കറാച്ചി: ടി20 ക്രിക്കറ്റില്‍ വിരാട് കോലി മികച്ച കളിക്കാരനല്ലെന്ന് പാകിസ്ഥാന്‍ മുന്‍ ക്യാപ്‌റ്റന്‍ റാഷിദ് ലത്തീഫ്. ഫോര്‍മാറ്റില്‍ രോഹിത് ശര്‍മയോ, സൂര്യകുമാര്‍ യാദവോ ആവാന്‍ കോലിക്ക് കഴിയില്ലെന്നും റാഷിദ് ലത്തീഫ് പറഞ്ഞു. ഒരു യൂട്യൂബ് ഷോയിലാണ് പാക് മുന്‍ ക്യാപ്‌റ്റന്‍റെ പ്രതികരണം.
"വിരാട് കോലി ഒരിക്കലും മികച്ച ടി20 കളിക്കാരനായിരുന്നില്ല. നമ്മള്‍ അദ്ദേഹത്തെ കെയ്‌ന്‍ വില്യംസൺ, ജോ റൂട്ട്, സ്റ്റീവ് സ്‌മിത്ത് എന്നിവരുമായി താരതമ്യപ്പെടുത്തുന്നു. പക്ഷേ അവരാരും ടി20യിൽ മാച്ച് വിന്നര്‍മാരായിരുന്നില്ല.
ഇവരെല്ലാം നിലയുറപ്പിച്ച ശേഷമാണ് ആക്രമിച്ച് കളിക്കുന്നത്. കോലി മികച്ച ഏകദിന കളിക്കാരനാണ്. എന്നാല്‍ ടി20യില്‍ അദ്ദേഹത്തിന് രോഹിത് ശർമയോ സൂര്യകുമാർ യാദവോ ആകാൻ കഴിയില്ല", റാഷിദ് ലത്തീഫ് പറഞ്ഞു.
"റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയും അദ്ദേഹം ഇതേ രീതിയിൽ കളിക്കുന്നു. എംഎസ് ധോണി വ്യത്യസ്‌തമായ ഒരു കളിക്കാരനാണ്, 3-4 ഡോട്ട് ബോളുകൾ കളിക്കുകയാണെങ്കിൽ, അദ്ദേഹത്തിന് 3-4 സിക്‌സറുകളും അടിക്കാൻ കഴിയും.
ഇങ്ങനെ ഡോട്ട് ബോളുകൾക്ക് പകരം വയ്‌ക്കാൻ അദ്ദേഹത്തിന് കഴിയും. 30-35 പന്തുകൾ കളിച്ചതിന് ശേഷമാണ് വിരാട് കോലി അടിച്ചു തുടങ്ങുന്നത്. പവർപ്ലേ നന്നായി ഉപയോഗിക്കുന്ന തരത്തിലുള്ള കളിക്കാരനാണ് രോഹിത് ശർമ", റാഷിദ് ലത്തീഫ് കൂട്ടിച്ചേർത്തു.
അതേസമയം നിലവില്‍ അന്താരാഷ്‌ട്ര ടി20യില്‍ ഏറ്റവും മികച്ച ശരാശരിയുള്ള താരമാണ് കോലി. 101 അന്താരാഷ്‌ട്ര ടി20യിൽ 50.77 ശരാശരിയിൽ 3,402 റൺസാണ് താരം അടിച്ച് കൂട്ടിയത്. 137.12 ആണ് കോലിയുടെ സ്‌ട്രൈക്ക് റേറ്റ്.
ഫോർമാറ്റിൽ 31 അർധസെഞ്ച്വറികള്‍ നേടിയ താരത്തിന്‍റെ ഉയർന്ന സ്കോർ 94* ആണ്. സമീപ കാലത്തായി മോശം ഫോമിലായിരുന്ന താരം ഏഷ്യ കപ്പിലൂടെ തിരിച്ചുവരവ് നടത്തുകയാണ്. പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ 35 റണ്‍സടിച്ച താരം, രണ്ടാം മത്സരത്തില്‍ ഹോങ്കോങ്ങിനെതിരെ അര്‍ധ സെഞ്ച്വറി നേടി പുറത്താവാതെ നിന്നിരുന്നു.
ഹോങ്കോങ്ങിനെതിരായ പ്രകടനത്തോടെയാണ് താരം ടി20 ഫോർമാറ്റിൽ ഏറ്റവും ഉയർന്ന ശരാശരിയുള്ള ബാറ്ററായത്. മത്സരത്തില്‍ 44 ബോളില്‍ ഒരു ഫോറും മൂന്ന് സിക്‌സും സഹിതം 59 റണ്‍സാണ് താരം അടിച്ചെടുത്തത്.
also read: 'ധോണി മോശം വിക്കറ്റ് കീപ്പര്‍'; ഒരുപാട് ക്യാച്ചുകള്‍ നഷ്‌ടപ്പെടുത്തിയെന്ന് മുന്‍ പാക് താരം