തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഛത്തീസ്ഗഢിനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. തുമ്പ സെന്‍റ് സേവ്യേഴ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് കേരളം ജയം പിടിച്ചത്. ഛത്തീസ്ഗഢ് ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് കേരളം നേടിയത്.
ആദ്യം ബാറ്റ് ചെയ്‌ത ഛത്തീസ്ഗഢ് നേടിയ 149 റണ്‍സിന് മറുപടിക്കിറങ്ങിയ കേരളം 311 റണ്‍സെടുത്തിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഛത്തീസ്‌ഗഢിനെ 287 റണ്‍സില്‍ പിടിച്ച് കെട്ടിയാണ് കേരളം 126 റണ്‍സ് വിജയ ലക്ഷ്യം കുറിച്ചത്. സ്‌കോര്‍: ഛത്തീസ്ഗഢ് -149, 287. കേരളം- 311, 126/3.
അര്‍ധ സെഞ്ചുറിയുമായി പുറത്താവാതെ നിന്ന പി രാഹുലാണ് കേരളത്തെ വിജത്തിലേക്ക് നയിച്ചത്. 58 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 66 റണ്‍സാണ് താരം നേടിയത്. വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളത്തിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രാഹുലും രോഹന്‍ കുന്നുമ്മലും നല്‍കിയത്.
ഒന്നാം വിക്കറ്റില്‍ ഇരവരും ചേര്‍ന്ന് 86 റണ്‍സ് കൂട്ടിചേര്‍ത്തു. 27 പന്തില്‍ 40 റണ്‍സടിച്ച രോഹനെ അജയ് മണ്ഡലാണ് പുറത്താക്കിയത്. തുടര്‍ന്നെത്തിയ സച്ചിന്‍ ബേബി (1), അക്ഷയ് ചന്ദ്രന്‍ (10) എന്നിവര്‍ക്ക് തിളങ്ങാനായില്ല.
എന്നാല്‍ ജലജ് സക്‌സേനയെ കൂട്ടുപിടിച്ച് (0) രാഹുല്‍ കേരളത്തെ ലക്ഷ്യത്തിലെത്തിച്ചു. ഛത്തീസ്ഗഢിനായി സുമിത് റുയികര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. രണ്ട് ഇന്നിങ്‌സിലുമായി 11 വിക്കറ്റ് വീഴ്‌ത്തിയ ജലജ് സക്‌സേനയാണ് കേരളത്തിന്‍റെ വിജയശില്‍പി.
രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയുമായി തിളങ്ങിയ ഹര്‍പ്രീത് സിങ് ഭാട്ടിയുടെ ഇന്നിങ്‌സാണ് സന്ദര്‍ശകരെ ലീഡിലേക്ക് നയിച്ചത്. 228 പന്തില്‍ 152 റണ്‍സാണ് ഹര്‍പ്രീത് നേടിയത്. അമന്‍ദീപ് ഖാരെ (30),ശശാങ്ക് സിങ് (16), അജയ് മണ്ഡാല്‍ (22), ഷഹ്‌നവാസ് ഹുസൈന്‍ (20), സുമിത് റൂയ്കര്‍ (13) എന്നിവരാണ് രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍.
കേരളത്തിനായി ജലജ് സക്‌സേന ആറ് വിക്കറ്റുകള്‍ വീഴ്‌ത്തി. വൈശാഖ് ചന്ദ്രന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഫാസിലിനും ബേസിലിനും ഒരോ വിക്കറ്റുകള്‍ വീതമുണ്ട്.
നേരത്തെ, അഞ്ച് വിക്കറ്റ് പ്രകടനവുമായി സക്‌സേനയാണ് ഒന്നാം ഇന്നിങ്‌സിലും ഛത്തീസ്ഗഢിനെ തകര്‍ത്തത്. വൈശാഖ് ചന്ദ്രന്‍, സച്ചിന്‍ ബേബി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 40 റണ്‍സ് നേടിയ ഹര്‍പ്രീത് സിങ് ഭാട്ടിയയിരുന്നു ഛത്തീസ്ഗഢിന്‍റെ ടോപ് സ്‌കോറര്‍.
മറുപടിക്കിറങ്ങിയ കേരളത്തിന് അര്‍ധ സെഞ്ചുറി നേടിയ സച്ചിന്‍ ബേബി, രോഹന്‍ പ്രേം എന്നിവരുടെ പ്രകടനമാണ് തുണയായത്. ഇരുവരും 77 റണ്‍സ് വീതമെടുത്തു. ഇരുവരേയും കൂടാതെ 46 റണ്‍സെടുത്ത നായകന്‍ സഞ്ജു സാംസണ് മാത്രമാണ് കേരള നിരയില്‍ പിടിച്ചു നില്‍ക്കാനായത്.
ഛത്തീസ്ഗഡിന് വേണ്ടി സുമിത് രുയ്കര്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. എലൈറ്റ് ഗ്രൂപ്പ് എയില്‍ കേരളത്തിന്‍റെ രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ഡിനെ തോല്‍പ്പിച്ച കേരളം രണ്ടാം മത്സരത്തില്‍ രാജസ്ഥാനെതിരെ സമനില വഴങ്ങി.