കൊളംബോ: ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിന്‍റെ സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാകിസ്ഥാന്‍ (India vs Pakistan) മത്സരത്തിന്‍റെ റിസര്‍വ് ഡേയിലും മഴക്കളി. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ രാവിലെ തൊട്ട് മഴ പെയ്യുന്നുണ്ടായിരുന്നു. ഇടയ്‌ക്ക് മാറി നിന്ന മഴ മത്സരം പുനരാരംഭിക്കാന്‍ മിനിട്ടുകള്‍ ബാക്കി നില്‍ക്കെ വീണ്ടും എത്തുകയായിരുന്നു.
ഇതോടെ ഗ്രൗണ്ട് മൊത്തം വീണ്ടും മൂടേണ്ടി വന്നു (Asia Cup 2023 Pakistan vs India Weather Updates). കാലാവസ്ഥ പ്രവചനം അനുസരിച്ച് കൊളംബോയില്‍ രാവിലെ 100 ശതമാനമായിരുന്നു മഴയുടെ സാധ്യത. ഉച്ച തിരിഞ്ഞ് ഇതു 97 ശതമാനമായും കുറയും. വൈകുന്നേരമാകുമ്പോള്‍ 80 ശതമാനമാണ് മഴയ്‌ക്ക് സാധ്യത നിലനില്‍ക്കുന്നത്.
ഏകദിനമായതിനാല്‍ ഇരുടീമുകള്‍ക്കും കുറഞ്ഞത് 20 ഓവര്‍ വീതം ലഭിച്ചെങ്കില്‍ മാത്രമേ മത്സരത്തിന് ഫലമുണ്ടാവൂ. അതിനായില്ലെങ്കില്‍ മത്സരം ഉപേക്ഷിക്കേണ്ടി വന്നേക്കും. ഇന്നലെ പൂര്‍ത്തിയാവേണ്ട മത്സരം മഴ തടസപ്പെടുത്തിയതോടെയാണ് റിസര്‍വ് ഡേ ആയ ഇന്നത്തേക്ക് മറ്റിയത്.
മഴ കളി മുടക്കുമ്പോള്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ 24.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 147 എന്ന നിലയിലായിരുന്നു. വിരാട് കോലി (16 പന്തുകളില്‍ 8), കെഎല്‍ രാഹുല്‍ (28 പന്തുകളില്‍ 17) എന്നിവരാണ് ക്രീസിലുണ്ടായിരുന്നത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (49 പന്തുകളില്‍ 56), ശുഭ്‌മാന്‍ ഗില്‍ (52 പന്തുകളില്‍ 58) എന്നിവരുടെ വിക്കറ്റുകളായിരുന്നു ഇന്ത്യക്ക് നഷ്‌ടമായത്.
ALSO READ: Shoaib Akhtar Took Jibe At Babar Azam 'പാകിസ്ഥാനെ രക്ഷിച്ചത് മഴ'; ബാബറിനെ പരിഹസിച്ച് ഷൊയ്‌ബ് അക്തര്‍
ഇന്ത്യ പ്ലേയിങ് ഇലവന്‍ (India Playing XI against Pakistan): ശുഭ്‌മാന്‍ ഗില്‍, രോഹിത് ശര്‍മ (ക്യാപ്‌റ്റൻ), വിരാട് കോലി, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
പാകിസ്ഥാന്‍ പ്ലേയിങ് ഇലവന്‍ (Pakistan Playing XI against India): ഇമാം ഉള്‍ ഹഖ്,ഫഖർ സമാൻ, ബാബർ അസം(ക്യാപ്റ്റന്‍), മുഹമ്മദ് റിസ്‌വാന്‍ (വിക്കറ്റ് കീപ്പര്‍), ഇഫ്‌ത്തിഖര്‍ അഹമ്മദ്, ആഗ സല്‍മാന്‍, ഷദാബ് ഖാന്‍, ഷഹീൻ ഷാ അഫ്രീദി, ഫഹീം അഷ്‌റഫ്, നസീം ഷാ, ഹാരിസ് റൗഫ്.