കൊല്‍ക്കത്ത : രഞ്ജി ട്രോഫി വിജയം ഇന്ത്യന്‍ ടെസ്‌റ്റ് സൂപ്പര്‍താരം ചേതേശ്വര്‍ പുജാരയ്‌ക്ക് സമര്‍പ്പിച്ച് സൗരാഷ്‌ട്ര നായകന്‍ ജയ്‌ദേവ് ഉനദ്‌കട്ട്. സൗരാഷ്‌ട്രയുടെ പ്രിയപുത്രനാണ് ചിന്‍റുവെന്നും ഡല്‍ഹിയില്‍ ഓസ്‌ട്രേലിയക്കെതിരെ തന്‍റെ നൂറാം ടെസ്‌റ്റ് കളിക്കുമ്പോഴും ഞങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് അദ്ദേഹം ഞങ്ങളോടൊപ്പം അതേ ആകാംക്ഷയിലായിരുന്നുവെന്നും ഉനദ്‌കട്ട് അറിയിച്ചു. അതേസമയം 2010ൽ അരങ്ങേറ്റം കുറിച്ച് 13 വർഷം നീണ്ട ടെസ്‌റ്റ് കരിയറിൽ 7000 റൺസ് തികച്ചുകൊണ്ട് നൂറോ അതിലധികമോ ടെസ്‌റ്റുകൾ കളിക്കുന്ന 13-ാമത്തെ ഇന്ത്യന്‍ താരമായി പുജാര മാറിയിരുന്നു.
ഇത് 'സൗരാഷ്‌ട്ര യുഗം': ഇത്തവണത്തെ രഞ്ജി ട്രോഫി വിജയത്തോടെ ടീമിനെ മൂന്ന് പ്രീമിയർ ആഭ്യന്തര കിരീടങ്ങളിലേക്ക് നയിച്ച ഉനദ്‌കട്ട്, ഈ യുഗവും ദശകവും സൗരാഷ്‌ട്രയുടേതാണെന്ന് ടീമിനെക്കുറിച്ചും വാചാലനായി. 2020 ലെ രഞ്ജി ട്രോഫി ഫൈനലിന്‍റെ ആവര്‍ത്തനം പോലെ ബംഗാളിനെതിരെയുള്ള മത്സരത്തില്‍ ഒമ്പത് വിക്കറ്റിന് വിജയിച്ച് രണ്ടാം തവണയും രഞ്ജി ട്രോഫി സ്വന്തമാക്കിയതിലെ സന്തോഷവും ഉനദ്‌കട്ട് പങ്കുവച്ചു. മാത്രമല്ല ഇക്കഴിഞ്ഞ ഡിസംബറിൽ വിജയ് ഹസാരെ ട്രോഫി സ്വന്തമാക്കിയതും സൗരാഷ്‌ട്രയുടെ പ്രതാപം വ്യക്തമാക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. ആഭ്യന്തര ക്രിക്കറ്റിലെ ആധിപത്യം തെളിയിക്കാനും ഈ ദശാബ്‌ദം സൗരാഷ്‌ട്രയുടേതാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തുന്നതിനും ഈ വിജയം പ്രധാനമായിരുന്നുവെന്നറിയിച്ച ഉനദ്‌കട്ട്, മൂന്ന് വർഷത്തിനിടെയുള്ള മൂന്ന് ട്രോഫികൾ തങ്ങൾ ഒരുപാട് കാര്യങ്ങൾ ശരിയായി ചെയ്യുന്നുണ്ടെന്ന് തെളിയിക്കുന്നതാണെന്നും വ്യക്തമാക്കി.
പ്രധാന ലക്ഷ്യം ഇനിയും അകലെ : എന്നാല്‍ തന്‍റെ ലക്ഷ്യങ്ങളെ കുറിച്ച് പറയാനും ഉനദ്‌കട്ട് മറന്നില്ല. ട്രോഫികൾ നേടുക മാത്രമല്ല, തങ്ങളുടെ ടീമിന് ഒരു പാരമ്പര്യം സൃഷ്‌ടിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ മേഖലയിലെ ക്രിക്കറ്റിന് വലിയ സ്വാധീനം ലഭിക്കുമെന്നും ഉനദ്‌കട്ട് അഭിപ്രായപ്പെട്ടു. വരുന്ന മൂന്ന് നാല് കൊല്ലം നിലവിലെ വിജയപാരമ്പര്യം തുടര്‍ന്നുപോവുകയാണ് പ്രധാനലക്ഷ്യമെന്നും അദ്ദേഹം മാധ്യമങ്ങളോടായി മനസുതുറന്നു.
നമ്മുടെ 'പിള്ളേരുടെ വിജയം': രഞ്‌ജി ട്രോഫിയില്‍ സൗരാഷ്‌ട്ര കന്നി കിരീടം നേടിയത് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബംഗാളിനെതിരായി അവരുടെ തട്ടകമായ രാജ്‌കോട്ടില്‍ ആദ്യ ഇന്നിങ്‌സ് ലീഡിന്‍റെ പിന്‍ബലത്തോടെയായിരുന്നു. അന്ന് എല്ലാവരും പറഞ്ഞത് വിക്കറ്റ് ഞങ്ങള്‍ക്ക് അനുകൂലമായത് കൊണ്ടാണെന്നാണ്. എന്നാല്‍ അങ്ങനെയായിരുന്നില്ല. ഫൈനല്‍ പോലുള്ള നിര്‍ണായക മത്സരത്തില്‍ ഞങ്ങള്‍ക്ക് ആധിപത്യം നേടിത്തന്നതിന്‍റെ എല്ലാ ക്രെഡിറ്റും ടീമംഗങ്ങള്‍ക്കാണെന്നും ഇത്തവണയും അതില്‍ മാറ്റമുണ്ടായില്ലെന്നും ജയദേവ് ഉനദ്‌കട്ട് പറഞ്ഞു. മാത്രമല്ല ഫൈനല്‍ വിജയിക്കാന്‍ എല്ലായ്‌പ്പോഴും എല്ലാവരുടെയും മേല്‍ സമ്മര്‍ദമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കപ്പ് വന്ന വഴി: അതേസമയം കൊൽക്കത്തയിലെ ഈഡൻ ഗാർഡനില്‍ നടന്ന ഫൈനല്‍ പോരാട്ടത്തിൽ എതിരാളികളായ ബംഗാളിനെ ഒൻപത് വിക്കറ്റിനാണ് സൗരാഷ്‌ട്ര തോൽപ്പിച്ചത്. ടോസ് നേടി ബംഗാളിനെ ബാറ്റിങ്ങിനയച്ച് സൗരാഷ്‌ട്ര 174 എന്ന തുച്ഛമായ സ്കോറില്‍ അവരെ എറിഞ്ഞിട്ടു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്‌ട്ര 230 റൺസിന്‍റെ മികച്ച ലീഡും സ്വന്തമാക്കി. ഓപ്പണറായിറങ്ങിയ ഹാർവിക് ദേശായി (50), പിന്നീടെത്തിയ ഷെൽഡൻ ജാക്‌സൺ (59), തുടര്‍ന്നിറങ്ങിയ അർപിത് വാസവദ (81), ചിരാഗ് ജാനി (60) എന്നിവരുടെ അർധ സെഞ്ച്വറികള്‍ സൗരാഷ്‌ട്രയ്ക്ക് 404 റണ്‍സ് നേടിക്കൊടുത്തു.
വരിഞ്ഞുമുറുകി നേടിയ ട്രോഫി : ഇതിന് പിന്നാലെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ബംഗാളിനായി നായകന്‍ മനോജ് തിവാരി (68), അനുസ്‌തൂപ് മജുംദാർ (61) എന്നിവർക്ക് മാത്രമേ തിളങ്ങാനായുള്ളൂ. ഇത്തവണ 85 റൺസ് വഴങ്ങി 6 വിക്കറ്റ് നേടിയ സൗരാഷ്‌ട്ര നായകന്‍ ജയ്‌ദേവ് ഉനദ്‌കട്ട് കരുത്തുകാട്ടി. മൂന്ന് വിക്കറ്റുമായി ചേതൻ സകരിയയും തിളങ്ങിയതോടെ 241 റൺസിന് ബംഗാള്‍ നിലംപതിച്ചു. തുടര്‍ന്ന് 12 റൺസെന്ന കുഞ്ഞൻ വിജയലക്ഷ്യവുമായിറങ്ങിയ സൗരാഷ്‌ട്രയ്ക്ക് രണ്ടാം ഓവറിൽ ഓപ്പണർ ജയ് ഗോഹിലിനെ നഷ്‌ടമായെങ്കിലും പിന്നീട് കൈകോര്‍ത്ത ഹാർവിക് ദേശായ് - വിശ്വരാജ് ജഡേജ സഖ്യം അനായാസം വിജയം കൈപ്പിടിയിലാക്കി. രണ്ട് ഇന്നിങ്‌സുകളിലായി ഒൻപത് വിക്കറ്റ് നേടിയ സൗരാഷ്‌ട്ര നായകൻ ജയ്‌ദേവ് ഉനദ്‌കട്ടായിരുന്നു മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.