ദുബായ് : ഐസിസി ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യൻ ഓപ്പണർ കെഎൽ രാഹുലും സഹതാരം വിരാട് കോലിയും യഥാക്രമം നാലാം സ്ഥാനത്തും പത്താം സ്ഥാനത്തും തുടരുന്നു. ബൗളര്‍മാരുട റാങ്കിങ്ങിലും ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങിലും ആദ്യ പത്തില്‍ ഇടം പിടിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായില്ല.
ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഓസിസ് പേസര്‍ ജോഷ് ഹെയ്‌സൽവുഡ് നേട്ടമുണ്ടാക്കി. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം രണ്ടാം സ്ഥാനത്തെത്തി. ഹെയ്‌സൽവുഡിന്‍റെ കരിയറിലെ മികച്ച റാങ്കിങ്ങാണിത്.
ദക്ഷിണാഫ്രിക്കയുടെ തബ്രായിസ് ഷംസിയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഒരു സ്ഥാനം മെച്ചപ്പെടുത്തി 784 റേറ്റിങ് പോയിന്‍റോടെയാണ് ഷംസി ഒന്നാമതെത്തിയത്. നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ശ്രീലങ്കന്‍ താരം വാനിന്ദു ഹസരംഗ മൂന്നാം സ്ഥാനത്തേക്ക് താഴ്‌ന്നു.
ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ പാക് താരങ്ങളായ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ദക്ഷിണാഫ്രിക്കന്‍ താരം അയ്‌ഡന്‍ മാര്‍ക്രം, കെഎല്‍ രാഹുല്‍, ഇംഗ്ലണ്ട് താരം ഡേവിഡ് മലാന്‍ എന്നിവര്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ തുടരുകയാണ്.
ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഒരു സ്ഥാനം താഴ്ന്ന് ഏഴാം സ്ഥാനത്തെത്തി. ന്യൂസിലാൻഡ് താരം ഡെവോൺ കോൺവെ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി.
മാറ്റമില്ലാതെ കോലിയും രോഹിത്തും
ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ തുടരുകയാണ്. പാക് നായകന്‍ ബാബര്‍ അസമാണ് ഒന്നാം സ്ഥാനത്ത്.
ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവര്‍ റാങ്കിങ്ങില്‍ മുന്നേറിയിട്ടുണ്ട്. വെസ്റ്റ്‌ഇന്‍ഡീസിനെതിരായ പരമ്പരയിലെ പ്രകടമാണ് ഇരുവര്‍ക്കും തുണയായത്. 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അയ്യര്‍ 61ാം സ്ഥാനത്താണുള്ളത്. ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ പന്ത് 71ാം സ്ഥാനത്തെത്തി. ഏകദിനത്തില്‍ പന്തിന്‍റെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്.
പ്രസിദ്ധ് കൃഷ്‌ണയ്‌ക്ക് കുതിപ്പ്
ഏകദിന ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലും മാറ്റമില്ല. ഏഴാം സ്ഥാനത്തുള്ള ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് അദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരം.
വിന്‍ഡീസിനെതിരെ തിളങ്ങിയ പേസര്‍ പ്രസിദ്ധ് കൃഷ്‌ണ മികച്ച മുന്നേറ്റം നടത്തി. 50 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം 44ാം സ്ഥാനത്തെത്തി. വിന്‍ഡീസ് താരം അല്‍സാരി ജോസഫ് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആദ്യ 20ലെത്തിയിട്ടുണ്ട്.
കിവീസ് പേസര്‍ ട്രെന്‍റ് ബോള്‍ട്ട്, ഓസിസ് താരം ജോഷ് ഹെയ്‌സൽവുഡ്, ഇംഗ്ലണ്ട് താരം ക്രിസ് വോക്‌സ്, അഫ്‌ഗാന്‍ താരങ്ങളായ മുജീബ് ഉര്‍ റഹ്മാന്‍, മെഹ്‌ദി ഹസന്‍ എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ തുടരുന്നത്.