ജോഹന്നാൻസ്ബർഗ് : ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ നേട്ടങ്ങൾക്ക് പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലും റെക്കോഡുകൾ കൊയ്യാൻ തയ്യാറെടുത്ത് ഇന്ത്യൻ സ്‌പിന്നർ രവിചന്ദ്ര അശ്വിൻ. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിന്‍റെ ടെസ്റ്റ് വിക്കറ്റ് നേട്ടം മറികടക്കാനുള്ള അവസരമാണ് അശ്വിനെ കാത്തിരിക്കുന്നത്.
നിലവിൽ 81 ടെസ്റ്റുകളിൽ നിന്ന് 427 വിക്കറ്റുകളുള്ള അശ്വിന് 434 വിക്കറ്റുകളുള്ള കപിൽ ദേവിനെ മറികടക്കാൻ എട്ട് വിക്കറ്റുകൾ കൂടി മതിയാകും. ഈ നേട്ടം കൊയ്യാനായാൽ ടെസ്റ്റിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ താരം എന്ന നേട്ടത്തിലേക്കെത്താൻ അശ്വിന് സാധിക്കും. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 400 വിക്കറ്റുകള്‍ വീഴ്ത്തുന്ന ബോളറെന്ന നേട്ടം അടുത്തിടെ അശ്വിന്‍ സ്വന്തമാക്കിയിരുന്നു.
ALSO READ: Asian Champions Trophy : വെങ്കലപ്പോരാട്ടത്തിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ
103 ടെസ്റ്റുകളിൽ നിന്ന് 417 വിക്കറ്റുകൾ നേടിയ ഹർഭജൻ സിങിനെ മറികടന്ന് ടെസ്റ്റിൽ ഏറ്റവുമധികം വിക്കറ്റുകൾ വീഴ്‌ത്തുന്ന മൂന്നാമത്തെ ഇന്ത്യൻ താരം എന്ന നേട്ടം ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ അശ്വിൻ സ്വന്തമാക്കിയിരുന്നു. കപിൽ ദേവിന് പുറമേ 619 ടെസ്റ്റ് വിക്കറ്റ് നേട്ടവുമായി അനിൽ കുംബ്ലെ മാത്രമേ അശ്വിന് മുന്നിലുള്ളൂ.
മൂന്ന് ടെസ്റ്റുകളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം സെഞ്ചൂറിയനിൽ ഡിസംബര്‍ 26-നാണ് ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് ജനുവരി മൂന്നിന് ജോഗന്നാൻസ്ബർഗിലും, മൂന്നാം ടെസ്റ്റ് ജനുവരി 11ന് കേപ് ടൗണിലും ആരംഭിക്കും.