ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ ഇന്ത്യന്‍ വനിതകള്‍ക്ക് നഷ്ടമായെങ്കിലും ടീമിന്‍റെ പ്രകടനം കൂടുതല്‍ മെച്ചപ്പെട്ടതായി കോച്ച് രമേശ് പവാര്‍. നടക്കാനിരിക്കുന്ന ടി20 ലോക കപ്പിന് മുന്നോടിയായി ടീമിലെ ചില ഭാഗങ്ങളില്‍ കൂടെ കുറച്ച് മാറ്റങ്ങള്‍ ആവശ്യമാണെന്നും പവാര്‍ പറഞ്ഞു.
സൗത്ത് ആഫ്രിക്കയ്ക്കെതിരെ ഈ വര്‍ഷം ആദ്യം നടന്ന പരമ്പരയിലേതിനേക്കാള്‍ ഫീല്‍ഡിങ്ങിലും ബൗളിങ്ങിലും ടീം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. ഫാസ്റ്റ് ബൗളിങ് യൂണിറ്റില്‍ ജുലാന്‍ ഗോസ്വാമി മാത്രമാണുള്ളത്. ഈ വിഭാഗത്തില്‍ ഇനിയും താരങ്ങള്‍ വരേണ്ടതുണ്ട്.
also read: ഡാനി വ്യാറ്റിന്‍റെ വെടിക്കെട്ടില്‍ ഇംഗ്ലണ്ട് ; ഇന്ത്യയ്ക്ക് ടി20 പരമ്പര നഷ്ടം
ബാറ്റിങ്ങില്‍ മിഡില്‍ ഓവറുകളിലാണ് ഇനിയും മെച്ചപ്പെടാനുള്ളത്. ഏകദിനത്തില്‍ പവര്‍ പ്ലേയ്ക്ക് ശേഷമുള്ള ഓവറുകളില്‍ സ്ട്രൈക്ക് റൊട്ടേഷന്‍ നടക്കുകയും ഡോട്ട് ബോളുകളില്‍ കൂടുതല്‍ റണ്‍സ് കണ്ടെത്തുകയും ചെയ്യേണ്ടതുമുണ്ട്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇനിയും ഒരു പാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ സമനില പിടിക്കാന്‍ സംഘത്തിനായെന്നും പവാര്‍ പറഞ്ഞു. അതേസമയം മിതാലി രാജ് മികച്ച പ്രകടനം നടത്തുന്നുണ്ടെന്നും മറ്റ് താരങ്ങളില്‍ നിന്നും കൂടുതല്‍ പിന്തുണ ആവശ്യമാണെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.