കൊളംബോ : ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരി പാകിസ്ഥാൻ. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം മത്സരത്തിൽ ഇന്നിങ്‌സിനും 222 റണ്‍സിനുമായിരുന്നു പാകിസ്ഥാന്‍റെ ജയം. ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്കയെ 166 റണ്‍സിനൊതുക്കി മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ ഒന്നാം ഇന്നിങ്‌സിൽ 576 റണ്‍സ് നേടിയിരുന്നു. തുടർന്ന് രണ്ടാം ഇന്നിങ്‌സിൽ ശ്രീലങ്കയെ 188 റണ്‍സിന് ചുരുട്ടിക്കൂട്ടിയാണ് പാകിസ്ഥാൻ കൂറ്റൻ ജയം സ്വന്തമാക്കിയത്. സ്‌കോർ : ശ്രീലങ്ക 166, 188 & പാകിസ്ഥാന്‍: 576/5 ഡിക്ലയർ
സ്വന്തം മണ്ണിൽ ശ്രീലങ്ക നേരിടുന്ന ഏറ്റവും വലിയ ടെസ്റ്റ് പരാജയമാണിത്. ജയത്തോടെ ശ്രീലങ്കയിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് പരമ്പരകൾ നേടുന്ന ടീം എന്ന റെക്കോഡും പാകിസ്ഥാൻ സ്വന്തമാക്കി. ഏഴ് വിക്കറ്റ് നേടിയ നൊമാൻ അലിയാണ് ശ്രീലങ്കയെ രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍ത്തെറിഞ്ഞത്. അബ്‌ദുള്ള ഷെഫീഖ് (201), സൽമാൻ അലി അഗ (132) എന്നിവരുടെ ഇന്നിങ്‌സാണ് പാകിസ്ഥാനെ കൂറ്റന്‍ സ്‌കോറിലേക്ക് എത്തിച്ചത്.
രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്‌ക്ക് പാകിസ്ഥാനെ വീണ്ടും ബാറ്റിങ്ങിനയക്കാൻ 388 റണ്‍സിൽ കൂടുതൽ വേണമായിരുന്നു. എന്നാൽ ശ്രീലങ്കയുടെ ഇന്നിങ്‌സ് 188 റണ്‍സിന് ഒതുങ്ങുകയായിരുന്നു. 63 റണ്‍സ് നേടിയ എയ്‌ഞ്ചലോ മാത്യൂസിന് മാത്രമേ രണ്ടാം ഇന്നിങ്‌സിൽ ശ്രീലങ്കൻ നിരയിൽ പിടിച്ച് നിൽക്കാനായുള്ളു.
41 റണ്‍സുമായി നായകൻ ദിമുത് കരുണരത്‌നെയും 33 റണ്‍സുമായി നിഷാൻ മധുഷകയും ചെറിയ രീതിയിൽ ചെറുത്ത് നിൽപ്പ് നടത്തി. കുശാൽ മെൻഡിസ് (14), ധനൻജയ ഡി സിൽവ (10), രമേഷ് മെൻഡിസ് (16) എന്നിവരാണ് പാകിസ്ഥാൻ നിരയിൽ രണ്ടക്കം കടന്ന മറ്റ് താരങ്ങൾ. പാകിസ്ഥാനായി നൊമാൻ അലിയെക്കൂടാതെ നസീം ഷാ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
326 പന്തുകളിൽ നിന്ന് ആറ് സിക്‌സിന്‍റെയും 19 ഫോറിന്‍റെയും അകമ്പടിയോടെയാണ് അബ്ദുള്ള ഷെഫീഖ് ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയത്. 154 പന്തുകളിൽ നിന്ന് ഒരു സിക്‌സിന്‍റെയും 15 ഫോറിന്‍റെയും പിൻബലത്തിലാണ് സൽമാൻ അലി അഗ 132 റണ്‍സ് നേടിയത്. ഇവരെക്കൂടാതെ ഷാൻ മസൂദ് (51), സൗദ് ഷക്കീൽ (57) എന്നിവരുടെ അർധ സെഞ്ച്വറിയും പാകിസ്ഥാന്‍റെ സ്‌കോർ ഉയർത്തുന്നതിൽ നിർണായകമായി.
ആദ്യ ടെസ്റ്റിലും തകർപ്പൻ ജയം : ആദ്യ ടെസ്റ്റിൽ നാല് വിക്കറ്റിന്‍റെ ജയമാണ് പാകിസ്ഥാൻ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സിൽ ശ്രീലങ്കയുടെ 133 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാകിസ്ഥാൻ ആറ് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക ഒന്നാം ഇന്നിങ്‌സിൽ 312 റണ്‍സിന് ഓൾഔട്ട് ആയി.
122 റണ്‍സ് നേടിയ ധനഞ്ജയ ഡി സിൽവയുടെ മികവിലാണ് ശ്രീലങ്ക മോശമല്ലാത്ത സ്‌കോറിലേക്ക് എത്തിയത്. തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍റെ ഇന്നിങ്‌സ് 461 റണ്‍സിൽ അവസാനിച്ചു. 208 റണ്‍സുമായി തിളങ്ങിയ സൗദ് ഷക്കീലിന്‍റെ ബാറ്റിങ് മികവിൽ ഒന്നാം ഇന്നിങ്‌സിൽ പാകിസ്ഥാൻ 149 റണ്‍സിന്‍റെ ലീഡും സ്വന്തമാക്കി.
തുടർന്ന് രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങിനിറങ്ങിയ ശ്രീലങ്ക 279 റണ്‍സിന് ഓൾഔട്ട് ആയി. ഇതോടെ 131 റണ്‍സായ വിജയ ലക്ഷ്യം ആറ് വിക്കറ്റ് നഷ്‌ടത്തിൽ പാകിസ്ഥാൻ മറികടക്കുകയായിരുന്നു. സ്‌കോർ : ശ്രീലങ്ക 312, 279 & പാകിസ്ഥാൻ 461, 133/6