ചെന്നൈ: ഇന്ത്യയുടെ ഏകദിന ടീമിലേക്ക് വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ പിന്തുണച്ച് സ്‌പിന്നര്‍ ആര്‍ അശ്വിന്‍. ലോകകപ്പ് വര്‍ഷത്തില്‍ ഇന്ത്യയുടെ നിലവിലെ പദ്ധതികളില്‍ നിന്നും ധവാന്‍ പുറത്തായ സാഹചര്യത്തിലാണ് അശ്വിന്‍റെ പ്രതികരണം. സമീപ കാലത്തായി മോശം ഫോം തുടര്‍ന്നിരുന്ന 37കാരന്‍ കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ ബംഗ്ലാദേശില്‍ നടന്ന ഏകദിന പരമ്പരയിലാണ് ഇന്ത്യയ്‌ക്കായി അവസാനം കളിച്ചത്.
പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ നിന്നും ആകെ 18 റണ്‍സാണ് വെറ്ററന്‍ താരത്തിന് നേടാന്‍ കഴിഞ്ഞത്. തുടര്‍ന്ന് ശ്രീലങ്കയ്‌ക്കും ന്യൂസിലന്‍ഡിനും എതിരായ ഏകദിന പരമ്പരയില്‍ നിന്നും ധവാന്‍ പുറത്തായിരുന്നു. പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണര്‍ സ്ഥാനത്തേക്കുള്ള അവകാശവാദം യുവതാരം ശുഭ്‌മാന്‍ ഗില്‍ ഉന്നയിച്ച് കഴിഞ്ഞു.
ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ഇരട്ട സെഞ്ചുറി നേടിയ ഇഷാന്‍ കിഷനാണ് നിലവിലെ ടീമിലെ മറ്റൊരു ഓപ്പണിങ് ഓപ്‌ഷന്‍. എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ അതികായനാണ് ധവാനെന്നാണ് അശ്വിന്‍ പറയുന്നത്. സമ്മർദ ഘട്ടത്തില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്ന താരത്തിന് ടീമില്‍ ഇടം നല്‍കണമെന്നും അശ്വിന്‍ അഭിപ്രായപ്പെട്ടു.
"ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി എന്നിങ്ങനെ ടോപ് ത്രീ പരാജയപ്പെടുമ്പോള്‍ മാത്രമാണ് കഴിഞ്ഞ കാലങ്ങളില്‍ നമ്മള്‍ പ്രശ്‌നം നേരിട്ടിട്ടുള്ളത്. രോഹിതിനെയും കോലിയെയും കുറിച്ച് നമ്മള്‍ ധാരാളം സംസാരിക്കുന്നു. പക്ഷേ ധവാൻ അതികായനാണ്. അയാള്‍ തന്‍റെ ജോലി നിശബ്ദനായി ചെയ്യുകയായിരുന്നു. ധവാന്‍റെ സ്ഥാനം ടീം ഇന്ത്യയ്ക്ക് നികത്താൻ പ്രയാസമായേക്കും. ഒരു ഇരട്ട സെഞ്ചുറി നേടിയതിന് ഇഷാന്‍ കിഷനെ ഗ്രൂം ചെയ്യണമോ, അല്ലെങ്കില്‍ ധവാനിലേക്ക് മടങ്ങണമോ എന്നതാണ് ചോദ്യം.
ഒരു കൂറ്റൻ സ്‌കോറിന്‍റെ അടിസ്ഥാനത്തിൽ ഒരു കളിക്കാരനെ പിന്തുണയ്ക്കുന്നതിനു പകരം, ടീമിന് എന്താണ് ആവശ്യമെന്ന് നമ്മൾ മനസിലാക്കണം. സമ്മർദ ഘട്ടത്തില്‍ ആര്‍ക്കാണ് മികച്ച പ്രകടനം നടത്താന്‍ സാധിക്കുക എന്നതാണ് പ്രധാനം" അശ്വിന്‍ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. ഇന്ത്യക്കായി 167 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള ധവാൻ 17 സെഞ്ചുറികളും 39 അർദ്ധ സെഞ്ചുറികളും സഹിതം 6793 റൺസ് നേടിയിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തില്‍ ഇന്ത്യയിലാണ് ഏകദിന ലോകകപ്പ് നടക്കുക. ഇന്ത്യന്‍ ടീമിലേക്കുള്ള ധവാന്‍റെ മടങ്ങിവരവ് പ്രയാസമാണെന്നാണ് പൊതുവെ വിലയിരുത്തല്‍.
അതേസമയം നിലവില്‍ കിവീസിനെതിരായ ടി20 പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് കളികളില്‍ ഒരോന്ന് വീതം വിജയിച്ച ഇരു സംഘവും ഒപ്പത്തിനൊപ്പമാണ്. റാഞ്ചിയില്‍ നടന്ന ഒന്നാം ടി20യില്‍ കിവീസ് 21 റണ്‍സിന് വിജയിച്ചപ്പോള്‍ ലഖ്‌നൗവില്‍ നടന്ന രണ്ടാം മത്സരം ആറ് വിക്കറ്റിന് പിടിച്ചാണ് ഇന്ത്യ ഒപ്പമെത്തിയത്. നാളെ അഹമ്മദാബാദിലാണ് പരമ്പര വിജയികളെ നിര്‍ണയിക്കുന്ന അവസാന മത്സരം നടക്കുക.