ബെംഗളൂരു: ദേശിയ ക്രിക്കറ്റ് അക്കാദമി മുഖ്യ പരിശീലക സ്ഥാനത്ത് തുടരാൻ താത്പര്യം പ്രകടിപ്പിച്ച് ഇന്ത്യയുടെ മുൻ നായകൻ രാഹുൽ ദ്രാവിഡ് അപേക്ഷ നൽകി. ഇതോടെ ഇന്ത്യയുടെ സീനിയർ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനം ദ്രാവിഡ് ഏറ്റെടുക്കാനുള്ള സാധ്യതകൾക്ക് മങ്ങലേറ്റിരിക്കുകയാണ്.
ഇക്കൊല്ലം യുഎഇയിൽ നടക്കുന്ന ടി-20 ലോകകപ്പോടെ രവിശാസ്ത്രി ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിയാനാണ് സാധ്യത. ലോകകപ്പോടെ ശാസ്ത്രിയുടെ കരാർ കാലാവധി അവസാനിക്കും. അടുത്തിടെ നടന്ന ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനായി ബിസിസിഐ ദ്രാവിഡിനെയാണ് നിയമിച്ചത്. ഇതോടെയാണ് അടുത്ത ഇന്ത്യൻ പരിശീലകനായി ദ്രാവിഡിനെ നിയമിക്കണമെന്ന അഭ്യൂഹം ശക്തമായത്.
നിലവില്‍ എന്‍.സി.എ തലവനായിരുന്ന ദ്രാവിഡിന്‍റെ രണ്ടു വര്‍ഷ കാലാവധി അടുത്തിടെ അവസാനിച്ചതോടെയാണ് ബി.സി.സി.ഐ വീണ്ടും അപേക്ഷ ക്ഷണിച്ചത്. എന്നാല്‍ ദ്രാവിഡ് മാത്രമാണ് ഇതുവരെ ഈ സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.
ALSO READ: ടി20 ലോകകപ്പ്; അഫ്‌ഗാനിസ്ഥാനെ ദുർബലരായി കാണരുതെന്ന് ഗൗതം ഗംഭീർ
ഇതേ തുടർന്ന് അപേക്ഷ നൽകാനുള്ള തീയതി ബിസിസിഐ നീട്ടി നൽകിയിട്ടുണ്ട്. എന്നാൽ, അക്കാദമി പരിശീലകനായി മികച്ച പ്രവർത്തനം കാഴ്‌ചവെച്ച ദ്രാവിഡ് തന്നെ ആ സ്ഥാനത്ത് തുടരാനാണ് സാധ്യത.