അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലിന്‍റെ ആവേശപ്പോരില്‍ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്ക് നേരെത്തുകയാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും സന്തുലിതമാണ് ഇരു ടീമുകളും. ഇതോടെ ആര്‍ക്കൊപ്പമാവും വിജയമെന്ന ആകാംക്ഷയിലാണ് ആരാധകരുള്ളത്.
എന്നാല്‍ ഗുജറാത്തിനെതിരെ രാജസ്ഥാന് മേല്‍ക്കൈയുണ്ടെന്നാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ താരവും കമന്‍റേറ്ററുമായ ഗ്രെയിം സ്‌മിത്ത് പറയുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആദ്യ ക്വാളിഫയറില്‍ രാജസ്ഥാനെ തോല്‍പ്പിച്ചാണ് ഗുജറാത്തിന്‍റെ ഫൈനല്‍ പ്രവേശനം.
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ കീഴടക്കിയാണ് രാജസ്ഥാന്‍ ഫൈനലിനെത്തുന്നത്. ഞായറാഴ്‌ച ഇതേ വേദിയിലാണ് ഫൈനല്‍ മത്സരം നടക്കുന്നത്.
ഒരേ വേദിയില്‍ വീണ്ടും കളിക്കുന്നത് രാജസ്ഥാന് ഗുണം ചെയ്യുമെന്നാണ് സ്‌മിത്ത് വിശ്വസിക്കുന്നത്. "ഗുജറാത്ത് ടൈറ്റൻസിനേക്കാൾ രാജസ്ഥാൻ റോയൽസിനുള്ള നേട്ടം അവർ ഈ പ്രതലത്തിൽ ഒരു മത്സരം കളിച്ചുവെന്നതാണ്. ഗ്രൗണ്ടിലെ അന്തരീക്ഷം, ഔട്ട്‌ഫീൽഡ്, പിച്ച്, അധിക ബൗൺസ് തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടാവും.
പക്ഷേ ഇത് ഒറ്റ തവണയാണെന്ന് ഞാൻ കരുതുന്നു. ഇതുപോലുള്ള മത്സരങ്ങളിൽ കളിക്കാരില്‍ ആരെങ്കിലും അവസരത്തിനൊത്ത് നിൽക്കുകയും വൻ പ്രകടനം പുറത്തെടുക്കുകയും ചെയ്‌താൽ അത് ടീമിന് വലിയ ഉത്തേജനമാവും. ഫൈനലിലെത്തിയ ഇരു ടീമിലും നിരവധി മാച്ച് വിന്നര്‍മാരുണ്ടെന്നത് ഫൈനല്‍ മത്സരം ആവേശകരമാക്കും." സ്‌മിത്ത് പറഞ്ഞു.