മുംബൈ: ടി20 ലോകകപ്പില്‍ വിരാട് കോലിയെ ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനത്തേക്ക് പിന്തുണച്ച് മുന്‍ താരം പാർഥിവ് പട്ടേൽ. രോഹിത്ത് ശര്‍മയ്‌ക്കൊപ്പം വിരാട് കോലി ഓപ്പണറായെത്തുന്നത് ടീമിന് ശരിയായ ബാലന്‍സ് നല്‍കുമെന്ന് പാർഥിവ് പട്ടേൽ പറഞ്ഞു. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടാണ് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ പ്രതികരണം.
രോഹിത് ശര്‍മയ്‌ക്കും വിരാട് കോലിക്കും വ്യത്യസ്‌ത ബാറ്റിങ് സമീപനമാണെന്നും പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു. "ഇത് വളരെ വ്യക്തമാണ്. ഏഷ്യ കപ്പിൽ കോലിക്ക് ഓപ്പണറാവാമെങ്കില്‍ ടി20 ലോകകപ്പിലും അദ്ദേഹത്തിന് ഓപ്പണറാവാം. അത് ടീമിന് ശരിയായ ബാലൻസ് നൽകുന്നതാണ്.
അവർ (കോലിയും രോഹിത്തും) രണ്ടുപേരും വ്യത്യസ്‌ത ശൈലിയുള്ള കളിക്കാരാണ്. ഒരാൾക്ക് തുടക്കം മുതൽ വളരെ ആക്രമണാത്മകമായി കളിക്കാന്‍ കളിയും. വിടവുകൾ കണ്ടെത്തി ബൗണ്ടറികൾ നേടാന്‍ കഴിയുന്ന താരമാണ് കോലി.
രോഹിതിനും കോലിക്കും ആദ്യ ആറ് ഓവർ കളിക്കാനായാൽ ഓസ്‌ട്രേലിയൻ സാഹചര്യങ്ങളിൽ പോലും അവർ ഇന്ത്യയെ അൻപത് കടത്തുമെന്നതില്‍ യാതൊരു സംശയവുമില്ല" പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു. ഓസ്‌ട്രേലിയൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററാണ് കോലിയെന്നും പാര്‍ഥിവ് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
ഏഷ്യ കപ്പ് ക്രിക്കറ്റില്‍ അഫ്‌ഗാനെതിരെ ഓപ്പണറായത്തിയ വിരാട് കോലി സെഞ്ച്വറി നേടിയിരുന്നു. 61 പന്തില്‍ 122 റണ്‍സടിച്ച താരം പുറത്താവാതെ നിന്നു. ടി20 ഫോര്‍മാറ്റില്‍ കോലിയുടെ ആദ്യ സെഞ്ച്വറിയായിരുന്നുവിത്. ഇതിന് പിന്നാലെ ടി20 ലോകകപ്പില്‍ കോലിയെ ഓപ്പണറാക്കണമെന്ന് ആവശ്യപ്പെട്ട് നിവരധി മുന്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു.