ബാര്‍ബഡോസ് : വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ വെറ്ററന്‍ താരങ്ങളായ രോഹിത് ശര്‍മയേയും വിരാട് കോലിയേയും പുറത്തിരുത്തി കളിക്കാനിറങ്ങിയ ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റേയും മാനേജ്‌മെന്‍റിന്‍റേയും ഈ തീരുമാനത്തെ വിദഗ്‌ധര്‍ ഉള്‍പ്പടെയുള്ളവര്‍ ചോദ്യം ചെയ്‌തിട്ടുണ്ട്. ഇക്കൂട്ടര്‍ക്ക് വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ് രാഹുല്‍ ദ്രാവിഡ്.
ഏഷ്യ കപ്പും പിന്നീട് സ്വന്തം മണ്ണില്‍ ഏകദിന ലോകകപ്പും നടക്കാനിരിക്കെ പരീക്ഷണങ്ങള്‍ നടത്താനുള്ള അവസാന പരമ്പരയാണിതെന്നാണ് അദ്ദേഹം പ്രതികരിച്ചത്. എല്ലായ്‌പ്പോഴും വലിയ ടൂര്‍ണമെന്‍റുകള്‍ ലക്ഷ്യം വയ്‌ക്കുന്നതിനാല്‍ ചെറിയ പരമ്പരകളെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ കഴിയില്ലെന്നാണ് രാഹുല്‍ ദ്രാവിഡ് പറയുന്നത്.
"എല്ലായ്‌പ്പോഴും വലിയ ടൂര്‍ണമെന്‍റുകളാണ് ഞങ്ങളുടെ മുന്നിലുള്ളത്. ഇതിനാല്‍ ഓരോ മത്സരത്തെയും പരമ്പരയെയും കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല. ഏഷ്യ കപ്പിനും ലോകകപ്പിനും മുമ്പായി ഇതുപോലൊരു പരമ്പരയില്‍ രണ്ടോ മൂന്നോ മത്സരങ്ങൾ മാത്രമാണ് നമുക്ക് ലഭിക്കുന്നത്. അതുകൊണ്ട് ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇവിടെ വീണ്ടും വിരാടിനേയും രോഹിത്തിനേയും വീണ്ടും കളിപ്പിക്കുന്നതില്‍ യാതൊരു അര്‍ഥവുമില്ല"- രോഹിത്തിനും കോലിക്കും വിശ്രമം നൽകാനുള്ള തീരുമാനം രാഹുല്‍ ദ്രാവിഡ് വിശദീകരിച്ചു.
ബ്രിഡ്ജ്ടൗണിലെ കെന്‍സിങ്‌ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ രോഹിത്തിനും വിരാട് കോലിയ്‌ക്കും വിശ്രമം അനുവദിച്ചപ്പോള്‍ സഞ്‌ജു സാംസണും അക്‌സര്‍ പട്ടേലുമാണ് ടീമിലെത്തിയത്. ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ടീമിനെ നയിച്ചത്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാനുള്ള തീരുമാനത്തെക്കുറിച്ച് ടോസിന് ശേഷം ഹാര്‍ദിക് പ്രതികരിച്ചിരുന്നു.
രോഹിത് ശര്‍മയും വിരാട് കോലിയും നിരന്തരം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ മറ്റ് ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. അതുകൊണ്ടാണ് ഇരുവരേയും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നുമായിരുന്നു ഹാര്‍ദിക് പ്രതികരിച്ചത്. മൂന്നാം ഏകദിനത്തിന് ഇരുവരും തിരിച്ചെത്തുമെന്ന് ഹാര്‍ദിക് കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തിരുന്നു.
അതേസയമം ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ പരിശീലക സ്ഥാനത്തുനിന്നും രാഹുല്‍ ദ്രാവിഡിനെ പുറത്താക്കണമെന്ന് ചിലര്‍ മുറവിളി കൂട്ടുന്നുണ്ട്. പരിശീലകൻ ദ്രാവിഡ് ഉൾപ്പടെയുള്ള ടീം മാനേജ്‌മെന്‍റിന്‍റെ വഴിവിട്ട പരീക്ഷണങ്ങളാണ് ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിവിട്ടതെന്നാണ് ഇവര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് 'സാക്ക് ദ്രാവിഡ്' എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്.
സമീപകാലത്ത് അത്ര ഫോമിലല്ലാത്ത രോഹിത്തിനേയും കോലിയേയും വിന്‍ഡീസിനെതിരെ കളിപ്പിക്കണമായിരുന്നു. ലോകകപ്പ് വര്‍ഷത്തില്‍ ലോകകപ്പിന് യോഗ്യത പോലും നേടാന്‍ കഴിയാത്ത വെസ്റ്റ് ഇന്‍ഡീസിനെതിരായ തോല്‍വി ടീമിന് ക്ഷീണം ചെയ്യുമെന്നുമാണ് ദ്രാവിഡ് വിമര്‍ശകരുടെ വാക്കുകള്‍. അതേസമയം മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റുകള്‍ക്കാണ് തോല്‍വി വഴങ്ങിയത്.
ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ 40.5 ഓവറില്‍ 181 റണ്‍സിന് പുറത്തായപ്പോള്‍ മറുപടിക്കിറങ്ങിയ വിന്‍ഡീസ് 36.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ലക്ഷ്യം മറികടക്കുകയായിരുന്നു. വിജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ വിന്‍ഡീസ് 1-1ന് ഇന്ത്യയ്‌ക്ക് ഒപ്പമെത്തി. ആദ്യ മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റുകള്‍ക്ക് വിജയിച്ചിരുന്നു. ഓഗസ്റ്റ് ഒന്നിനാണ് പരമ്പരയിലെ അവസാനത്തേയും മൂന്നാമത്തേയും മത്സരം നടക്കുക.