ലാഹോര്‍ : സാമ്പത്തിക രാഷ്‌ട്രീയ പ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കയില്‍ പര്യടനത്തിനൊരുങ്ങി പാകിസ്ഥാന്‍. ഓഗസ്റ്റില്‍ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ലങ്കയില്‍ കളിക്കുക. ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായാണ് പരമ്പര.
മൂന്ന് ഏകദിനങ്ങള്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്‍റെ അഭ്യർഥന പ്രകാരം ഇവ റദ്ദാക്കുകയായിരുന്നു. ലങ്ക പ്രീമിയർ ലീഗ് ഷെഡ്യൂൾ ചെയ്യുന്നതിനായാണ് ഏകദിനങ്ങൾ റദ്ദാക്കാൻ ശ്രീലങ്ക അഭ്യര്‍ഥിച്ചതെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഡയറക്ടർ പറഞ്ഞു.
പര്യടനത്തിന്‍റെ അവസാന ഷെഡ്യൂൾ ഉടൻ അറിയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് വൈദ്യുതി ക്ഷാമം നിലനിൽക്കുന്നതിനാൽ, പകൽ - രാത്രി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതുള്‍പ്പടെ പ്രയാസകരമാണ്. ഈ വർഷാവസാനം ശ്രീലങ്കയില്‍ പര്യടനം നടത്താനിരിക്കുന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയയും സ്ഥിതിഗതികൾ പരിശോധിക്കുന്നുണ്ട്.
രണ്ട് ടെസ്റ്റുകൾ, അഞ്ച് ഏകദിനങ്ങൾ, മൂന്ന് ടി20 എന്നിവയാണ് ഓസീസിന്‍റെ ലങ്കന്‍ പര്യടനത്തിലുണ്ടാവുക. അതേസമയം ആഗസ്റ്റില്‍ രാജ്യത്ത് നടക്കാനിരിക്കുന്ന ഏഷ്യ കപ്പിന്‍റെ വിജയകരമായ നടത്തിപ്പിനെച്ചൊല്ലി വിവിധ കോണുകളില്‍ നിന്നും ആശങ്ക ഉയരുന്നുണ്ട്.
ടി20 ഫോര്‍മാറ്റില്‍ ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെയാണ് ടൂര്‍ണമെന്‍റ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ 70 വർഷത്തിനിടെയുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ദ്വീപ് രാഷ്ട്രം നേരിടുന്നത്. നിലവില്‍ ഭക്ഷണം, ഇന്ധനം, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ കടുത്ത ക്ഷാമം നേരിടുകയാണ് ലങ്ക.