ദുബായ്: റാവല്‍പിണ്ടി ടെസ്റ്റില്‍ റണ്‍മല താണ്ടാനാവാതെയാണ് പാകിസ്ഥാന്‍ ഇംഗ്ലണ്ടിന് മുന്നില്‍ കീഴടങ്ങിയത്. മത്സരത്തില്‍ പാകിസ്ഥാന്‍റെ തോല്‍വി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഇന്ത്യയ്‌ക്ക് മുന്നേറാനുള്ള വഴിയൊരുക്കുകയാണ്. നിലവിലെ പോയിന്‍റ് പട്ടികയില്‍ ഇന്ത്യ നാലാമതും പാക്കിസ്ഥാന്‍ അഞ്ചാമതുമാണ്. ഓസ്‌ട്രേലിയയാണ് ഒന്നാമത്.
ഇംഗ്ലണ്ടിനെതിരായ തോല്‍വിയോടെ പോയിന്‍റ് ടേബിളില്‍ അദ്യ രണ്ട് സ്ഥാനമെന്ന പാക് പ്രതീക്ഷയ്‌ക്ക് മങ്ങലേറ്റിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെ പുരോഗമിക്കുന്ന മൂന്ന് മത്സര പരമ്പരയ്‌ക്ക് പുറമെ ന്യൂസിലന്‍ഡിനെതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് പാകിസ്ഥാന് ഇനി ബാക്കിയുള്ളത്.
ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റും ഓസ്ട്രേലിയക്കെതിരെ നാലു ടെസ്റ്റുകളുമാണ് കളിക്കാനുള്ളത്. ബംഗ്ലാദേശിനെതിരായ പരമ്പര തൂത്തുവാരുകയും ഓസ്ട്രേലിയക്കെതിരെ ഒന്നില്‍ കൂടുതല്‍ മത്സരങ്ങളില്‍ തോല്‍ക്കാതിരിക്കുകയും ചെയ്‌താല്‍ പോയിന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനത്തെത്താന്‍ ഇന്ത്യയ്‌ക്ക് കഴിയും.
ഒന്നാം സ്ഥാനത്തുള്ള ഓസീസിന് നിലവില്‍ പുരോഗമിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര തൂത്തുവാരുകയും തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മൂന്ന് മത്സര പരമ്പരയയില്‍ രണ്ടെണ്ണം വിജയിക്കുകയും ചെയ്‌താല്‍ ഫൈനലുറപ്പിക്കാം.
നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്‌ക്കും മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കയ്‌ക്കും ഓരോ പരമ്പരകള്‍ വീതമാണ് ബാക്കിയുള്ളത്. പ്രോട്ടീസ് ഓസീസിനെതിരെ കളിക്കുമ്പോള്‍ ശ്രീലങ്കയ്‌ക്ക് ന്യൂസിലന്‍ഡാണ് എതിരാളി. ഈ മത്സരത്തിന്‍റെ ഫലം നിര്‍ണായകമാണെങ്കിലും എവേ പരമ്പരയാണ് ഇരു ടീമുകളും കളിക്കുന്നതെന്നത് ഇന്ത്യയുടെ സാധ്യത വര്‍ധിപ്പിക്കുന്നു.