ലാഹോര്‍: ഇന്ത്യയില്‍ ഈ വര്‍ഷം ഏകദിന ലോകകപ്പിലെ (ODI World Cup) പങ്കാളിത്തവുമായി ബന്ധപ്പെട്ട് പുതിയ സംശയങ്ങള്‍ ഉന്നയിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (PCB) ചെയര്‍മാന്‍ നജാം സേതി (Najam Sethi). സര്‍ക്കാരിന്‍റെ അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കാന്‍ സാധിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. ഹൈബ്രിഡ് മോഡലില്‍ ഏഷ്യ കപ്പ് (Asia Cup) മത്സരങ്ങള്‍ നടത്താമെന്ന പാക് ബോര്‍ഡിന്‍റെ ആവശ്യം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ACC) അംഗീകരിച്ചതിന് പിന്നാലെയാണ് സേതിയുടെ പ്രതികരണം.
'ഇന്ത്യ-പാകിസ്ഥാന്‍ ടീമുകള്‍ ആ രാജ്യങ്ങളിലേക്ക് പോകുന്നതിനെ കുറിച്ച് ബിസിസിഐ, പിസിബി ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് സ്വമേധയ യാതൊരു തീരുമാനവും എടുക്കാന്‍ സാധിക്കില്ല. ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകളാണ് ഈ വിഷയത്തില്‍ അന്തിമ നിലപാട് സ്വീകരിക്കുന്നത്. ഇന്ത്യ പാകിസ്ഥാനിലേക്ക് വരുമൊ എന്നത് തീരുമാനിക്കുന്നത് അവരുടെ സര്‍ക്കാരാണ്. അഹമ്മദാബാദില്‍ ഞങ്ങള്‍ കളിക്കുമോ എന്ന ചോദ്യം ഞങ്ങളോട് ചോദിക്കുന്നതില്‍ യാതൊരു അര്‍ഥവുമില്ല' -വാര്‍ത്ത സമ്മേളനത്തില്‍ നജാം സേതി പറഞ്ഞു.
'സമയമാകുമ്പോള്‍ ഇതിനെല്ലാമുള്ള ഉത്തരം ലഭിക്കും. ഞങ്ങള്‍ പോകണോ വേണ്ടയോ എന്നുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന്‍റേതാണ് അന്തിമ തീരുമാനം. അതിന് അനുസരിച്ച് മാത്രമെ ഞങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനും സാധിക്കൂ. സുരക്ഷ പരിഗണനകൾ നോക്കി അനുമതി നൽകിയാൽ ഞങ്ങൾ ഇന്ത്യയിൽ കളിക്കാൻ വരുമെന്ന് ഐസിസിയോടും ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്' -പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സേതിയുടെ പ്രതികരണം അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സിലിനെയും (ICC) പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നേരത്തെ, ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് എത്തില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മത്സരങ്ങല്‍ പാകിസ്ഥാന്‍റെ ആവശ്യപ്രകാരം ഹൈബ്രിഡ് മോഡലില്‍ നടത്താമെന്ന തീരുമാനത്തിലേക്ക് എത്തിയത്.
ലോകകപ്പിന് മുന്‍പ് ഓഗസ്റ്റ് 31 മുതല്‍ സെപ്‌റ്റംബര്‍ 17 വരെയാണ് ഏഷ്യ കപ്പ് നടക്കുന്നത്. ശ്രീലങ്കയിലും പാകിസ്ഥാനിലുമായാണ് മത്സരങ്ങള്‍. ആകെ 13 മത്സരങ്ങള്‍ ഉള്ള ടൂര്‍ണമെന്‍റിലെ നാല് കളികള്‍ മാത്രമാണ് പാകിസ്ഥാനില്‍ നടക്കുക.
ഏഷ്യ കപ്പ് ഷെഡ്യൂളിന് അംഗീകരം ലഭിച്ചതിന് പിന്നാലെ ഒക്‌ടോബര്‍ നവംബര്‍ മാസങ്ങളിലായി നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന്‍ ടീം ഇന്ത്യയിലേക്കെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒക്‌ടോബര്‍ 15ന് അഹമ്മദാബാദില്‍ ഇന്ത്യ പാക് മത്സരം നടക്കുമെന്ന പ്രതീക്ഷയിലുമായിരുന്നു ആരാധകര്‍.
നേരത്തെ, ഐസിസി അധികൃതര്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ നജാം സേതിയുമായി കറാച്ചിയില്‍ വച്ച് ഒരു കൂടിക്കാഴ്‌ച നടത്തിയിരുന്നു. അന്ന്, ഏഷ്യ കപ്പിന്‍റെ നാല് മത്സരങ്ങള്‍ പാകിസ്ഥാനില്‍ നടത്തിയാല്‍ ഏകദിന ലോകകപ്പ് പങ്കാളിത്തത്തിന് തങ്ങള്‍ യതൊരു നിബന്ധനയും വയ്‌ക്കില്ലെന്നായിരുന്നു നജാം സേതി പറഞ്ഞിരുന്നത്.
Also Read : ASIA CUP 2023 | ഒടുവിൽ ഹൈബ്രിഡ് മോഡൽ തന്നെ ; ഏഷ്യ കപ്പ് വേദികൾ പ്രഖ്യാപിച്ചു, ഇന്ത്യയുടെ മത്സരം ശ്രീലങ്കയിൽ