തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബി നായകനാകുന്ന ടീമിൽ വിഷ്‌ണു വിനോദാണ് വൈസ് ക്യാപ്‌റ്റൻ. ഇന്ത്യൻ മുൻ താരം ശ്രീശാന്തും ടീമിൽ ഇടം നേടിയിട്ടുണ്ട്. രാജ്കോട്ടിൽ 17 മുതലാണ് കേരളത്തിന്‍റെ മത്സരങ്ങൾ ആരംഭിക്കുക. അതേ സമയം പരിക്കേറ്റ റോബിൻ ഉത്തപ്പയ്‌ക്ക് ടീമിൽ ഇടം നേടാൻ സാധിച്ചില്ല.
ആദ്യ മത്സരത്തിൽ സഞ്‌ജു സാംസണും കളിക്കില്ല. ബെംഗളൂരുവിലെ ദേശിയ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്‌നസ് ടെസ്റ്റിലായതിനാൽ സഞ്‌ജു സാംസണെ തൽക്കാലം ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. കായികക്ഷമത പരിശോധന കഴിഞ്ഞ് 17-ാം തീയതി മാത്രമേ സഞ്ജു ടീമിനൊപ്പം ചേരുകയുള്ളു.
ജൂനിയർ ക്രിക്കറ്റിൽ തിളങ്ങിയ 17 വയസുകാരനായ പേസർ ഏദൻ ആപ്പിൾ ടോം ആണ് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരം. അണ്ടർ-19 ടീമിൽ തകർപ്പൻ പ്രകടനം കാഴ്‌ചവെച്ച വിക്കറ്റ് കീപ്പർ ബാറ്റർ വരുണ്‍ നായനാർ, അണ്ടർ 25 ടീമിലെ ഇടംകൈയൻ ഓപ്പണർ ആനന്ദ് കൃഷ്‌ണൻ എന്നിവരും ടീമിലെ പുതുമുഖങ്ങളാണ്.
ടീം അംഗങ്ങൾ: സച്ചിൻ ബേബി, വിഷ്‌ണു വിനോദ്, ആനന്ദ് കൃഷ്‌ണൻ, രോഹൻ കുന്നുമ്മേൽ, വത്സൽ ഗോവിന്ദ്, ജലജ് സക്സേന, വരുണ്‍ നായനാർ, സൽമാൻ നിസാർ, ബേസിൽ തമ്പി, എം.ഡി.നിധീഷ്, സിജോമോൻ ജോസഫ്, പി.രാഹുൽ, കെ.സി. അക്ഷയ്, എസ്.മിഥുൻ, എൻ.പി.ബേസിൽ, മനു കൃഷ്ണൻ, എഫ്.ഫനൂസ്, വിനൂപ് മനോഹരൻ, എസ് ശ്രീശാന്ത്, ഏദൻ ആപ്പിൾ ടോം.