മുംബൈ : ഓഗസ്റ്റ് 31 ന് ആരംഭിക്കുന്ന ഏഷ്യ കപ്പിനായുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. പരിക്കിൽ നിന്ന് മോചിതരായ കെഎൽ രാഹുലും, ശ്രേയസ് അയ്യരും ടീമിൽ ഇടം നേടുമോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. ഇരുവരും ദേശീയ ക്രിക്കറ്റ് അക്കാദമയിൽ പരിശീലനം നടത്തുന്നതിന്‍റെ വീഡിയോകളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇരുവരും കായിക ക്ഷമത തെളിയിച്ച് തിരിച്ച് വരുന്നതിനായാണ് ടീം പ്രഖ്യാപനം ബിസിസിഐ വൈകിപ്പിക്കുന്നതെന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
ഇപ്പോൾ കായികക്ഷമത തെളിയിച്ച് രാഹുൽ ഏഷ്യകപ്പിനായുള്ള ടീമിൽ ഇടം നേടിയാലും പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തരുതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ മുൻ താരവും, പരിശീലകനുമായ രവി ശാസ്‌ത്രി. പരിക്കിൽ നിന്ന് മുക്‌തനായി തിരിച്ചെത്തുന്ന ഒരു താരത്തെ ഉടൻ തന്നെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുന്നത് ആ താരത്തോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാകും എന്നാണ് രവി ശാസ്‌ത്രി പറയുന്നത്.
'ദീർഘനാളായി കളിക്കളത്തിലില്ലാത്തതും പരിക്കിൽ നിന്ന് മുക്തി നേടി എത്തുന്നതുമായ ഒരു താരത്തെ നേരിട്ട് പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുന്നത് കുറച്ച് കഠിനമാണ്. വിക്കറ്റ് കീപ്പിങ്ങിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ ഒരാൾ പരിക്ക് ഭേദപ്പെട്ട് തിരിച്ചെത്തുമ്പോൾ സ്വാഭാവിക ചലനത്തിന്‍റെ വ്യാപ്‌തിയിലും മറ്റും പോരായ്‌മകൾ ഉണ്ടാകും. അതിനാൽ അത് മികച്ച ചോയിസ് ആയിരിക്കില്ല.' രവി ശാസ്‌ത്രി പറഞ്ഞു.
അതേസമയം വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങിയ യുവതാരം തിലക് വര്‍മയുടെ പ്രകടനം ശരിക്കും തന്നെ ആകർഷിച്ചെന്നും രവി ശാസ്‌ത്രി വ്യക്‌തമാക്കി. 'മതിപ്പുളവാക്കുന്ന പ്രകടനമാണ് തിലക് വർമയുടേത്. അവനെ നാലാം നമ്പറിൽ പരീക്ഷിക്കാവുന്നതാണ്. ഒരു ഇടം കയ്യനെന്ന നിലയിൽ തിലകിന് മധ്യ നിരയിൽ നിർണായക സ്ഥാനമുണ്ടായിരിക്കും'. രവി ശാസ്‌ത്രി കൂട്ടിച്ചേർത്തു.
ടീമിലെടുക്കാൻ പരിശീലനം മാത്രം പോര: അതേസമയം പരിശീലനം നടത്തിയതുകൊണ്ട് മാത്രം കെഎൽ രാഹുലിനെയും, ശ്രേയസ് അയ്യരേയും ഇന്ത്യന്‍ ടീമിലേക്ക് തിരികെ എടുക്കുന്നതിൽ അർഥമില്ലെന്ന് പാകിസ്ഥാന്‍റെ മുന്‍ താരം ഡാനിഷ് കനേരിയയും പ്രതികരിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നതിന് മുമ്പ് ഇരുവരും ഫോം തെളിയിക്കേണ്ടതുണ്ടെന്നാണ് കനേരിയ വ്യക്തമാക്കിയത്.
'കെഎൽ രാഹുലും ശ്രേയസ് അയ്യരും നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലാണ്. വരാനിരിക്കുന്ന പ്രധാന ടൂർണമെന്‍റുകൾക്കുള്ള ഇന്ത്യൻ ടീമിൽ ഇരുവരേയും ഉൾപ്പെടുത്താൻ വലിയ സാധ്യതയുണ്ട്. എന്നാൽ പരിശീലനത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രം നിങ്ങൾക്ക് ഒരാളെ ടീമിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയില്ല.
കാരണം അവര്‍ക്ക് ടീമിൽ വലിയ മത്സരങ്ങള്‍ കളിക്കേണ്ടി വരും. മറ്റ് മത്സരങ്ങള്‍ കളിച്ച് അവിടെ മികച്ച പ്രകടനം കാഴ്‌ച വച്ചാൽ മാത്രമേ അവരെ ടീമിൽ ചേർക്കാവൂ, കനേരിയ വ്യക്‌തമാക്കി. കൂടാതെ ഏഷ്യ കപ്പില്‍ ഇന്ത്യയ്‌ക്ക് മേല്‍ പാകിസ്ഥാന് മുന്‍തൂക്കമുണ്ടെന്നും ഇന്ത്യൻ ടീമിന്‍റെ കാര്യത്തിൽ ഇതുവരെ തീരുമാനം എടുക്കാൻ മാനേജ്‌മെന്‍റിന് സാധിച്ചിട്ടില്ലെന്നും കനേരിയ കൂട്ടിച്ചേർത്തു.