മുംബൈ : ഏകദിന ലോകകപ്പിലെ (ODI World Cup 2023) ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇഷാന്‍ കിഷനെ പിന്തുണച്ച് മുന്‍ സ്‌പിന്നര്‍ പിയൂഷ് ചൗള (Piyush Chawla Supports Ishan Kishan in India's Playing XI ODI World Cup 2023). സമീപകാലത്തായി ഏകദിനത്തില്‍ മികച്ച പ്രകടനം നടത്തുന്ന ഇഷാന്‍ കിഷന്‍ ടീമിലേക്ക് ഓട്ടോമാറ്റിക് സെലക്ഷനാണെന്നാണ് പിയൂഷ് ചൗള (Piyush Chawla ) പറയുന്നത്. ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ശ്രേയസ് അയ്യരുടെ (Shreyas Iyer) സ്ഥാനവും അദ്ദേഹം ചോദ്യം ചെയ്‌തു (Piyush Chawla questions Shreyas Iyer's place in Indian team).
"ഇഷാന്‍ കിഷനേയും ശ്രേയസ് അയ്യരേയും കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. എന്തുകൊണ്ട് ശ്രേയസ് അയ്യരെക്കുറിച്ച് സംസാരിച്ചുകൂട...?, ടീമില്‍ അവന്‍റെ സ്ഥാനവും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. സമീപ കാലത്തുള്ള ഇഷാന്‍ കിഷന്‍റെ ( Ishan Kishan) ബാറ്റിങ് കാണുമ്പോള്‍, അവനെ റിസർവ് താരമാക്കി ടീമിന് പുറത്തിരുത്തുന്നതിനോട് എനിക്ക് യോജിക്കാന്‍ കഴിയില്ല.
ടോപ് ഓര്‍ഡര്‍ ബാറ്ററായ ഇഷാന്‍, മധ്യ നിരയില്‍ എങ്ങനെ ബാറ്റ് ചെയ്യും എന്നതിനെപ്പറ്റി ആളുകൾ ചോദ്യങ്ങളുയര്‍ത്തിയേക്കും. എന്നാല്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇഷാന്‍റെ ബാറ്റിങ്ങാണ് അതിനുള്ള മറുപടി (India vs Pakistan). അഞ്ചാം നമ്പറില്‍ ആദ്യമായാണ് അവന്‍ കളിക്കാന്‍ ഇറങ്ങിയത്. അതും ഏറെ കഠിനമായ സാഹചര്യത്തിൽ.
പക്ഷേ, വളരെ നന്നായി ബാറ്റുവീശി അര്‍ധ സെഞ്ചുറിയുമായാണ് അവന്‍ തിരിച്ചുകയറിയത്. മികച്ച ഫോമിലൂടെയാണ് അവന്‍ കടന്ന് പോകുന്നത്. അവനെത്തുന്നതോടെ മധ്യനിരയില്‍ ഇടങ്കയ്യന്‍ ബാറ്ററില്ലെന്ന ഇന്ത്യയുടെ പ്രശ്‌നത്തിനും പരിഹാരമാകും. നമ്മള്‍ പലപ്പോഴും സംസാരിക്കുന്ന ഒരു കാര്യമാണത്. എന്നെ സംബന്ധിച്ച് അവന്‍ ടീമിലേക്ക് ഒരു ഓട്ടോമാറ്റിക് സെലക്ഷനാണ്.
കെഎൽ രാഹുലിനെക്കുറിച്ച് (KL Rahul) നമ്മൾ സംസാരിക്കുകയാണെങ്കിൽ, അദ്ദേഹത്തിന്‍റെ ട്രാക്ക് റെക്കോഡ് വളരെ മികച്ചതാണ്, വർഷങ്ങളായി മികച്ച പ്രകടനം കാഴ്ചവയ്‌ക്കാന്‍ രാഹുലിന് കഴിഞ്ഞിട്ടുണ്ട്" - പിയൂഷ് ചൗള പറഞ്ഞു നിര്‍ത്തി.
നിലവില്‍ പുരോഗമിക്കുന്ന ഏഷ്യ കപ്പിലെ (Asia Cup 2023) പ്രധാന സ്‌ക്വാഡില്‍ ഉള്‍പ്പെട്ട ഇഷാന് കെഎല്‍ രാഹുലിന്‍റെ അഭാവത്തിലാണ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ അവസരം ലഭിച്ചത്. പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യ വമ്പന്‍ തകര്‍ച്ചയെ അഭിമുഖീകരിക്കെ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് ഒപ്പം ചേര്‍ന്ന് ഇഷാന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ടീമിനെ മാന്യമായ നിലയിലേക്ക് എത്തിച്ചിരുന്നത്.
അഞ്ചാം നമ്പറില്‍ കളിക്കാനെത്തിയ താരം 81 പന്തുകളില്‍ 82 റണ്‍സെടുത്തായിരുന്നു മടങ്ങിയത്. പരിക്ക് മാറിയ കെഎല്‍ രാഹുല്‍ ടീമിനൊപ്പം ചേര്‍ന്നതോടെ ഇഷാന് വഴിമാറിക്കൊടുക്കേണ്ടി വരുമെന്നാണ് പൊതുവെ സംസാരമുള്ളത്. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ പിയൂഷ് ചൗളയുടെ പ്രതികരണം.