സിഡ്‌നി : ദക്ഷിണാഫ്രിക്കക്കെതിരായ സിഡ്‌നി ടെസ്‌റ്റിന്‍റെ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തതിന് പിന്നാലെ എയറിലായി ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്. ഓപ്പണര്‍ ഉസ്‌മാന്‍ ഖവാജ 195 റണ്‍സില്‍ നില്‍ക്കെയാണ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാനുള്ള കമ്മിന്‍സിന്‍റെ തീരുമാനമുണ്ടായത്. ഇതോടെ വെറും അഞ്ച് റണ്‍സ് അകലെ ഖവാജയ്‌ക്ക് കരിയറിലെ ആദ്യ ഇരട്ടസെഞ്ച്വറി നഷ്‌ടമാവുകയും ചെയ്‌തു.
ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്‌ട്രേലിയ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 475 റണ്‍സാണ് നേടിയിരുന്നത്. ഖവാജയും അഞ്ച് റണ്‍സുമായി മാറ്റ് റെന്‍ഷായുമായിരുന്നു ക്രീസില്‍. മൂന്നാം ദിനം പൂര്‍ണമായും മഴയെടുത്തതോടെ നാലാം ദിനം കളി തുടങ്ങിയപ്പോള്‍ തന്നെ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
ഡബിള്‍ സെഞ്ച്വറി നേടാന്‍ കഴിയാതിരുന്നാല്‍ അത് നിരാശജനകമാകുമെന്ന് ഖവാജ മൂന്നാം ദിനം തന്നെ വ്യക്തമാക്കിയിരുന്നു. ആദ്യ രണ്ട് ടെസ്റ്റും ജയിച്ച ഓസ്ട്രേലിയ മൂന്ന് മത്സര പരമ്പര സ്വന്തമാക്കിയിരുന്നതിനാല്‍ ഈ കളിയുടെ ഫലം അപ്രധാനമായിരുന്നു. ഇതോടെ കമ്മിന്‍സിനെതിരെ നിരവധി ആരാധകരാണ് രംഗത്തെത്തിയത്.
Also read: ഉമ്രാന്‍ അടിവാങ്ങുന്നത് എന്തുകൊണ്ട് ? ; കാരണം ചൂണ്ടിക്കാട്ടി സല്‍മാന്‍ ബട്ട്
ഓസീസ് ക്യാപ്റ്റന്‍റെ പ്രവൃത്തി ഖവാജയോടുള്ള അനീതിയാണെന്നാണ് ആരാധക പക്ഷം. ഖവാജയുടെ സ്ഥാനത്ത് സ്റ്റീവ് സ്മിത്തോ മറ്റോ ആയിരുന്നെങ്കില്‍ കമ്മിന്‍സ് ഇതിന് തയ്യാറാകുമായിരുന്നോയെന്നും ചോദ്യം ഉയരുന്നുണ്ട്. അതേസമയം നാലാം ദിനം മത്സരം അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 149 റണ്‍സ് എന്ന നിലയിലാണ് പ്രോട്ടീസ്.