കറാച്ചി: ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങള്‍ ക്രിക്കറ്റ് ലോകത്ത് ചൂടേറ്റുന്നതാണ്. രാഷ്‌ട്രീയ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധം പൂര്‍ണമായ രീതിയില്‍ പുനഃസ്ഥാപിക്കാത്തതിനാല്‍ പ്രാധാന ടൂര്‍ണമെന്‍റുകളില്‍ മാത്രമാണ് നിലവില്‍ ഇരുടീമുകളും നേര്‍ക്കുനേരെത്തുന്നത്. ഇത്തരം ടൂര്‍ണമെന്‍റുകളില്‍ പാകിസ്ഥാന് മേല്‍ ഇന്ത്യയ്‌ക്ക് വ്യക്തമായ ആധിപത്യവുമുണ്ടായിരുന്നു.
എന്നാല്‍ കഴിഞ്ഞ ടി20 ലോകകപ്പിലും ഏഷ്യ കപ്പിലും പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. ഇതോടെ ഇന്ത്യന്‍ ടീം പാകിസ്ഥാന്‍ ടീമിനെ ബഹുമാനിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ റമീസ് രാജ. പാകിസ്ഥാന് തങ്ങളെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന ഇന്ത്യയുടെ ആത്മവിശ്വാസത്തിന് ഇളക്കം തട്ടിയതായും റമീസ് രാജ പറഞ്ഞു.
"ഇന്ത്യ-പാക് മത്സരങ്ങള്‍ എപ്പോഴും കഴിവിനേക്കാളുപരി മാനസികമായ പോരാട്ടങ്ങളാണ്. തളരില്ല എന്ന ഉറച്ച വിശ്വാസമുണ്ടെങ്കില്‍ ചെറിയ ടീമുകൾക്കും വലിയ ടീമുകളെ തോൽപ്പിക്കാം. ലോകകപ്പ് വേദികളില്‍ ഇന്ത്യയെ നേരിടാനിറങ്ങുമ്പോള്‍ പാകിസ്ഥാനെ ചെറിയ ടീമായാണ് കണക്കാക്കിയിരുന്നത്.
എന്നാലിപ്പോള്‍ വൈകിയാണെങ്കിലും അവര്‍ ഞങ്ങളെ ബഹുമാനിക്കാന്‍ തുടങ്ങിയിരിക്കുന്നു. കാരണം, പാക്കിസ്ഥാന് തങ്ങളെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന അവരുടെ വിശ്വാസത്തിന് ഇളക്കം തട്ടിയിരിക്കുന്നു". റമീസ് രാജ ഡോണ്‍ ദിനപത്രത്തോട് പറഞ്ഞു.
പരിമിതമായ വിഭവങ്ങളുമായാണ് പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കൊപ്പം മത്സരിക്കുന്നതെന്നും റമീസ് രാജ പറഞ്ഞു. "തീര്‍ച്ചയായും ഇതിന്‍റെ ക്രെഡിറ്റ് നിലവിലെ പാക് ടീമിന് നല്‍കണം. കാരണം നമ്മള്‍ തോല്‍പ്പിച്ചിരിക്കുന്നത് ബില്യണ്‍ ഡോളര്‍ ക്രിക്കറ്റ് ഇന്‍ഡസ്ട്രിയെയാണ്.
ഇന്ത്യയ്‌ക്കെതിരെ ഞാനും ലോകകപ്പില്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ അവരെ തോല്‍പ്പിക്കാനായിരുന്നില്ല. ഈ ടീമിന് അഭിനന്ദം നല്‍കിയേ മതിയാവൂ. പരിമിതമായ വിഭവങ്ങളുമായാണ് ഇന്ത്യയ്‌ക്കൊപ്പം പാകിസ്ഥാന്‍ മത്സരിക്കുന്നത്". റമീസ് രാജ വ്യക്തമാക്കി.