ന്യൂഡല്‍ഹി: മികച്ച പേസ് ബോളര്‍മാരെ കണ്ടെത്തുന്നതിനായി പഞ്ചാബിന്‍റെ ഗ്രാമീണ മേഖലകളില്‍ ക്യാമ്പ് സംഘടിപ്പിച്ച് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ (പിസിഎ). ജൂൺ 10 മുതൽ 21 വരെ നടന്ന ഓപ്പണ്‍ ട്രയൽസിൽ 1000-ലധികം പേരാണ് പങ്കെടുത്തത്. ഇതില്‍ നിന്നും 93 ബോളര്‍മാരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയതായും പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. ഇവരിൽ ഭൂരിഭാഗവും തങ്ങളുടെ ഗ്രാമങ്ങളിൽ നിന്നും ഇതേവരെ പുറത്തേക്ക് ഇറങ്ങാത്തവരാണ്.
സംസ്ഥാനത്തിന്‍റെ വിദൂര ഗ്രാമങ്ങളിലുള്ള പ്രതിഭകളെ കണ്ടെത്തുന്നതിനായി ഓപ്പണ്‍ ട്രയൽസ് നടത്തണമെന്ന ആശയം ഇന്ത്യയുടെ മുന്‍ സ്‌പിന്നര്‍ ഹർഭജൻ സിങ്ങാണ് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന് മുന്നില്‍ വച്ചത്. ഇതുവഴി നഷ്‌ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ പഞ്ചാബിന് കഴിയുമെന്നുമാണ് രാജ്യസഭ എംപി കൂടിയായ ഹർഭജൻ അസോസിയേഷനെ ധരിപ്പിച്ചത്.
"കൂടുതല്‍ സംസ്ഥാനങ്ങള്‍ ഇത് മുമ്പ് ചെയ്‌തിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല. പ്രായപരിധിയിൽ പരിമിതപ്പെടുത്തുന്നതിന് പകരം ഓപ്പൺ ട്രയൽസ് നടത്തുക. മികച്ച പേസര്‍മാരെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ കണ്ടെത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പഞ്ചാബിൽ, ഞങ്ങൾക്ക് മികച്ച കുട്ടികള്‍ ഉണ്ട്.
ഉമ്രാൻ മാലിക്കിനെപ്പോലെയോ കുൽദീപ് സെന്നിനെപ്പോലെയോ പോലെ വേഗത്തിൽ പന്തെറിയാന്‍ അവരില്‍ പലര്‍ക്കും കഴിയുമെന്ന കാര്യം വിശ്വസിക്കാതിരിക്കാന്‍ എനിക്ക് കഴിയില്ല. അവരെ കണ്ടെത്തുകയും മികച്ച ബോളര്‍മാരായി വളരാന്‍ സഹായിക്കുക എന്നതായിരുന്നു ഈ ആശയത്തിന് പിന്നില്‍. 16 വയസിനും 24 വയസിനും ഇടയില്‍ പ്രായമുള്ള 90-ഓളം ആൺകുട്ടികളെ ഞങ്ങൾ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്"- ഹര്‍ഭജന്‍ പറഞ്ഞു.
ബിസിസിഐയിൽ നിന്ന് ലഭിക്കുന്ന ഫണ്ട് ശരിയായ രീതിയിൽ വിനിയോഗിക്കണമെന്നും പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനോട് അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. സിദാർത്ഥ് കൗൾ, സന്ദീപ് ശർമ, ബൽതേജ് ദണ്ഡ തുടങ്ങിയ മീഡിയം പേസർമാരുമായാണ് പഞ്ചാബ് കുറച്ച് വര്‍ഷങ്ങളായി കളിക്കുന്നത്. മണിക്കൂറിൽ 125 മുതൽ 135 കിലോമീറ്റർ വരെയാണ് ഇവരുടെ വേഗത. വിആർവി സിങ് ടീം വിട്ടതിന് ശേഷം സ്ഥിരമായി 140 മുതൽ 145 കിലോമീറ്റർ വരെ വേഗതയില്‍ പന്തെറിയാന്‍ കഴിയുന്ന ഒരു പേസറെ കണ്ടെത്താന്‍ പഞ്ചാബിന് കഴിഞ്ഞിട്ടില്ല.
ഇതോടെ മികച്ച പേസ് ബോളിങ് പ്രതിഭകളെ കണ്ടെത്തുന്നതിനായി സെക്രട്ടറി ദിൽഷർ ഖന്നയുടെ നേതൃത്വത്തില്‍ പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. സെലക്‌ഷന്‍ നടത്തുന്നതിനായി ഇന്ത്യയുടെ മുന്‍ പേസർമാരായ മൻപ്രീത് സിങ് ഗോണി, ഗഗൻദീപ് സിങ് എന്നിവരോടൊപ്പം മുൻ ദേശീയ സെലക്ടർ ഹർവീന്ദർ സിങ്ങിനെ നിയമിക്കുകയും ചെയ്‌തു.
ക്യാമ്പ് സംഘടിപ്പിക്കുന്ന വിവരം പ്രാദേശിക പത്രങ്ങളിലും പ്രാദേശിക കേബിൾ ചാനലുകളിലും പരസ്യം നല്‍കിയാണ് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ ജനങ്ങളെ അറിയിച്ചത്. ഇതുവരെ മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ലാത്തവരെ മാത്രമാണ് ട്രയൽസിൽ പങ്കെടുക്കാൻ അനുവദിച്ചത്. സംസ്ഥാനത്തെ 20 ജില്ലകളെ ആറ് സോണുകളായി തിരിച്ച് അമൃത്‌സർ, ജലന്ധർ, ബർണാല, മുക്‌ത്‌സർ സാഹിബ് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ക്യാമ്പുകള്‍ നടന്നത്.
ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി മൊഹാലിയിൽ 15 ദിവസത്തെ ക്യാമ്പ് നടത്താനാണ് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍റെ തുടര്‍ പദ്ധതി. ഇതില്‍ 50 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. ഇവരെ പ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ മൂന്ന് ഗ്രൂപ്പുകളാക്കുകയും മികച്ച പ്രകടനം നടത്തുന്നവരെ ബോര്‍ഡ് ക്രിക്കറ്റിന് തയ്യാറാക്കുകയും ചെയ്യാനുമാണ് അസോസിയേഷന്‍ ലക്ഷ്യം വയ്‌ക്കുന്നത്.
ALSO READ: സഞ്ജു സാംസൺ ഏകദിന ടീമില്‍; വിൻഡീസ് പര്യടനത്തിന് ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു