ തൊട്ടുപിന്നാലെയെത്തിയ ഹാരി ബ്രൂക്ക് ടി20 ശൈലിയിലാണ് സെഞ്ച്വറിയിലേക്ക് കുതിച്ചത്. ബ്രൂക് 80 പന്തിലാണ് സെഞ്ച്വറി തികച്ചത്. അതില്‍ 14 ഫോറും രണ്ട് സിക്‌സും ഉൾപ്പെടും. ഇംഗ്ലീഷ് ബാറ്റർമാരുടെ ടെസ്റ്റിലെ വേഗതയേറിയ സെഞ്ച്വറി നേട്ടത്തിലും ബ്രൂക്ക് ഇടം പിടിച്ചു. ഒന്നാം ദിനം കളി അവസാനിച്ചപ്പോൾ 81 പന്തില്‍ 101 റൺസുമായി ബ്രൂക്കും 15 പന്തില്‍ 34 റൺസുമായി ബെൻ സ്റ്റോക്‌സുമാണ് ക്രീസില്‍.
റാവല്‍പിണ്ടിയില്‍ 75 ഓവറില്‍ 6.74 റൺസ് ശരാശരിയിലാണ് ഇംഗ്ലണ്ട് ബാറ്റർമാർ ഒന്നാംദിനം സ്കോർ ചെയ്തത്. ബ്രൂക്കും ഡക്കറ്റും കന്നി ടെസ്റ്റ് സെഞ്ച്വറി തികച്ചപ്പോൾ ക്രാവ്‌ലിയും പോലും കരിയറിലെ മൂന്നാം സെഞ്ച്വറിയാണ് നേടിയത്.
അരങ്ങേറ്റത്തിലും വിപ്ലവം: ഇംഗ്ലണ്ടിന് വേണ്ടി ലിയാം ലിവിങ്സ്റ്റോൺ, വില്‍ ജാക്‌സ് എന്നിവർ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചപ്പോൾ നാല് പേർക്കാണ് പാകിസ്ഥാൻ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റത്തിന് അവസരമൊരുങ്ങിയത്. ഹാരിസ് റൗഫ്, മൊഹമ്മദ് അലി, സൗദ് ഷക്കീല്‍, സഹിദ് മഹമ്മൂദ് എന്നിവരാണ് പാക് നിരയില്‍ അരങ്ങേറിയത്.
അടിച്ചൊതുക്കിയത് അജ്ഞാത വൈറസിനെ: റാവല്‍പിണ്ടി ടെസ്റ്റ് ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ഇംഗ്ലീഷ് ടീമിലെ ഭൂരിഭാഗം താരങ്ങൾക്കും അജ്ഞാത വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. കൊവിഡ് അല്ലെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് ഇംഗ്ലീഷ് ടീം വ്യക്തമാക്കിയത്. നേരത്തെ പ്രഖ്യാപിച്ച അന്തിമ ഇലവനില്‍ നിന്ന് ബെൻ ഫോക്‌സിനെ ഒഴിവാക്കിയാണ് ഇംഗ്ളണ്ട് ഇന്ന് കളിക്കാനിറങ്ങിയത്.