കൊളംബോ: ഇന്ത്യൻ ടീമിന്‍റെ മുഴുവൻ സമയ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിനെ പറ്റി ഇതുവരെ ചിന്തിച്ചിട്ടില്ലെന്ന് മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ്. ശ്രീലങ്കക്കെതിരായ പരമ്പരക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞാൻ ഈ അനുഭവം വളരെ നന്നായി ആസ്വദിച്ചു. ഇതിനപ്പുറം മുൻപോട്ട് ഞാൻ ചിന്തിച്ചിട്ടില്ല. ഈ പരമ്പരയിൽ ടീമിനൊപ്പം പങ്കുചേർന്നതല്ലാതെ മറ്റ് കാര്യങ്ങളൊന്നും ഞാൻ ഇതുവരെ ആലോചിച്ചിട്ടില്ല. മുഴുവൻ സമയ പരിശീലകനാകുന്നതിൽ നിരവധി വെല്ലുവിളികളുണ്ട്. അതിനാൽ തന്നെ ഞാൻ അതിനെപ്പറ്റി ഇതുവരെ ചിന്തിച്ചിട്ടില്ല', രാഹുൽ ദ്രാവിഡ് പറഞ്ഞു.
ഇന്ത്യൻ ടെസ്റ്റ് ടീമിനൊപ്പം മുഖ്യ പരിശീലകൻ രവി ശാസ്ത്രി ഇംഗ്ലണ്ടിലേക്ക് പോയതിനാലാണ് ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ ദ്രാവിഡിനെ തെരഞ്ഞെടുത്തത്. ദേശീയ ക്രിക്കറ്റ് അക്കാദമി (എൻസിഎ) ഡയറക്ടറായ ദ്രാവിഡ് ഇന്ത്യ എ ടീമിന്‍റെ പരിശീലകനാണ്.
ALSO READ: യുസ്‌വേന്ദ്ര ചാഹലിനും, കൃഷ്ണപ്പ ഗൗതമിനും കൊവിഡ്; മറ്റ് താരങ്ങൾ നിരീക്ഷണത്തിൽ
ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യു.എ.ഇയിലും ഒമാനിലും നടക്കാനിരിക്കുന്ന ടി 20 ലോകകപ്പോടുകൂടെ ശാസ്‌ത്രിയുടെ കരാർ അവസാനിക്കും. അതിനാൽ തന്നെ ഇന്ത്യൻ ടീമിന്‍റെ പുതിയ കോച്ചായി ദ്രാവിഡിനെ നിയമിക്കണമെന്ന ആവശ്യം ക്രിക്കറ്റ് പ്രേമികൾ ശക്തമായി ഉന്നയിക്കുന്നുണ്ട്.