ചെന്നൈ : 2018നും 2020 നും ഇടയിൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്ന കാര്യം പലതവണ ആലോചിച്ചിരുന്നതായി വെളിപ്പെടുത്തി ഇന്ത്യൻ താരം ആർ. അശ്വിൻ. മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തിട്ടും അതിനുള്ള അംഗീകാരം ടീമിൽ നിന്ന് ലഭിക്കാതിരുന്നതോടെയാണ് വിരമിക്കുന്ന കാര്യം ഗൗരവത്തോടെ ആലോചിച്ചതെന്നും അശ്വിൻ വ്യക്‌തമാക്കി.
2018 മുതൽ 2020 വരെയുള്ള കാലം എന്നെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു. ടീമിനായി വളരെയധികം കഷ്‌ടപ്പെട്ടെങ്കിലും അതിന്‍റെ ഫലം ലഭിച്ചിരുന്നില്ല. അതിന്‍റെ നിരാശ എന്നെ ബാധിച്ച് തുടങ്ങിയിരുന്നു. അതിനാൽ കളി നിർത്തിയാലോ എന്ന് ആലോചിച്ചിരുന്നു, അശ്വിൻ പറഞ്ഞു.
'പരിക്കേറ്റപ്പോൾ എനിക്ക് ഒരിടത്തുനിന്നും വേണ്ടത്ര പരിഗണന ലഭിച്ചില്ല. ആ സമയത്തുപോലും മികച്ച പ്രകടനങ്ങളിലുടെ ടീമിന് ഒട്ടേറെ വിജയങ്ങൾ നേടിക്കൊടുക്കാൻ സാധിച്ചിട്ടുണ്ട്. എന്നിട്ടും പിന്തുണ ലഭിച്ചില്ല എന്ന തോന്നൽ വല്ലാതെ അലട്ടി. അതിനാൽ തന്നെ മറ്റേതെങ്കിലും മേഖലയിലേക്ക് മാറി അവിടെ തിളങ്ങാൻ ശ്രമിച്ചാലോ എന്നു പോലും ഞാൻ ചിന്തിച്ചിരുന്നു' - അശ്വിൻ കൂട്ടിച്ചേർത്തു.
ALSO READ: വിജയ് ഹസാരെ ട്രോഫി: സെമിയുറപ്പിക്കാന്‍ കേരളം നാളെ സര്‍വീസസിനെതിരെ
2018 ന് ശേഷം ടി20, ഏകദിന ടീമുകളിൽ നിന്ന് തഴയപ്പെട്ട അശ്വിൻ നിലവിൽ ഇന്ത്യൻ ടീമിന്‍റെ മൂന്ന് ഫോർമാറ്റിലേയും അഭിവാജ്യഘടകമാണ്. ഇത്തവണത്തെ ടി20 ലോകകപ്പിൽ താരത്തെ ഉൾപ്പെടുത്തിയതിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നെങ്കിലും മികച്ച പ്രകടനത്തിലൂടെ വിമർശകരുടെ വായടപ്പിക്കാൻ അശ്വിന് സാധിച്ചിരുന്നു.