ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിന് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ ഇംഗ്ലണ്ടില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തിനായി അശ്വിന് സഹതാരങ്ങളോടൊപ്പം യാത്ര ചെയ്യാനായട്ടില്ലെന്ന് ബിസിസിഐ വ്യത്തങ്ങള്‍ പറഞ്ഞു. നിലവിൽ ക്വാറന്‍റൈനിലുള്ള അശ്വിൻ എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചതിന് ശേഷമേ ടീമിനൊപ്പം ചേരുവെന്നും ഇദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ കൊവിഡ് മൂലം മാറ്റിവെച്ച ഒറ്റ ടെസ്റ്റും, മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കുന്നത്. ഇതിനായി ഇന്ത്യൻ ടീം ജൂൺ 16ന് യുകെയിലേക്ക് പോയിരുന്നു. യാത്രയ്‌ക്ക് മുമ്പ് നടത്തിയ പരിശോധനയിലാണ് അശ്വിന് കൊവിഡ് സ്ഥിരീകരിച്ചത്.
ജൂലൈ ഒന്നിന് ആരംഭിക്കുന്ന ടെസ്റ്റിന് മുന്നെ അശ്വിന്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, എന്നാല്‍ ലെസിസ്റ്റര്‍ഷെയറിനെതിരായ പരിശീലന മത്സരം താരത്തിന് നഷ്‌ടമാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം 24 മുതല്‍ 27വരെയാണ് ലെസിസ്റ്റര്‍ഷെയറിനെതിരെ ഇന്ത്യ ചതുര്‍ദിന പരിശീലന മത്സരം കളിക്കുക.
also read: ഗ്രൗണ്ട്‌സ്‌മാനോട് ബഹുമാനമില്ലാതെ പെരുമാറി; റിതുരാജ് ഗെയ്‌ക്‌വാദിനെതിരെ വിമര്‍ശനം
അതേസമയം ലെസ്റ്ററിലുള്ള മറ്റ് താരങ്ങള്‍ ഇതിനകം ബൗളിങ് കോച്ച് പരാസ് മാംബ്രെയുടെയും ബാറ്റിങ് കോച്ച് വിക്രം റാത്തോറിന്‍റെയും മേൽനോട്ടത്തിൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര കഴിഞ്ഞതിന് പിന്നാലെ ലണ്ടനിലെത്തിയ പരിശീലകന്‍ രാഹുൽ ദ്രാവിഡ്, ബാറ്റര്‍മാരായ റിഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവർ ഇന്ന് ലെസ്റ്ററിലേക്ക് പോകും.