മുംബൈ : ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിലെ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് മുൻതൂക്കമുണ്ടെന്ന് മുന്‍ താരവും പരിശീലകനുമായ രവി ശാസ്‌ത്രി (Ravi Shastri on IND vs PAK Match). 2011-ന് ശേഷം ഏറ്റവും ശക്തമായ ലൈനപ്പാണ് ഇന്ത്യയ്‌ക്കുള്ളത്. രോഹിത് ശർമ്മയിൽ ഏറെ പരിചയസമ്പന്നനായ ഒരു ക്യാപ്റ്റനുണ്ടെന്നത് ടീമിന് വലിയ നേട്ടമാകുമെന്നും രവി ശാസ്‌ത്രി പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും (India vs Pakistan) നാളെ പല്ലേക്കലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പരസ്‌പരം പോരടിക്കാനിരിക്കെയാണ് രവി ശാസ്‌ത്രിയുടെ വാക്കുകള്‍. "ഏഷ്യ കപ്പ് മത്സരത്തില്‍ ഇന്ത്യയ്‌ക്ക് മുന്‍തൂക്കമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. 2011 തൊട്ട് അവരുടെ ഏറ്റവും ശക്തമായ ടീമാണിത്. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ പരിചയസമ്പത്ത് ടീമിന് മുതല്‍ക്കൂട്ടാവും. കാര്യങ്ങള്‍ കൂടുതലായി മനസിലാക്കുന്ന വ്യക്തിയാണ് അവന്‍ (Ravi Shastri on Rohit Sharma captaincy) " രവി ശാസ്‌ത്രി പറഞ്ഞു.
എന്നിരുന്നാലും, ബാബർ അസമിന്‍റെ നേതൃത്വത്തിലുള്ള പാക് ടീം മെച്ചപ്പെട്ടുവെന്നും സമീപകാലത്ത് ഇന്ത്യൻ ടീമുമായുള്ള വിടവ് ഏറെ കുറച്ചതായും രവി ശാസ്‌ത്രി കൂട്ടിച്ചേര്‍ത്തു." സമീപ കാലത്ത് ഇന്ത്യന്‍ ടീമുമായുണ്ടായിരുന്ന വിടവ് ഏറെ കുറയ്‌ക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടുണ്ട്. ഏഴ്-എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓരോ താരങ്ങളേയും നോക്കുകയാണെങ്കില്‍ ഇരു ടീമുകളുടേയും ശക്തിയില്‍ വ്യത്യാസമുണ്ടായിരുന്നു.
എന്നാല്‍ അത് ഏറെ കുറച്ചുകൊണ്ടുവരാന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടുണ്ട്. അവര്‍ ഇപ്പോള്‍ മികച്ചൊരു ടീമാണ്. അതിനാല്‍ തന്നെ മത്സരത്തില്‍ ഇന്ത്യ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്" - രവി ശാസ്‌ത്രി വ്യക്തമാക്കി.
ഏഷ്യ കപ്പ് ഇന്ത്യൻ സ്‌ക്വാഡ് (Asia Cup 2023 India Squad): രോഹിത് ശർമ (ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, ശുഭ്‌മാൻ ഗിൽ, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, തിലക് വർമ്മ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ, സഞ്ജു സാംസണ്‍ (ബാക്കപ്പ്).
ഏഷ്യ കപ്പ് പാകിസ്ഥാന്‍ സ്‌ക്വാഡ് (Asia Cup 2023 Pakistan Squad): ബാബർ അസം (ക്യാപ്റ്റൻ), ഷദാബ് ഖാൻ (വൈസ് ക്യാപ്റ്റൻ), ഇമാം ഉൾ ഹഖ്, തയ്യബ് താഹിർ, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, സൽമാൻ അലി ആഗ, അബ്ദുല്ല ഷഫീഖ്, ഫഖർ സമാൻ, ഇഫ്തിഖർ അഹമ്മദ്, ഉസാമ മിർ, ഫഹീം അഷ്‌റഫ്, ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂനിയർ, നസീം ഷാ, ഷഹീൻ ഷാ അഫ്രീദി.