രാജ്കോട്ട് : രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മേഘാലയക്കെതിരായ മത്സരത്തിന്‍റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ കേരളത്തിന് 51 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്. എലൈറ്റ് ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത മേഘാലയ 40.5 ഓവറില്‍ 148 റണ്‍സിന് പുറത്തായി.
മറുപടിക്കിറങ്ങിയ കേരളം 36 ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 205 എന്ന നിലയിലാണ്. 97 പന്തില്‍ 107 റണ്‍സടിച്ച രോഹന്‍ കുന്നുമ്മലിന്‍റെ വിക്കറ്റാണ് കേരളത്തിന് നഷ്‌ടമായത്. 17 ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്.
117 പന്തില്‍ 91 റണ്‍സെടുത്ത രാഹുല്‍ പിയും മൂന്ന് പന്തില്‍ നാല് റണ്‍സുമായി ജലജ് സക്‌സേനയുമാണ് ക്രീസില്‍. മേഘാലയയ്‌ക്കായി സിജി ഖുറാനയാണ് വിക്കറ്റ് നേടിയത്.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മേഘാലയയെ കേരള പേസര്‍മാര്‍ എറിഞ്ഞൊതുക്കുകയായിരുന്നു. അരങ്ങേറ്റക്കാരന്‍ ഏദന്‍ ആപ്പിള്‍ ടോമിന്‍റെ നാല് വിക്കറ്റ് പ്രകടനമാണ് മേഘാലയയെ തകര്‍ത്തത്. ഒമ്പത് ഓവറില്‍ 41 റണ്‍സാണ് താരം വഴങ്ങിയത്.
also read: Yash Dhull: രഞ്ജി ട്രോഫിയില്‍ സെഞ്ച്വറിയുമായി അരങ്ങേറ്റം ഗംഭീരമാക്കി യാഷ് ദുല്‍
മനു കൃഷ്ണന്‍ മൂന്നും എസ് ശ്രീശാന്ത് രണ്ടും ബേസില്‍ തമ്പി ഒരു വിക്കറ്റും വീഴ്ത്തി. 90 പന്തില്‍ 93 റണ്‍സെടുത്ത ക്യാപ്റ്റന്‍ പുനിത് ബിഷ്‌ടിന് മാത്രമാണ് കേരള ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായത്.