ചെന്നൈ : ഏകദിന ലോകകപ്പിലെ (Cricket World Cup 2023) ആദ്യ മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ ത്രസിപ്പിക്കുന്ന ജയമാണ് ടീം ഇന്ത്യ നേടിയത് (India vs Australia). ഓസ്‌ട്രേലിയ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്‌ടത്തില്‍ 52 പന്ത് ശേഷിക്കെയായിരുന്നു ടീം ഇന്ത്യ മറികടന്നത് (India vs Australia Match Result). കെഎല്‍ രാഹുലിന്‍റെയും (KL Rahul) വിരാട് കോലിയുടെയും (Virat Kohli) അര്‍ധസെഞ്ച്വറികളാണ് മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ജയമൊരുക്കിയത്.
ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ആദ്യം ബാറ്റിങ്ങായിരുന്നു തെരഞ്ഞെടുത്തത്. ആതിഥേയരായ ഇന്ത്യയ്‌ക്ക് മുന്നില്‍ പൊരുതാവുന്ന സ്കോര്‍ ഉയര്‍ത്തുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍, തുടക്കത്തില്‍ തന്നെ മാര്‍ഷിനെ നഷ്‌ടപ്പെടതോടെ ഓസീസ് സ്കോറിങ്ങിന്‍റെ വേഗതയും കുറഞ്ഞു.
മൂന്നാമനായി ക്രീസിലെത്തിയ സ്റ്റീവ് സ്‌മിത്തും ഡേവിഡ് വാര്‍ണറും ചേര്‍ന്നായിരുന്നു കങ്കാരുപ്പടയെ 50 കടത്തിയത്. 17-ാം ഓവറില്‍ വാര്‍ണറെ മടക്കി കുല്‍ദീപ് യാദവായിരുന്നു ഇന്ത്യയ്‌ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. എന്നാല്‍, മറുവശത്ത് നിലയുറപ്പിച്ച് കളിച്ച സ്റ്റീവ് സ്‌മിത്തിന് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചിരുന്നു.
കരുതലോടെ മാത്രം കളിച്ച സ്റ്റീവ് സ്‌മിത്ത് 71 പന്ത് നേരിട്ട് 46 റണ്‍സായിരുന്നു നേടിയത്. മൂന്നാം ഓവറില്‍ ക്രീസിലെത്തിയ താരം 28-ാം ഓവറിലെ ആദ്യ പന്തിലാണ് പുറത്താകുന്നത്. രവീന്ദ്ര ജഡേജയായിരുന്നു സ്‌മിത്തിനെ മടക്കിയത്. ആ വിക്കറ്റോടെയാണ് ഓസ്‌ട്രേലിയ പിന്നീട് കൂട്ടത്തകര്‍ച്ചയിലേക്ക് വീണത്.
സ്‌മിത്തിന് പുറമെ മാര്‍നസ് ലബുഷെയ്‌ന്‍റെയും അലക്‌സ് കാരിയുടെയും വിക്കറ്റുകള്‍ സ്വന്തമാക്കാനും രവീന്ദ്ര ജഡേജയ്‌ക്ക് സാധിച്ചിരുന്നു. 10 ഓവര്‍ പന്തെറിഞ്ഞ താരം 28 റണ്‍സ് വഴങ്ങിയായിരുന്നു മൂന്ന് വിക്കറ്റ് നേടിയത്. മത്സരത്തില്‍ തനിക്ക് തന്‍റെ റോള്‍ കൃത്യമായി തന്നെ ചെയ്യാന്‍ സാധിച്ചിരുന്നുവെന്ന് മത്സരശേഷം രവീന്ദ്ര ജഡേജ പറഞ്ഞു.
'നേരെ വിക്കറ്റിലേക്ക് എറിയുന്നതാകും നല്ലതെന്ന് ആദ്യ ഓവര്‍ പന്തെറിഞ്ഞപ്പോള്‍ തന്നെ എനിക്ക് മനസിലായിരുന്നു. ടെസ്റ്റ് മത്സരങ്ങള്‍ക്ക് പറ്റിയ വിക്കറ്റായിരുന്നു ഇവിടുത്തേത്. ഐപിഎല്ലില്‍ ഇവിടെ കളിച്ചിട്ടുള്ള പരിചയം സാഹചര്യങ്ങള്‍ കൃത്യമായി മുതലെടുക്കാന്‍ എന്നെ സഹായിച്ചു. പരമാവധി വിക്കറ്റുകള്‍ നേടുക എന്നതായിരുന്നു ഇവിടെ ഞങ്ങളുടെ ജോലി' -രവീന്ദ്ര ജഡേജ പറഞ്ഞു.
200 റണ്‍സ് പിന്തുടരാന്‍ ഇറങ്ങിയ ഇന്ത്യയ്‌ക്ക് ഇന്നിങ്‌സിന്‍റെ തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്‌ടമായിരുന്നു. ആദ്യ രണ്ട് ഓവറിലാണ് ഇന്ത്യയ്‌ക്ക് ഇഷാന്‍ കിഷനെയും നയകന്‍ രോഹിത് ശര്‍മയേയും ശ്രേയസ് അയ്യരെയും നഷ്‌ടപ്പെട്ടത്. തുടര്‍ന്ന്, ക്രീസിലൊന്നിച്ച വിരാട് കോലിയുടെയും കെഎല്‍ രാഹുലിന്‍റെയും പ്രകടനമാണ് ഇന്ത്യയ്‌ക്ക് ജയമൊരുക്കിയത്. ഇവരുടെ ബാറ്റിങ് പ്രകടനത്തെയും രവീന്ദ്ര ജഡേജ അഭിനന്ദിച്ചിരുന്നു.
'ആദ്യ രണ്ട് ഓവറില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്‌ടപ്പെട്ടാല്‍ ആരായാലും ഒന്ന് പതറും. എന്നാല്‍, അവിടെയായിരുന്നു വിരാട് കോലിയും കെഎല്‍ രാഹുലും ഞങ്ങളെ അത്ഭുതപ്പെടുത്തിയത്. സമ്മര്‍ദമില്ലാതെ അവര്‍ക്ക് ബാറ്റ് ചെയ്യാന്‍ സാധിച്ചിരുന്നു എന്നതാണ് ഈ പ്രകടനത്തിലെ ഏറ്റവും പോസിറ്റീവ് ആയിട്ടുള്ള കാര്യം' -രവീന്ദ്ര ജഡേജ കൂട്ടിച്ചേര്‍ത്തു.