ലണ്ടന്‍: കൊവിഡ് മുക്തനായ ഇന്ത്യന്‍ ഓഫ് സ്‌പിന്നർ രവിചന്ദ്രൻ അശ്വിന്‍ ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. വൈറസ് ബാധയെ തുടര്‍ന്ന് മറ്റ് താരങ്ങള്‍ക്കൊപ്പം ജൂൺ 16ന് ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യാന്‍ അശ്വിന് കഴിഞ്ഞിരുന്നില്ല. യാത്രയ്‌ക്ക് മുമ്പ് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് അശ്വിന്‍റെ യാത്ര മുടങ്ങിയത്.
ടീമിനൊപ്പം ചേര്‍ന്നെങ്കിലും ലെസിസ്റ്റര്‍ഷെയറിനെതിരെ ആരംഭിച്ച സന്നാഹ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ അശ്വിന്‍ ഇടം നേടിയിട്ടില്ല. ജൂലൈ ഒന്നിന് തുടങ്ങുന്ന ടെസ്റ്റിന് മുന്‍പ് താരം പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നാണ് മാനേജ്‌മെന്‍റ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ കൊവിഡ് മൂലം മാറ്റിവച്ച ഒറ്റ ടെസ്റ്റും, മൂന്ന് ഏകദിനങ്ങളും, മൂന്ന് ടി20 മത്സരങ്ങളുമാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കുന്നത്. ഇതിന്‍റെ ഒരുക്കത്തിന്‍റെ ഭാഗമായാണ് ഇന്ത്യ ലെസിസ്റ്റര്‍ഷെയറിനെതിരായ പരിശീലന മത്സരം കളിക്കുന്നത്.
also read: റൂട്ടിന്‍റെ ബാറ്റ് ബാലന്‍സിങ് അനുകരിക്കാന്‍ ശ്രമിച്ച് കോലി; സോഷ്യല്‍ മീഡിയയില്‍ ചിരി- വീഡിയോ
പൊരുതി നിന്ന് ശ്രീകര്‍ ഭരത്: മത്സരത്തിന്‍റെ ആദ്യ ദിനം ലെസിസ്റ്റര്‍ഷെയര്‍ ഇന്ത്യയെ വിറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ എട്ടിന് 246 എന്ന നിലയിലാണ്. സൂപ്പര്‍ താരങ്ങള്‍ കീഴടങ്ങിയപ്പോള്‍ അന്താരാഷ്‌ട്ര അരങ്ങേറ്റം നടത്താത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ശ്രീകര്‍ ഭരതാണ് (70*) ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. വിരാട് കോലി 33 റണ്‍സും, ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ 25 റണ്‍സും നേടി പുറത്തായി. മഴമൂലം 60 ഓവര്‍ മാത്രമാണ് മത്സരം നടന്നത്.